Begin typing your search above and press return to search.
ഉണര്‍വിലേറി കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖല; പ്രവാസികളുടെ പങ്ക് കുറയുന്നു
കോവിഡിന് ശേഷം കേരളത്തില്‍ പുതിയ പ്രോജക്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള മലയാളികള്‍ കേരളത്തില്‍ വീടെടുക്കാന്‍ താത്പര്യം കാണിക്കുന്നതും റിയല്‍ എസ്റ്റേറ്റ് വിപണിക്ക് നേട്ടമാകുന്നു.
വിദേശത്തും അന്യസംസ്ഥാനങ്ങളിലും ജോലിചെയ്യുന്നവര്‍ നാട്ടില്‍ വീട് വാങ്ങുന്ന ട്രെന്‍ഡാണിപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്) കേരള ഘടകം ചെയര്‍മാന്‍ രവി ജേക്കബ് പറയുന്നു. അതിന്റെ ഉണര്‍വ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദൃശ്യമാണ്. കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി കാലഘട്ടം മറികടന്ന റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞ ഏതാനും മാസങ്ങളായി മുന്നേറ്റത്തിലാണ്.
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (കെ-റെറ) 2022 കലണ്ടര്‍ വര്‍ഷത്തില്‍ പുതിയ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളുടെ രജിസ്‌ട്രേഷനില്‍ 39.47 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 2021ല്‍ 114 പുതിയ പ്രോജക്റ്റുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 159 പുതിയ പ്രോജക്റ്റുകളാണ്. 2021ല്‍ 8,28,230.79 ചതുരശ്ര മീറ്റര്‍ ബില്‍ഡ് അപ്പ് ഏരിയ പുതിയ രജിസ്റ്റേഡ് പ്രോജക്റ്റുകളിലായി ഉണ്ടായിരുന്നുവെങ്കില്‍ 2022 ആയപ്പോള്‍ അത് 16,36,577.18 ചതുരശ്ര മീറ്ററായി വര്‍ധിച്ചു. 97.59 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2021ല്‍ പുതിയ രജിസ്റ്റേഡ് പ്രോജക്റ്റുകളിലായി 5933 യൂണിറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. 2022ല്‍ ഇത് 12,018 യൂണിറ്റുകളായി വര്‍ധിച്ചു. 102.56 ശതമാനമാണ് ഇക്കാര്യത്തിലുണ്ടായ വര്‍ധന.
അപ്പാര്‍ട്ട്മെന്റുകളില്‍ വലിയ വളര്‍ച്ച
2021ല്‍ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത പുതിയ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളുടെ ആകെ ഫ്‌ളോര്‍ ഏരിയ 19,802.04 ചതുരശ്ര മീറ്റര്‍ ആയിരുന്നെങ്കില്‍ 2022ല്‍ 44,386.07 ചതുരശ്ര മീറ്റര്‍ ആയി വര്‍ധിച്ചു. ഒരു വര്‍ഷം കൊണ്ട് ഈ മേഖലയിലുണ്ടായത് 124.14 ശതമാനം വളര്‍ച്ച. വണ്‍ ബി.എച്ച്.കെ അപ്പാര്‍ട്ട്‌മെന്റുകളുടെ രജിസ്‌ട്രേഷനിലും
സമാനമായ പ്രവണതയാണ് കാണുന്നത്. 2021ല്‍ 233 പുതിയ 1 ബി.എച്ച്.കെ അപ്പാര്‍ട്ട്‌മെന്റുകളും 2022ല്‍ 837 പുതിയ 1 ബി.എച്ച്.കെ അപ്പാര്‍ട്ട്‌മെന്റുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 259 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍
2022ല്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ക്കാണ് ഏറ്റവും അധികം രജിസ്‌ട്രേഷന്‍ (148 എണ്ണം). 50 വില്ല പ്രോജക്റ്റുകളുടെ രജിസ്‌ട്രേഷനും കഴിഞ്ഞ വര്‍ഷം നടന്നു. കൊമേഴ്‌സ്യല്‍ റെസിഡന്‍ഷ്യല്‍ സമ്മിശ്ര പ്രോജക്റ്റുകള്‍ 19 എണ്ണമാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇവ കൂടാതെ 7 പ്ലോട്ട് രജിസ്‌ട്രേഷനുകളും മൂന്ന് ഷോപ്പ്/ഓഫീസ് സ്‌പേസ് പ്രോജക്റ്റുകളും നടന്നിട്ടുണ്ട്. 159 റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരാണ് 2022ല്‍ കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്തത്.
മുന്നില്‍ എറണാകുളം
കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളുടെ രജിസ്‌ട്രേഷന്‍ നടന്നത് എറണാകുളം ജില്ലയിലാണ് 80 എണ്ണം. 72 രജിസ്‌ട്രേഷനുകളുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. ഒരു രജിസ്‌ട്രേഷനും നടക്കാത്ത ജില്ലകള്‍ വയനാടും കൊല്ലവുമാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓരോ രജിസ്‌ട്രേഷന്‍ വീതം നടന്നു. മറ്റു ജില്ലകളിലെ രജിസ്‌ട്രേഷന്‍: കോട്ടയം 8, ഇടുക്കി 2, തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം 3, കോഴിക്കോട് 17, കണ്ണൂര്‍ 6, കാസര്‍കോട് 2.
ഉണര്‍വിന് കാരണം
അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടില്‍ വീട് വാങ്ങുന്നു എന്നതു മാത്രമല്ല ഈ ഉണര്‍വിന് കാരണം. ജി.ഡി.പി നിരക്കില്‍ ഉണ്ടാകുന്ന ഉയര്‍ച്ച കണക്കിലുപരി ആളുകളുടെ വരുമാന വര്‍ധന കൂടിയാണ് സൂചിപ്പിക്കുന്നത്. സമാനമായി ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെല്ലാം ഇതിന്റെ അനുരണനങ്ങള്‍ കാണാനാകും. വരുമാനം വര്‍ധിച്ചതോടെ ആളുകള്‍ നഗരത്തില്‍ തന്നെ വീടെടുത്ത് താമസിക്കാന്‍ ഇഷ്ടപ്പെടുന്നു. നിക്ഷേപം എന്നതിലുപരി താമസിക്കാനാണ് ഇപ്പോള്‍ പലരും വീട് വാങ്ങുന്നത്.
മുമ്പ് വിദേശത്തു നിന്നുള്ളവരായിരുന്നു പ്രധാനമായും ഫ്ളാറ്റുകളുടെ ഉപയോക്താക്കളെങ്കില്‍ ഇപ്പോള്‍ 30 ശതമാനം മാത്രമാണ് പ്രവാസികള്‍. 70 ശതമാനവും ഇന്ത്യയ്ക്കകത്ത് താമസിക്കുന്നവര്‍ തന്നെ. ബാങ്ക് വായ്പ ഉദാരമായതും പലിശ നിരക്ക് കുറഞ്ഞതും റിയല്‍ എസ്റ്റേറ്റ് വിപണിക്ക് വലിയ നേട്ടമായിട്ടുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ ആണിന്ന് പലിശ നിരക്ക് നിശ്ചയിക്കുന്നത്. അത് ഒരു തരത്തില്‍ ബാങ്കുകളെ തിരിച്ചടവിലും സഹായിക്കുന്നുണ്ട്.
ഇതിനെല്ലാമുപരി റെറയുടെ വരവ് നിര്‍മാണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടത്. വീട് വാങ്ങുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇത് അവസരമൊരുക്കി. സുതാര്യതയും വിശ്വാസ്യതയും വര്‍ധിച്ചു. പ്രോജക്റ്റുകള്‍ സമയത്തിന് തീര്‍ക്കാനും നിര്‍മാണ നിലവാരം മെച്ചപ്പെടുത്താനും ഉപയോക്താക്കള്‍ക്ക് വ്യക്തമായതും വിശദമായതുമായ വിവരങ്ങള്‍ ലഭ്യമാക്കാനും ഇത് ഉപകരിച്ചു. റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വിശ്വാസ്യതയാണ് ഇതിലൂടെ മെച്ചപ്പെട്ടത്. മാത്രമല്ല ഉപയോക്താക്കളുടെ ആത്മവിശ്വാസവും വര്‍ധിച്ചു. സ്വാഭാവികമായും വീട് വാങ്ങുന്നവരുടെ എണ്ണവും കൂടി.
പുതിയ ട്രെന്‍ഡ് കേരളത്തില്‍ ആഡംബര വീടുകള്‍ സാധാരണയായിട്ടുണ്ട്. 2,500 ചതുരശ്രയടിയാണ് സാധാരണക്കാര്‍ പോലും വെക്കുന്ന വീടുകളുടെ ശരാശരി വിസ്തീര്‍ണം. 3,000 ചതുരശ്രയടിയില്‍ കൂടുതലുള്ളവയ്ക്ക് ആഡംബര നികുതി ഈടാക്കുന്നു എന്നതുകൊണ്ടു മാത്രം അതില്‍ താഴെയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നവരാണ് കൂടുതലും. കേരളത്തിനു പുറത്ത് അഫോര്‍ഡബ്ള്‍ ഹൗസിംഗ് എന്നത് 400 ചതുരശ്രയടിയൊക്കെ ആണെങ്കില്‍ ഇവിടെ 1,000 ചതുരശ്രയടിയില്‍ കുറഞ്ഞ വീടുകള്‍ അപൂര്‍വമാണ്. മുമ്പ് 55-60 ലക്ഷം രൂപയ്ക്ക് സാധാരണ 3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഇന്ന് ഒരു കോടി രൂപയായി. അതനുസരിച്ചുള്ള സൗകര്യങ്ങള്‍ അപ്പാര്‍ട്ട്മെന്റുകളില്‍ നല്‍കാന്‍ ബില്‍ഡര്‍മാരും ശ്രദ്ധിക്കുന്നു. ജിം, റിക്രിയേഷന്‍ ഹാള്‍ തുടങ്ങിയവയ്‌ക്കൊപ്പം പല ബില്‍ഡേഴ്‌സും അവരുടെ പ്രോജക്റ്റുകളില്‍ ഹോം തിയറ്ററുകള്‍ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കി നല്‍കുന്നുണ്ടെന്ന് അസറ്റ് ഹോംസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ടോണി ജോണ്‍ പറയുന്നു.
വില കൂടുന്നു
സിമന്റ്, കമ്പി അടക്കമുള്ള നിര്‍മാണ സാധനങ്ങളുടെ വില വര്‍ധനവ് അപ്പാര്‍ട്ട്മെന്റുകളുടെ വില കൂടാന്‍ കാരണമായിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് സ്‌ക്വയര്‍ഫീറ്റിന് 6,000 രൂപയായിരുന്നത് ഇപ്പോള്‍ 7,000 രൂപയെങ്കിലും ആയിട്ടുണ്ട്. സിമന്റിനും മറ്റും ഒരു വര്‍ഷത്തിനിടെ കൂടിയത് 20 ശതമാനത്തോളം രൂപയാണെന്ന് ബില്‍ഡര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ നിലവില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ലഭ്യതകുറഞ്ഞിട്ടുണ്ട്. ഡിമാന്‍ഡ് കൂടി വരികയും ചെയ്യുന്നു. പുതിയ തലമുറയില്‍പ്പെട്ടവര്‍ പോലും കേരളത്തില്‍ വീട് വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്ന സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇനിയും മുന്നേറ്റത്തിനു സാധ്യതകളാണ് ബില്‍ഡര്‍മാര്‍ കാണുന്നത്.
(This article was originally published in Dhanam Magazine November 2nd issue)
Next Story