പലിശനിരക്ക് ഉയരുമ്പോഴും പ്രവാസികള്‍ക്ക് പ്രിയം റിയല്‍ എസ്റ്റേറ്റ് തന്നെ

സാമ്പത്തിക മാന്ദ്യം മൂലം ആഗോള റിയല്‍ എസ്റ്റേറ്റ് മേഖല വലിയ സമ്മര്‍ദ്ദത്തിലാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല മികച്ച പ്രകടനം കാഴ്ചവക്കുന്നുണ്ടെന്ന് ഇകമോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവാസി (എന്‍ആര്‍ഐ) നിക്ഷേപം മെച്ചപ്പെട്ട് നില്‍ക്കുന്നതാണ് ഇതിന് പ്രധാന കാരണം. ചില പ്രദേശങ്ങളില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില സ്ഥിരതയുള്ളതും മറ്റു ചില പ്രദേശങ്ങളില്‍ ഇത് മെച്ചപ്പെട്ട് രീതിയിലും തുടരുന്നതും ഇതിന് സഹായിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ഈ വര്‍ഷം തുടക്കം മുതല്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുകയാണ്. 2022 ഒക്ടോബറില്‍ 74.51 രൂപയില്‍ നിന്ന് താഴ്ന്ന 83 രൂപയിലേക്ക് ഇടിഞ്ഞു. നിലവിലെ നിരക്കുകള്‍ യുഎസ് ഡോളറിന് 81 രൂപയ്ക്കും 82 രൂപയ്ക്കും ഇടയില്‍ തുടരുകയാണ്. മറ്റ് പ്രധാന കറന്‍സികളും ഈ നിലയില്‍ തന്നെ തുടരുന്നു. ഇന്ത്യന്‍ രൂപയെ അപേക്ഷിച്ച് ശക്തമായ കറന്‍സികളുള്ള അത്തരം രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് വലിയ നേട്ടമുണ്ട്. കാരണം അവരുടെ പണം വേഗത്തില്‍ വളരുകയും വലിയ നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു.

തങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായതു കൊണ്ട് തന്നെ പ്രവാസികള്‍ ഇന്ന് ആഡംബര ഭവന വിഭാഗത്തില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഈ വീടുകള്‍ക്ക് ഈടാക്കുന്ന വാടക പോലും വളരെ ഉയര്‍ന്ന തുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ പല റിയല്‍ എസ്റ്റേറ്റ് വിപണികളിലെയും ശരാശരി പ്രതിമാസ വാടക വര്‍ധിച്ചതായി സമീപകാല കണക്കുകള്‍ കാണിക്കുന്നു. ഈ മേഖലയിലെ പ്രവാസി നിക്ഷേപങ്ങള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 14.9 ബില്യണ്‍ യുഎസ് ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 13.1 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടത്തി

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുകയാണ്. ഭവനവായ്പ പലിശനിരക്കിലെ വര്‍ധന ഭവന വിപണിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് സ്വാഭാവികം. എന്നാല്‍ പലിശനിരക്കുകള്‍ വര്‍ധിച്ചിട്ടും ഇന്ത്യയിലെ ഭവന വിപണി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2015 മുതല്‍, ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഉപഭോക്തൃ കേന്ദ്രീകൃത വിപണിയായി മാറുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി, ജിഎസ്ടി പേയ്മെന്റുകള്‍ എന്നിവയെക്കുറിച്ചുള്ള നിയന്ത്രണങ്ങളും വിപണിയെ കൂടുതല്‍ സുതാര്യവും വിശ്വസനീയവും ലാഭകരവുമാക്കി.

Related Articles
Next Story
Videos
Share it