ഓഫീസ് തുടങ്ങാന്‍ കൂടുതല്‍ പേര്‍ക്ക് താല്‍പര്യം ഈ നഗരത്തില്‍

ഭാവിയിലെ വളര്‍ച്ച മുന്നില്‍ കണ്ട് വിദേശ കമ്പനികള്‍
Image: Canva
Image: Canva
Published on

വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ വിശാലമായ ഓഫീസുകള്‍ തുടങ്ങാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് ബംഗളുരു നഗരത്തില്‍. ബഹുരാഷ്ട്ര കമ്പനികള്‍ ഭാവിയിലെ ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ടാണ് ബംഗളുരുവിലേക്ക് വരുന്നത്. നൈറ്റ് ഫ്രാങ്കിന്റെ ഗവേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ ഓഫീസ് കെട്ടിടങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യകതകള്‍ സൂചിപ്പിക്കുന്നത്. പല വിദേശ കമ്പനികളും അവരുടെ ഇന്ത്യന്‍ ബിസിനസിനായി തെരഞ്ഞെടുക്കുന്നത് ബംഗളുരു നഗരത്തെയാണെന്ന് നൈറ്റ് ഫ്രാങ്ക് ചെയര്‍മാന്‍ ശിശിര്‍ ബൈജാല്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാല വളര്‍ച്ച മുന്നില്‍ കണ്ട് ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ ആരംഭിക്കാനാണ് വിദേശ ബിസിനസ് കോര്‍പ്പറേഷനുകള്‍ താല്‍പര്യം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വലിയ ഓഫീസുകള്‍ക്ക് ഡിമാന്റ് കൂടുതല്‍

ചെറിയ ഓഫീസ് മുറികള്‍ക്ക് പകരം വലിയ ഏരിയകളാണ് വിദേശ കമ്പനികള്‍ വാടകക്ക് എടുക്കുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കൂടുതല്‍ ഡിമാന്റ് വലിയ ഓഫീസുകള്‍ക്കാണ്. ഒരു ലക്ഷം ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് വിവിധ നഗരങ്ങളിലുള്ള ഡിമാന്റ് 55 ശതമാനമാണ്. അതിലേറെ വലുപ്പമുള്ള കെട്ടിടങ്ങള്‍ക്ക് 45 ശതമാനം ഡിമാന്റുണ്ട്. ഒരു ലക്ഷം ചതുരശ്ര അടിക്കുള്ളിലുള്ള കെട്ടിടങ്ങളുടെ വിഭാഗത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 1.56 കോടി ചതുരശ്ര അടി സ്ഥലം വിവിധ കമ്പനികള്‍ വാടകക്ക് എടുത്തിട്ടുണ്ട്. ഇതില്‍ 50,000 ചതുരശ്ര അടിയിൽ  കൂടുതലുള്ള കെട്ടിടങ്ങള്‍ക്കുള്ള ഡിമാന്റ് 21 ശതമാനമാണ്. 50,000 താഴെയുള്ള ചെറിയ ഏരിയകള്‍ക്ക് 11.7 ശതമാനം മാത്രമാണ് ഡിമാന്റുള്ളത്.

കോ-വര്‍ക്ക് സ്‌പേസുകള്‍ക്ക് ഡിമാന്റ് 

വന്‍ നഗരങ്ങളില്‍ കോ-വര്‍ക്ക് സ്‌പേസുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചു വരികയാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍, ഹൈബ്രിഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തുടങ്ങിവരാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. വര്‍ധിച്ചു വരുന്ന ആവശ്യകത മുന്നില്‍ കണ്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കോ-വര്‍ക്ക് സ്‌പേസുകള്‍ ഒരുക്കാന്‍ വിശാലമായ ഇടങ്ങള്‍ വാടകക്ക് എടുക്കുന്നുണ്ട്.. ചിലവ് കുറവ്, ബിസിനസ് രീതികള്‍ മാറ്റാനുള്ള സാധ്യതകള്‍ എന്നിവയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികളെ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നത്. മറ്റു കമ്പനികളുമായും ബിസിനസ് പാര്‍ട്ണര്‍മാരുമായും മെച്ചപ്പെട്ട നെറ്റ്‌വർക്ക്  ഉണ്ടാക്കാന്‍ കോ-വര്‍ക്ക് സ്‌പേസുകള്‍ ചെറിയ കമ്പനികളെ സഹായിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com