ആഡംബര ഭവന വില്‍പ്പനയില്‍ കുതിപ്പ്, മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

2022 ന്റെ ആദ്യ പാദത്തിലെ രാജ്യത്തെ ആഡംബര ഭവനങ്ങളുടെ വില്‍പ്പനയും വിതരണവും മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 2022 ലെ ഒന്നാം പാദത്തില്‍ മൊത്തത്തിലുള്ള ഭവന വില്‍പ്പനയുടെ 12 ശതമാനവും ആഡംബര വസ്തുക്കളാണ്. 2019 ലെ ഒന്നാം പാദത്തില്‍ ഇത് ഏഴ് ശതമാനം മാത്രമായിരുന്നു. ധനികരായ പലരും വലിയ വീടുകള്‍ വാങ്ങിയതാണ് ഇതിന് പ്രധാന കാരണം.

''2022 ലെ ഒന്നാം പാദത്തിലെ ആഡംബര വിഭാഗത്തിലെ പുതിയ വിതരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണ്,' അനറോക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ അനുജ് പുരി പറഞ്ഞു. ''അനാറോക്ക് റിസര്‍ച്ച് പ്രകാരം, ഇക്കാലയളവില്‍ ആദ്യ ഏഴ് നഗരങ്ങളിലായി ലക്ഷ്വറി വിഭാഗത്തില്‍ 13,330 യൂണിറ്റുകള്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. 2021 ലെ കാലയളവില്‍ ഇത് 9,350 യൂണിറ്റുകളായിരുന്നു. 2020 ലെ ഒന്നാം പാദത്തില്‍ 4,040 യൂണിറ്റുകള്‍ മാത്രമായിരുന്നു ലോഞ്ച് ചെയ്തത്.'' - അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണുകള്‍ക്ക് ശേഷം ലക്ഷ്വറി വിഭാഗത്തില്‍ ഡിമാന്‍ഡ് ഗണ്യമായി ഉയര്‍ന്നു തുടങ്ങിയതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷമാദ്യം, ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് ലിമിറ്റഡ്, ന്യൂ ഡല്‍ഹിയിലെ വണ്‍ മിഡ്ടൗണില്‍ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്റ്റില്‍ ആദ്യഘട്ടത്തില്‍ 1,500 കോടി രൂപയുടെ വില്‍പ്പന നടന്നതായി പ്രഖ്യാപിച്ചിരുന്നു.
ആഡംബര വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സോത്ത്ബൈസ് ഇന്റര്‍നാഷണല്‍ റിയല്‍റ്റി ഇന്ത്യ, 2020-ലും 2021-ലും 30 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്. കമ്പനി ഈ വര്‍ഷത്തില്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Related Articles

Next Story

Videos

Share it