പ്രതിസന്ധി രൂക്ഷം; ചൈനയില്‍ ഇപ്പോള്‍ തണ്ണിമത്തന്‍ കൊടുത്താലും വീട് വാങ്ങാം

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ആസാധാരണ നടപടികളുമായി ചൈനയിലെ ബില്‍ഡര്‍മാര്‍. കര്‍ഷകരെ ആകര്‍ഷിക്കാനായി പണത്തിന് പകരം ബില്‍ഡര്‍മാര്‍ തണ്ണിമത്തനും പീച്ചൂം മറ്റ് പച്ചക്കറികളുമൊക്കെ സ്വീകരിക്കുകയാണ്. ചൈനീസ് സ്റ്റേറ്റ് മീഡിയ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രോജക്ടിന്റെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് മേഖലയ്ക്ക് തിരിച്ചടിയായത്. പല റിയല്‍ എസ്റ്റേറ്റ് കമ്പനികളും കടക്കെണിയില്‍ ആയതോടെയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. ഈ സാഹചര്യത്തിലാണ് ബില്‍ഡര്‍മാര്‍ പണത്തിന് പകരം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. നാന്‍ജിങ് സിറ്റിയിലെ ഒരു കമ്പനി ഡൗണ്‍പെയ്‌മെന്റായി 100,000 യുവാനിന് തുല്യമായ തണ്ണിമത്തന്‍ സ്വീകരിക്കുന്നുണ്ട് എന്നാണ് ചൈന ന്യൂസ് വീക്ക്‌ലി റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയിലെ ചില പ്രവിശ്യകളില്‍ (Qi county) വെളുത്തുള്ളി സീസണിനോട് അനുബന്ധിച്ച് കര്‍ഷകര്‍ക്ക് പ്രത്യേക ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ച റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വരെയുണ്ട്. വിപണി വിലയെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് പല ബില്‍ഡര്‍മാരും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. ചൈനയിലെ പാര്‍പ്പിട വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31.5 ശതമാനത്തോളം ആണ് 2022ല്‍ ഇടിഞ്ഞത്.

Related Articles

Next Story

Videos

Share it