ശോഭ ഗ്രൂപ്പില്‍ തലമുറ മാറ്റം, പി.എന്‍.സി മേനോന്‍ വിരമിക്കുന്നു; മകന്‍ രവി മേനോന്‍ ചെയര്‍മാനാകും

ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സാന്നിധ്യമുള്ള ശോഭ ഗ്രൂപ്പിന്റെ നേതൃനിരയില്‍ മാറ്റങ്ങള്‍ വരുന്നു. ഗ്രൂപ്പിന്റെ സ്ഥാപകനായ പി.എന്‍.സി മേനോന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിക്കും. മകന്‍ രവി മേനോന്‍ പുതിയ ചെയര്‍മാനാകും. മാറ്റങ്ങള്‍ നവംബര്‍ 18 ന് നിലവില്‍ വരും. രവി മേനോന്‍ നിലവില്‍ ശോഭ ലിമിറ്റഡ് ഇന്ത്യയുടെ ചെയര്‍മാനും ദുബൈ ശോഭ ഗ്രൂപ്പിന്റെ സഹ ചെയര്‍മാനുമാണ്. നിലവിലുള്ള ഉത്തരവാദിത്തങ്ങള്‍ മകന് കൈമാറുന്ന പി.എന്‍.സി മേനോന്‍, ഗ്രൂപ്പിന്റെ പുതിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും.

വിരമിക്കുന്നത് 76-ാം വയസില്‍

500 കോടി ഡോളര്‍ മൂല്യമുള്ള ശോഭ ഗ്രൂപ്പിന്റെ അമരത്തു നിന്ന് പ്രവാസി വ്യവസായിയായ പുത്തന്‍ നടുവക്കാട്ട് ചെന്താമരാക്ഷ മേനോന്‍ എന്ന പി.എന്‍.സി മേനോന്‍ പടിയിറങ്ങുന്നത് 76-ാം വയസിലാണ്. നവംബര്‍ 17 നാണ് അദ്ദേഹത്തിന്റെ ജന്മദിനം. അതിന്റെ പിറ്റേന്നാണ് ചെയര്‍മാന്‍ സ്ഥാനം മകന് കൈമാറുന്നത്. 26-ാം വയസില്‍ ഒമാനിലേക്ക് തൊഴില്‍ തേടി പോയ അദ്ദേഹം പിന്നീട് 1995 ലാണ് ബംഗളുരു ആസ്ഥാനമാക്കി ശോഭ ഡെവലപ്പേഴ്‌സ് എന്ന കമ്പനി തുടങ്ങുന്നത്. കേരളത്തില്‍ ഉള്‍പ്പടെ നിരവധി വിജയിച്ച പദ്ധതികള്‍ക്കൊപ്പം ദുബൈ ആസ്ഥാനമായി പുതിയ കമ്പനി തുടങ്ങി ഗള്‍ഫില്‍ സാന്നിധ്യമുറപ്പിക്കുകയായിരുന്നു.

ലക്ഷ്യം അമേരിക്കയും ഓസ്‌ട്രേലിയയും

അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സമയത്താണ് രവി മേനോന്‍ ശോഭ ഗ്രൂപ്പിന്റെ അമരക്കാരനാകുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിൽ 1,000 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി വളരാനാണ് ശോഭ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ ഫ്രാന്‍സിസ് ആല്‍ഫ്രഡിനൊപ്പം രവി മേനോന്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ആ ലക്ഷ്യത്തിലേക്കാണ്. സിവില്‍ എഞ്ചിനിയര്‍ ബിരുദധാരിയായ രവി മേനോന്‍ 2006 ലാണ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായത്. ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കാനാണ് ശോഭ ഗ്രൂപ്പിന്റെ പുതിയ കാല്‍വെയ്പ്.

.

Related Articles
Next Story
Videos
Share it