പഴയ കെട്ടിടങ്ങള്‍ക്ക് വാടക കൂട്ടാനാകില്ല; ദുബൈ റെന്റല്‍ ഇന്‍ഡക്‌സില്‍ പ്രവാസികള്‍ക്ക് ആശ്വസിക്കാം

ദുബൈ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സമാര്‍ട്ട് റെന്റല്‍ ഇന്‍ഡക്‌സില്‍ പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. താമസിക്കുന്നത് പഴയ കെട്ടിടത്തിലാണെങ്കില്‍ വാടക വര്‍ധിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് അനുമതിയില്ല എന്നതാണ് റെന്റല്‍ ഇന്‍ഡക്‌സിലെ പ്രധാന നിബന്ധനകളിലൊന്ന്. പഴയ കെട്ടിടങ്ങള്‍ പുതുക്കി പണിതാല്‍ മാത്രമേ ഉടമകള്‍ക്ക് വാടക വര്‍ധിപ്പിക്കാന്‍ കഴിയൂ. പുതുവര്‍ഷത്തില്‍ നിലവില്‍ വന്ന റെന്റല്‍ ഇന്‍ഡക്‌സ് ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വില നിര്‍ണയത്തില്‍ പ്രധാന പങ്കാണ് വഹിക്കുക. വിവിധ തലങ്ങളിലുള്ള അപ്പാര്‍ട്‌മെന്റുകളുടെ വാടക, പുതിയ വില്ലകളുടെ വില തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ഇന്‍ഡക്‌സ് വഴി ജനങ്ങള്‍ക്ക് അറിയാനാകും. ദുബൈ ലാന്റ് ഡിപാര്‍ട്‌മെന്റിന്റെ www.dubailand.gov.ae/en എന്ന വെബ് സൈറ്റ് വഴി ഓരോ മേഖലയിലെയും കെട്ടിടങ്ങളുടെ വാടക അറിയാനാകും.

കെട്ടിടങ്ങള്‍ക്ക് സ്റ്റാര്‍ പദവി

നഗരത്തിലെ താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്ന രീതിയിലാണ് പുതിയ ഇന്‍ഡക്‌സ് ക്രമീകരിച്ചിരിക്കുന്നത്. വണ്‍ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയാണ് പദവികള്‍. ഇതില്‍ ഫൈവ് സ്റ്റാര്‍ പദവിയുള്ള കെട്ടിടങ്ങള്‍ക്ക് അവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് 20 ശതമാനം വരെ വാടക വര്‍ധിപ്പിക്കാനാകും. സ്റ്റാര്‍ പദവി കുറയുന്നതിനനുസരിച്ച് വാടക വര്‍ധനവിന്റെ നിരക്കുകളില്‍ കുറവുണ്ട്. പഴയ കെട്ടിടങ്ങളാണ് വണ്‍ സ്റ്റാര്‍ പദവിയില്‍ വരുന്നത്. ഇവക്ക് വാടക വര്‍ധിപ്പിക്കാനാവില്ല. കെട്ടിടം നവീകരിച്ച ശേഷം ഉയര്‍ന്ന പദവിയിലേക്ക് മാറുന്നതിനനുസരിച്ചാണ് വാടകയില്‍ വര്‍ധന. പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ നിബന്ധന ആശ്വാസമാകും. ലാന്റ് ഡിപാര്‍ട്‌മെന്റിന്റെ എഞ്ചിനിയറിംഗ് വിഭാഗമാണ് കെട്ടിടങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നത്.

പുതിയ പ്രൊജക്ടുകള്‍ക്ക് വഴിയൊരുക്കും

എല്ലാ കെട്ടിടങ്ങള്‍ക്കും വാടക കൂട്ടാന്‍ അനുമതി നല്‍കാത്തത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിരാശയുണ്ടാക്കുന്നുണ്ട്. അതേസമയം, സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്‌സ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ പ്രൊജക്ടുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് ദുബൈ സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. പഴയ കെട്ടിടങ്ങള്‍ക്ക് വാടക കൂടുതല്‍ ലഭിക്കില്ലെന്ന് വരുന്നതോടെ ഇവ പുതുക്കി പണിയാനോ നവീകരിക്കാനോ ഉടമകള്‍ തയ്യാറാകും. ഇതോടെ ഏതാനും വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്ക് വാടക കൂട്ടാനാകും. മാത്രമല്ല, ഈ കെട്ടിങ്ങളില്‍ നിന്ന് താമസക്കാര്‍ക്ക് കൂടിയ സ്റ്റാര്‍ പദവിയുള്ള കെട്ടിടങ്ങളിലേക്ക് മാറേണ്ടി വരും. ഇത് കെട്ടിടങ്ങള്‍ക്ക് ഡിമാന്റ് കൂട്ടും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ ചലനങ്ങളുണ്ടാക്കാന്‍ പുതിയ ഇന്‍ഡക്‌സ് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles
Next Story
Videos
Share it