റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉണര്‍വ്, വീട് വില്‍പ്പന 50 ശതമാനം ഉയര്‍ന്നു

രാജ്യത്തെ റെസിഡെന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉണര്‍വ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ധനവാണ് വീട് വില്‍പ്പനയില്‍ ഉണ്ടായത്. 2022ല്‍ പുതിയ പ്രോജക്ടുകളുടെ എണ്ണം ഉയര്‍ന്നത് 101 ശതമാനത്തോളം ആണ്. ബ്രോക്കറേജ് സ്ഥാപനമായ പ്രോപ്‌ടൈഗര്‍ (PropTiger.in) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 4,31,510 പുതിയ വീടുകളാണ് ഈ വര്‍ഷം വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്തത്.

രാജ്യത്തെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളിലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് പ്രോപ്‌ടൈഗറിന്റെ റിപ്പോര്‍ട്ട്. ഈ എട്ട് നഗരങ്ങളിലായി 3,08,940 യൂണീറ്റുകളാണ് 2022ല്‍ വിറ്റത്. മുന്‍വര്‍ഷം ഇത് 2,05,940 യൂണീറ്റുകളായിരുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി -എന്‍സിആര്‍( ഗുരുഗ്രാം, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ്,ഫരീദാബാദ്), എംഎംആര്‍ (മുംബൈ, നവി മുംബൈ, താനെ), പൂനെ എന്നിവയാണ് ഈ എട്ട് നഗരങ്ങള്‍.

പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ കുറഞ്ഞ നിരക്കില്‍ വീട് സ്വന്തമാക്കാനാണ് ഉപഭോക്താക്കള്‍ ശ്രമിച്ചതെന്ന് പ്രോപ്‌ടൈഗര്‍ വിലയിരുത്തി. ഏറ്റവും അധികം പുതിയ വീടുകള്‍ വില്‍പ്പനയ്ക്ക് തയ്യറായത് മുംബൈയിലാണ്. ആകെ പുതിയ വീടുകളില്‍ 39 ശതമാനമാണ് മുംബൈയുടെ വിഹിതം. പൂനെ (18%), ഹൈദരാബാദ് (19%) എന്നിവയാണ് പിന്നാലെ. കൃഷിക്ക് രാജ്യത്ത് ഏറ്റവും അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളില്‍ ഒന്നാണ് റിയല്‍എസ്റ്റേറ്റ് -നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

വീട്, ഓഫീസ്-കോവര്‍ക്കിംഗ്, വെയര്‍ഹൗസുകള്‍, ഡാറ്റ സെന്ററുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സെഗ്മെന്റിലും ഈ വര്‍ഷം വളര്‍ച്ച രേഖപ്പെടുത്തി. വില്‍പ്പനയുടെ 26 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് 45-75 ലക്ഷം രൂപയ്ക്കിടയില്‍ വില വരുന്ന പ്രോപ്പര്‍ട്ടികളിലാണ്. ഒരു കോടിക്ക് മുകളില്‍ വില വരുന്ന വീടുകളുടെ വില്‍പ്പനയും ഉയര്‍ന്നു. അതേ സമയം എട്ട് നഗരങ്ങളിലായി 8.49 ലക്ഷം പ്രോപ്പര്‍ട്ടികളാണ് വില്‍ക്കാതെ കിടക്കുന്നത്. അതില്‍ 20 ശതമാനവും റെഡി-ടു-മൂവ് വിഭാഗത്തിലുള്ളവയാണ്.

Related Articles
Next Story
Videos
Share it