പുതുക്കിയ ന്യായ വില നിർമാണ മേഖലയെ തളർത്തുമോ?
പുതിയ സംസ്ഥാന റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപെട്ട നിർദേശങ്ങൾ മേഖലയെ തളര്‍ത്തുന്നതാണെന്ന് ക്രെഡായ് കേരള (Credai Kerala) അഭിപ്രായപെട്ടു. ധനമന്ത്രി കെ എൻ ബാലഗോപാലനു ക്രെഡായ് സമർപ്പിച്ച നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്:
1. സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനമായി നിലനിര്‍ത്തണം:
ഫ്‌ളാറ്റുകള്‍ക്ക് ഡോര്‍ നമ്പര്‍ ലഭിച്ച് 6 മാസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ബജറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി വര്‍ധിപ്പിച്ചു. കോവിഡ് ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് മേഖല ഇനിയും പുറത്തു വന്നിട്ടില്ല. ഇത് കൂടാതെ നിര്‍മാണ വസ്തുക്കള്‍ക്കും തൊഴിലാളികളുടെ വേതനത്തിനും 18 മുതല്‍ 28 ശതമാനം വരെ ജി എസ് ടി ഈടാക്കുന്നുണ്ട്.
കര്‍ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കേരളത്തെ അപേക്ഷിച്ച് സ്റ്റാമ്പ് ഡ്യൂട്ടി കുറവാണ്. അതിനാല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ സാധ്യത ഉണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി സമയ പരിധിയില്ലാതെ (ബജറ്റില്‍ 6 മാസം) 5 ശതമാനമാക്കിയാല്‍ കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കാനും മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജി ഡി പി) വര്‍ധിപ്പിക്കാനും സാധിക്കും.
2. ഒന്നിലധികം വീടുകൾ ഉള്ളവർക്ക് വര്‍ധിച്ച നികുതി വേണ്ട
ഒന്നില്‍ കൂടുതല്‍ വീടുകള്‍ ഉള്ളവര്‍ക്ക് വര്‍ധിച്ച നികുതി നല്‍കണമെന്ന് നിര്‍ദേശം പിന്‍വലിക്കണം. ഒന്നില്‍ കൂടുതല്‍ വീടുകള്‍ ഉള്ളവര്‍ വാടകക്ക് നല്‍കുന്നത് കൊണ്ട് നഗരങ്ങളില്‍ അതിവേഗം വികസിക്കുന്ന ഐ ടി മേഖലയിലെ ജീവനക്കാര്‍ക്കും, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും താമസിക്കാന്‍ പാര്‍പ്പിടം ലഭിക്കാന്‍ ബുദ്ധിമുട്ടില്ല. പ്രവാസി മലയാളികള്‍ക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപം റിയല്‍ എസ്റ്റേറ്റ് ആയത് കൊണ്ടാണ് ഒന്നില്‍ കൂടുതല്‍ വീടുകള്‍ സ്വന്തമായി ഉണ്ടാകുന്നത്.
3. കൂട്ടിയ ന്യായ വില കുറയ്ക്കണം
ഭൂമിയുടെ സ്ഥാനം, അടുത്ത വസ്തുക്കളുടെ വിപണി മൂല്യം എന്നിവ അടിസ്ഥാന പെടുത്തിയാകണം ഭൂമിയുടെ ന്യായ വില . രജിസ്ട്രേഷന്‍ ഫീസും, സ്റ്റാമ്പ് ഡ്യൂട്ടിയും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഭൂമിയുടെ ന്യായവില 20 % വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം.
4. താമസമില്ലാത്ത പുതിയ വീടുകള്‍ക്ക് നികുതി വേണ്ട
ഒഴിഞ്ഞു കിടക്കുന്ന പുതിയ വീടുകള്‍ക്ക് നികുതി ചുമത്താനുള്ള നീക്കം ഉപേക്ഷിക്കണം. അത് മൗലിക അവകാശങ്ങളുടെ നിഷേധമാണ്. പ്രവാസികള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അവധിക്ക് വരുമ്പോള്‍ താമസിക്കുന്ന വീടിനും നികുതി നല്‍കണമെന്നത് പുതിയ നിക്ഷേപങ്ങളെ നിരുത്സാഹ പെടുത്തും.
5. പെട്രോൾ സെസും ഭാരമാകും
പെട്രോൾ, ഡീസല്‍ സെസ് ചുമത്തിയത് നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം. ചരക്ക് കൂലി വര്‍ധിക്കുന്നത് മൂലം നിര്‍മാണ വസ്തുക്കളുടെ വില വര്‍ധിക്കും. ചെറുകിട ധാതുക്കള്‍ക്ക് റോയല്‍റ്റി വര്‍ധിപ്പിക്കുന്നത് ശാസ്ത്രീയമായ പഠനങ്ങളും, ചര്‍ച്ചകള്‍ക്കും ശേഷമേ നടപ്പാക്കാവൂ എന്നും ക്രെഡായ് കേരള അഭ്യര്‍ത്ഥിച്ചു.