1200 ചതുരശ്ര അടി വീടിന്റെ പെര്‍മിറ്റ് ഇന്നുമുതല്‍ 712 രൂപയല്ല, പകരം 13,539 രൂപ

സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മിറ്റിനും അപേക്ഷാ ഫീസിനും വരുത്തിയ ഭീമമായ നിരക്ക് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍. ജനങ്ങളെ വലയ്ക്കുന്ന നിരക്ക് വര്‍ധനവിനെതിരേ പ്രതിപക്ഷം ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഇന്നുമുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നത്. നഗരങ്ങളില്‍ നിര്‍മിക്കുന്ന 1,200 ചതുരശ്ര അടിയുള്ള (ഏകദേശം 120 ചതുരശ്ര മീറ്റര്‍) വീടിന് പെര്‍മിറ്റിനായുള്ള ആകെ ചെലവ് ഇതുവരെ 712 രൂപയായിരുന്നത് ഇന്നു മുതല്‍ 13,530 രൂപയായി മാറും. 1,614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റര്‍ ) വരെ ഇത്രയുംകാലം ചെറുകിട നിര്‍മാണത്തിന്റെ പരിധിയിലായിരുന്നു.

പരിഗണന ഇവയ്ക്ക്

എന്നാല്‍ ഇനി മുതല്‍ 860.8 ചതുരശ്ര അടിവരെയുള്ള (80 ചതുരശ്ര മീറ്റര്‍) കെട്ടിടങ്ങള്‍ക്ക് മാത്രമേ ആ പരിഗണന ലഭിക്കൂ. ഇതോടെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരും ഭീമമായ നിരക്ക് വര്‍ധനവിന്റെ പിടിയിലമരും. നഗരങ്ങളില്‍ 1,614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റര്‍) വരെ താമസത്തിനുള്ള കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസ് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് രൂപയായിരുന്നത് പുതിയ നിരക്ക് പ്രകാരം 860.8 ചതുരശ്ര അടി വരെ 15 രൂപയും അതിന് മുകളില്‍ 1,614 വരെ 100 രൂപയുമായി വര്‍ധിച്ചു. 3,228 ചതുരശ്ര അടി (300 ചതുരശ്ര മീറ്റര്‍ ) വരെ ഒരു ചതുരശ്ര മീറ്ററിന് 150 രൂപയും അതിന് മുകളില്‍ 200 രൂപയുമാണ് പുതുക്കിയ ഫീസ്.

ശ്രദ്ധിക്കേണ്ടവ

മുനിസിപ്പാലിറ്റികളില്‍ 860.8 ചതുരശ്ര അടി വരെ 10 രൂപയും അതിന് മുകളില്‍ 1614 ചതുരശ്ര അടി വരെ 70 രൂപയുമായിരിക്കും. അതിന് മുകളില്‍ 3,228 ചതുരശ്ര അടി വരെ 120 രൂപ, അതിന് മുകളില്‍ 200 രൂപ എന്നിങ്ങനെയാണ് വര്‍ധന. പഞ്ചായത്തുകളിലെ താമസ കെട്ടിടങ്ങള്‍ക്ക് 860.8 ചതുരശ്ര അടി വരെ ഏഴുരൂപയാണ്.

അതിന് മുകളില്‍ 1,614 ചതുരശ്ര അടി വരെ 50 രൂപ, അതിന് മുകളില്‍ 3,228 ചതുരശ്ര അടി വരെ 100 രൂപ, അതിന് മുകളിലേക്ക് 150 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. (കെട്ടിടത്തിന്റെ വിസ്തൃതി ചതുരശ്ര അടിയിലാണ് പറയുന്നതെങ്കിലും അനുമതി നിരക്ക് കണക്ക് കൂട്ടുന്നത് ചതുരശ്ര മീറ്ററിലാണ്. ഒരു ചതുരശ്ര മീറ്റര്‍ എന്നത് 10.76 ചതുരശ്ര അടിയാണ്.)

Related Articles

Next Story

Videos

Share it