ആഗോള റബ്ബർ ഉൽപാദനത്തിൽ 9% ഇടിവ്, വില ഉയരാൻ സാധ്യത

കാലാവസ്ഥാ പ്രശ്നങ്ങൾ, ഇല രോഗങ്ങൾ എന്നിവ മൂലം 2020-ൽ ലോക പ്രകൃതിദത്ത റബ്ബറിന്റെ ഉൽ‌പാദനം മുൻ വർഷത്തെ അപേക്ഷിച്ച് ഒൻപതു ശതമാനം ഇടിയുമെന്നു അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർ പ്രൊഡ്യൂസിങ് കൺട്രിസ് (ANRPC) കണക്കാക്കുന്നു. ഈ വർഷത്തെ ഉൽ‌പാദനം 304,000 ടൺ കുറഞ്ഞു 125.97 ലക്ഷം ടൺ മാത്രമായിരിക്കുമെന്നു ANRPC പുറത്തുവിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ചൈനയിലും ഇന്ത്യയിലും കഴിഞ്ഞ ഏതാനും മാസങ്ങളിലായി വ്യാവസായിക രംഗത്തുണ്ടായ ഉണർവ് മൂലം പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം കൂടുകയാണ്. ഇതുമൂലം റബ്ബറിന്റെ വില കൂടാൻ സാധ്യതയുണ്ട്. പക്ഷെ കോവിട് മൂലം യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ മാന്ദ്യവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാവസായിക രംഗത്തെ ശീതസമരവും തുടർന്നാൽ ഈ സാധ്യതകൾക്ക് മങ്ങലേറ്റെക്കാം.

ANRPC വിവിധ റബ്ബർ ഉൽ‌പാദന രാജ്യങ്ങളിൽ നടത്തിയ പുനരവലോകനങ്ങളിൽ ഏറ്റവും അധികം ഉൽ‌പാദനം കുറയുന്ന രാജ്യം തായ്‌ലൻഡ് ആയിരിക്കും എന്ന് കരുതുന്നു. ഇവിടെ മാത്രം 2.39 ലക്ഷം ടൺ ഉൽ‌പാദനം കുറയും എന്നാണ് കണക്കുകൾ. ലോകത്തു ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്നത് തായ്‌ലൻഡ് ആണ്. ഇൻഡോനേഷ്യ, വിയറ്റ്നാം, ചൈന, ഇന്ത്യ, മലേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളാണ് രണ്ടു മുതൽ ഏഴു വരെയുള്ള സ്ഥാനങ്ങളിൽ.

പുതുക്കിയ കണക്കുകൾ അനുസരിച്ച്, 2020 ൽ തായ്‌ലൻഡ് 42.39 ലക്ഷം ടൺ മാത്രമേ ഉത്പാദിപ്പിക്കുകയുള്ളു.
തെക്കൻ തായ്‌ലൻഡിൽ കുറഞ്ഞത് 12 പ്രവിശ്യകളെങ്കിലും Colletotrichum sp എന്ന ഒരു ഫംഗസ് ഇല രോഗം റബ്ബർ മരങ്ങളുടെ വിളവെടുപ്പിനെ ഗണ്യമായി ബാധിച്ചതായി കാണുന്നു.

റിപ്പോർട്ട് ചെയ്ത കണക്കനുസരിച്ച് ഏകദേശം 1,50,000 ഹെക്ടർ ഭൂമി ഇതിനകം ബാധിച്ചിട്ടുണ്ട്. സാരമായി ബാധിച്ച മരങ്ങളിൽ നിന്നുള്ള വിളവിൽ കർഷകർ 50% വരെ നഷ്ടം രേഖപ്പെടുത്തി. മുൻ വർഷത്തെ ഫംഗസ് ആക്രമണത്തിന്റെ തുടർച്ചയാണ് ഇത്.

പതിവ് രീതി അനുസരിച്ച്, തെക്കൻ തായ്‌ലൻഡിലെ കർഷകർ ജനുവരി രണ്ടാം പകുതിയിൽ ശീതകാലം ആരംഭിക്കുന്നതോടുകൂടി ടാപ്പിംഗ് നിർത്തിവയ്ക്കാറുണ്ട്. എന്നാൽ രോഗബാധയെ തുടർന്ന് ഇത്തവണ നവംബറിൽ തന്നെ ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്.

തായ്‌ലൻഡിലെ റബ്ബർ വളരുന്ന നിരവധി പ്രവിശ്യകളിൽ ആവർത്തിച്ചുള്ള കൊടുങ്കാറ്റും വെള്ളപ്പൊക്കവും . ഒക്ടോബർ, നവംബർ മാസങ്ങളിൽ വിളവെടുപ്പിനെ തടസ്സപ്പെടുത്തി. കൂടാതെ ധാരാളം റബ്ബർ മരങ്ങൾ നശിക്കുകയും ചെയ്തു.

തായ്‌ലൻഡിലെ റബ്ബർ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്ന മറ്റൊരു പ്രധാന ഘടകം വിദഗ്ധ തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമമാണ്. കോവിടിന്റെ ഭാഗമായി അതിർത്തി കടന്നുള്ള യാത്രാ നിയന്ത്രണങ്ങൾ തൊഴിൽ മേഖലയെ സാരമായി ബാധിച്ചു.

ഇന്തോനേഷ്യയിൽ ഈ വർഷത്തെ ആദ്യ 10 മാസങ്ങളിൽ (ജനുവരി-ഒക്ടോബർ) 12.1 ശതമാനം ഉൽപാദന ഇടിവ് രേഖപ്പെടുത്തി. പ്രധാനമായും 0.4 ദശലക്ഷം ഹെക്ടറിനെ ബാധിച്ച ഫംഗസ് ഇല രോഗമാണ് ഇതിനു കാരണം.

വിയറ്റ്നാമിലും കംബോഡിയയിലും ആവർത്തിച്ചുള്ള കൊടുങ്കാറ്റുകൾ കൂടാതെ ഇരു രാജ്യങ്ങളിലെയും റബ്ബർ വളരുന്ന നിരവധി പ്രവിശ്യകളിൽ ഒക്ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കം വിളവെടുപ്പിനെ ബാധിച്ചു. വിളവെടുപ്പ് തടസ്സപ്പെടുത്തുന്നതിനു പുറമേ, വിയറ്റ്നാമിലെ ചുഴലിക്കാറ്റും ധാരാളം നാശനഷ്ടങ്ങൾ വരുത്തി.

വെള്ളപ്പൊക്കം ഗ്രാമീണ റോഡുകളുടെ ശൃംഖലയെ തകർത്തതിനാൽ പ്രോസസ്സിംഗ് ഫാക്ടറികൾക്ക് കൃഷിക്കാരിൽ നിന്ന് ലാറ്റക്സ് വാങ്ങി കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ട് നേരിട്ടു. വിയറ്റ്നാമിലെ ഉത്പാദനം 2020 ഒക്‌ടോബർ-നവംബർ കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ചു 17.6 ശതമാനം ഇടിഞ്ഞു.
.
ചൈനയുടെ കാര്യത്തിൽ, ജനുവരി മുതൽ ഒക്ടോബർ വരെ ഉൽപാദനം മുൻ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 21.5 ശതമാനം കുറഞ്ഞുവെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതനുസരിച്ചു 2020 ലെ ഉൽപാദനം 6,93,000 ടണ്ണായി കുറയും എന്ന് കരുതുന്നു.

ഒക്ടോബർ 2 നും ഒക്ടോബർ 18 നും ഇടയിൽ രാജ്യത്തെ പരമ്പരാഗത റബ്ബർ വളരുന്ന ഹൈനാൻ പ്രവിശ്യയിലുണ്ടായ ആവർത്തിച്ചുള്ള ചുഴലിക്കാറ്റ് സ്ഥിതി കൂടുതൽ വഷളാക്കി. മാസത്തിൽ ഏകദേശം 15 ദിവസത്തേക്ക് ടാപ്പിംഗ് തടസ്സപ്പെട്ടു.

ചൈനയിൽ ആഭ്യന്തര ഉൽ‌പാദനത്തിൽ കുറവുണ്ടായത് മൂലം ഉയർന്ന വില വാഗ്ദാനം ചെയ്ത് ലാറ്റക്സ് വാങ്ങാൻ രാജ്യത്തെ ഫാക്ടറികൾ തയ്യറാവുന്നുണ്ട്.

മലേഷ്യയിൽ, തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം ഉൽപാദന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്കു മലേഷ്യയിൽ തിരിച്ചെത്തി ജോലി പുനരാരംഭിക്കുന്നതിലെ തടസ്സവും കാലാനുസൃതമല്ലാത്ത മഴയും രാജ്യത്തെ റബ്ബർ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ ഉത്തര മലേഷ്യയിലെ ഏതാണ്ട് 19,000 ഹെക്ടർ റബ്ബറിനെ ഫംഗസ് രോഗം ബാധിച്ചിട്ടുണ്ട്.

ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, മ്യാൻമർ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ 2021-ലെ പ്രവചനങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തു വിട്ടിട്ടില്ല. അതത് രാജ്യങ്ങളിലെ നടീൽ പ്രവണതകളെയും കൃഷിഭൂമി വികസന ഡേറ്റയെയും അടിസ്ഥാനമാക്കിയാണ് ANRPC ഇപ്പോൾ നടത്തിയിരിക്കുന്ന പ്രവചനം.

2020 ഒക്ടോബറിൽ പ്രകൃതിദത്ത റബ്ബറിന്റെ വില കുത്തനെ വീണ്ടെടുത്തിട്ടും കാലാവസ്ഥാ ഘടകങ്ങളും ഫംഗസ് രോഗവും മൂലം മലേഷ്യ, തായ്‌ലൻഡ്, ചൈന എന്നി രാജ്യങ്ങളിലെ കർഷകർക്ക് ധാരാളം വിളവെടുപ്പ് ദിവസങ്ങൾ നഷ്ടമായി.

2020 നവംബറിലെ ലോക ഉൽ‌പാദനം കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ചു 11.6 ശതമാനം കുറയുമെന്ന് ANRPC റിപ്പോർട്ട് പറയുന്നു. 2020 ഡിസംബറിൽ 10.1% കുറവും പ്രതീക്ഷിക്കുന്നു.

എന്നാൽ ഇന്ത്യയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഉൽ‌പാദനം കൂടുകയാണെന്നു റബ്ബർ ബോർഡ് വൃത്തങ്ങൾ പറഞ്ഞു. റബ്ബർ വിലയിൽ ഉണ്ടായ വർധനവ് ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. കൂടാതെ തായ്‌ലൻഡിൽ പടർന്നു പിടിച്ച ഫംഗസ് രോഗം ഇവിടെ കാര്യമായി ബാധിച്ചിട്ടില്ല. ഏകദേശം 300 ഹെക്ടർ പ്രദേശത്തു മാത്രമാണ് ഈ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റബ്ബർ ബോർഡിൻറെ കണക്കനുസരിച്ചു 2020 ഒക്ടോബറിൽ ഉത്പാദനം 75,000 ടൺ ആയിരുന്നു. 2019 ഒക്ടോബറിൽ ഇത് 65,000 ടൺ മാത്രമായിരുന്നു. 2.5 ലക്ഷം ഹെക്ടർ സ്ഥലത്തു ഈ വർഷം റെയിൻ ഗാർഡുകൾ ഇട്ടതായാണ് ബോർഡിൻറെ കണക്ക്. കഴിഞ്ഞ വർഷം ഇത് 2.1 ലക്ഷം ഹെക്ടർ സ്ഥലത്തു മാത്രമായിരുന്നു.

2021-ൽ പ്രകൃതിദത്ത റബ്ബറിന്റെ ലോക ഉൽ‌പാദനം 136.78 ലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പ്രതീക്ഷിച്ച 8.6% വളർച്ച നേടിയാലും, 2021 ലെ ഉൽ‌പാദനം 2019 ലും (138.41 ലക്ഷം ടൺ) 2018 ലും (138.39 ലക്ഷം ടൺ) ഉണ്ടായിരുന്നതിനേക്കാൾ താഴെയായിരിക്കും.

എന്നാൽ ANRPC റിപ്പോർട്ട് പ്രകാരം 2020-ൽ പ്രകൃതിദത്ത റബ്ബറിന്റെ ലോക ഉപഭോഗം മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കാം. പുതുക്കിയ കണക്കുകൾ അനുസരിച്ച്, 2020 ലെ ലോക ഉപഭോഗം 128.11 ലക്ഷം ടണ്ണായി പ്രതീക്ഷിക്കുന്നു, മുൻ വർഷത്തെ അപേക്ഷിച്ച് 6.9 ശതമാനം ഇടിവ്. 2020 സെപ്റ്റംബറിൽ ANRPC റിപ്പോർട്ട് ചെയ്തത് ഉപഭോഗം 126.11 ലക്ഷം ടൺ ആയിരിക്കും എന്നായിരുന്നു.

റബ്ബർ ബോർഡിൻറെ കണക്കനുസരിച്ചു 2020 ഒക്ടോബറിൽ ഇന്ത്യയിലെ പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം 107,000 ടൺ ആയിരുന്നു. 2019 ഒക്ടോബറിൽ ഉപഭോഗം 89,000 ടൺ മാത്രമായിരുന്നു.

പ്രകൃതിദത്ത റബ്ബറിന്റെ ആഗോള ഉല്പാദനത്തിലെ കുറവും ഉപഭോഗത്തിൽ ഉണ്ടായ വർധനവും റബ്ബർ വില വരും മാസങ്ങളിലും ഉയർന്നു തന്നെ നില്ക്കാൻ സഹായിച്ചേക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. 2020 ഡിസംബർ 3 -ന് ഇന്ത്യയിൽ RSS-4 റബ്ബറിന്റെ വില കിലോയ്ക്ക് 164 രൂപ എന്ന നിരക്കിലേക്ക് ഉയർന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 157 രൂപ എന്ന നിലവാരത്തിലാണ് കച്ചവടം.

"വരും മാസങ്ങളിലും വില ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത. ഇന്ത്യയിൽ ഉത്പാദനം കൂടുകയാണ്‌. തീർച്ചയായും കേരളത്തിലെ കർഷകർക്കും ഇതിന്റെ പ്രയോജനം കിട്ടുന്നുണ്ട്. നല്ല കാലാവസ്ഥ മൂലം കേരളത്തിൽ ഇപ്പോൾ ടാപ്പിംഗ് ദിനങ്ങൾ കൂടിയിട്ടുണ്ട്," സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന റബ്‌കോയുടെ ചെയർമാൻ മാത്യു കുളത്തുങ്കൽ പറഞ്ഞു. "ഉയർന്ന വില തീർച്ചയായും ഉല്പാദന വർധനവിന് സഹായിക്കുന്നുണ്ട്," റബ്ബർ ബോർഡിൻറെ റബ്ബർ പ്രൊഡക്ഷൻ കമ്മിഷണർ മോഹനൻ നായർ അഭിപ്രായപ്പെട്ടു.

കോവിടു മൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് ചൈന കഴിഞ്ഞ ഏതാനും മാസങ്ങളായി കരകയറുകയാണ് എന്നാണ് റിപോർട്ടുകൾ. 2020 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള നാല് മാസങ്ങളിൽ ചൈന 20.4 ലക്ഷം ടൺ പ്രകൃതിദത്ത റബ്ബർ ഉപയോഗിച്ചു, മുൻ വർഷം ഇതേ കാലയളവിൽ നിന്ന് 10.8 ശതമാനം വർധന. ഉപഭോഗത്തിലുള്ള വർദ്ധനവ് നവംബർ-ഡിസംബർ മാസങ്ങളിലും കാണുന്നുണ്ട്.
.
ഇന്ത്യയിൽ 2020 ജൂൺ 12-ന് സർക്കാർ ന്യൂമാറ്റിക് ടയറുകളുടെ ഇറക്കുമതിയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുതിയ നയം അനുസരിച്ച്, ഈ ടയറുകളുടെ ഇറക്കുമതി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) നൽകിയ ലൈസൻസ് ഉപയോഗിച്ച് മാത്രമേ ചെയ്യുവാൻ കഴിയുകയുള്ളു. നേരത്തെ
യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി അനുവദിച്ചിരുന്നു. ഓട്ടോ ടയറുകളുടെ ആഭ്യന്തര ഉൽ‌പാദനവും പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തര ഉപഭോഗവും കൂട്ടാൻ പുതിയ നയം സഹായിച്ചിട്ടുണ്ട്.

കോവിടു മൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് ഇന്ത്യൻ വാഹന മേഖലയും കരകയറുന്നു എന്നാണ് റിപോർട്ടുകൾ . 2020 സെപ്റ്റംബറിൽ ആഭ്യന്തര പാസഞ്ചർ വാഹനങ്ങളുടെ മൊത്തവ്യാപാരം കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ചു 31.3 ശതമാനം വർദ്ധിച്ചു. 2020 ഒക്ടോബറിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപന 18 ശതമാനവും, ഇരുചക്രവാഹനങ്ങൾ 30 ശതമാനവും ട്രാക്ടറുകൾ ശതമാനവും മുൻവർഷത്തെ . അപേക്ഷിച്ചു വർദ്ധിച്ചു. 2020 നവംബറിൽ ഈ വർധനവ് പാസഞ്ചർ വാഹനങ്ങൾക്ക് 9.9 ശതമാനവും, ട്രക്കുകൾ 25 ശതമാനവും, ഇരുചക്ര വാഹനങ്ങൾക്ക് 15 ശതമാനവും, ട്രാക്ടറുകൾക്ക് 49 ശതമാനവും ആണ്.

പ്രാഥമിക കണക്കുകൾ അനുസരിച്ച് .2020 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള നാല് മാസങ്ങളിൽ ഇന്ത്യ 3,96,000 ടൺ പ്രകൃതിദത്ത റബ്ബർ ഉപയോഗിച്ചു. മുൻ വർഷത്തെ ഇതേ കാലയളവിൽ നിന്ന് 9.5 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. നവംബർ-ഡിസംബർ 2020-ൽ ഉപഭോഗത്തിൽ 1.3% വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.


Manoj Mathew
Manoj Mathew  

Related Articles

Next Story

Videos

Share it