പ്രസ്റ്റീജിന്റെ 'കടൽത്തീര വിസ്മയം'; കോഴിക്കോടിന്റെ മനം മയക്കാന്‍ വരുന്നൂ വമ്പൻ ഭവന പദ്ധതി

ബെംഗളൂരു ആസ്ഥാനമായ പ്രസ്റ്റീജ് ഗ്രൂപ്പ് കോഴിക്കോട്ടേക്കെത്തുന്നു. കോഴിക്കോട്ടെ ഏറ്റവും വലിയ ഭവന പദ്ധതിക്കാണ് ഗ്രൂപ്പ് പദ്ധതി ഇട്ടിരിക്കുന്നത്. 'ഓഷീന്‍ പേള്‍' എന്ന ഈ പദ്ധതി 2027ഓടെയാണ് പണി പൂര്‍ത്തിയാക്കുക എന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 ലക്ഷം ചതുരശ്ര അടിയിലൊരുങ്ങുന്ന പദ്ധതിയിലൂടെ 1,200 കോടി രൂപ വില്‍പ്പന വരുമാനമാണ് (sales revenue) ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

800 കോടി നിക്ഷേപവുമായി എത്തുന്ന പദ്ധതിയില്‍ മൂന്നും നാലും മുറികളുള്ള (3/4 BHK) അപ്പാര്‍ട്ട്‌മെന്റുകളാണ് ഉണ്ടാകുക. 28 നിലകളിലായുള്ള ഫ്‌ളാറ്റ് സമുച്ചയം കടലിന് അഭിമുഖമായി വരത്തക്ക വിധത്തിലാണ് രൂപകല്‍പ്പന.

വെസ്‌റ്റെന്‍ഡ് അവന്യു എല്‍.എല്‍.പിയുമായി ചേര്‍ന്നാണ് പ്രസ്റ്റീജ് ഗ്രൂപ്പ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായിരിക്കുന്ന ഐക്കോണിക് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പ്രസ്റ്റീജ് ഗ്രൂപ്പിന് കൊച്ചിയുടെ മാത്രമല്ല കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് തന്നെ വേറിട്ട മുഖച്ഛായ നല്‍കിയവയാണ്. ഇതിനു ശേഷം കേരളത്തില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ഭവന പദ്ധതിയായിരിക്കും കോഴിക്കോട്ടെ 'ഓഷീന്‍ പേള്‍'.

വ്യത്യസ്തം ഈ ആഡംബരം

കടൽത്തീരത്തോട് അഭിമുഖമായി പണി തീർക്കുന്ന 'ഓഷീന്‍ പേള്‍' ഫ്ലാറ്റിൽ മള്‍ട്ടി പര്‍പ്പസ് ഹോള്‍, ജിം, സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ ഗെയിം ഏരിയ, ക്ലബ് ഹൗസ് തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്നാണ് പ്രസ്റ്റീജ് ഗ്രൂപ്പ് വെബ്‌സൈറ്റ് നല്‍കുന്ന വിവരം. വില 1.1 കോടി രൂപ മുതല്‍ ആരംഭിക്കുന്നു.

ബെംഗളൂരുവില്‍

ഇക്കഴിഞ്ഞ നവംബറില്‍ 550 കോടി രൂപയുടെ വരുമാന ലക്ഷ്യവുമായി പ്രസ്റ്റീജ് ഗ്ലെന്‍ബ്രൂക് എന്ന പ്രോജക്റ്റ് ബെംഗളൂരുവില്‍ ലോഞ്ച് ചെയ്തിരുന്നു. ബെംഗളൂരുവില്‍ തന്നെ വൈറ്റ്ഫീല്‍ഡില്‍ 600 കോടി രൂപ വരുമാന ലക്ഷ്യമുള്ള മറ്റൊരു പ്രോജക്റ്റും ബെംഗളൂരു സൗത്തിലെ ജിഗാനിയില്‍ 900 കോടി രൂപയുടെ പ്രോജക്റ്റും നോര്‍ത്ത് ബെംഗളൂരുവിലെ 350 കോടി രൂപ ലക്ഷ്യമിട്ടുള്ള പ്രോജക്റ്റും ഗ്രൂപ്പ് ലോഞ്ച് ചെയ്തു കഴിഞ്ഞു.

റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിയായ കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ്, ക്രെഡായ് കേരള എന്നിവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത് രാജ്യത്തെ എട്ട് പ്രധാന റിയല്‍ എസ്റ്റേറ്റ് വിപണികളിലൊന്നായി കേരളം മാറുകയാണെന്നാണ്. സുഗമമായ സര്‍ക്കാര്‍ നയങ്ങളും തൊഴിലാളികളുടെ ലഭ്യതയും കേരളത്തെ സഹായിക്കുന്ന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ പ്രസ്റ്റീജ് പോലുള്ള വമ്പന്‍മാരുടെ പുതിയ പദ്ധതികള്‍ ഇനിയും പ്രതീക്ഷിക്കാം.

Related Articles

Next Story

Videos

Share it