ഫ്‌ളാറ്റ് വില്‍പ്പനയില്‍ 93 ശതമാനത്തിന്റെ വര്‍ധന: കാരണമിതാണ്

കഴിഞ്ഞ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ലെ രണ്ടാം പാദത്തില്‍ രാജ്യത്തെ ഫ്‌ളാറ്റ് വില്‍പ്പനയില്‍ 93 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കാരണം 2020 കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഫ്‌ളാറ്റ് വില്‍പ്പന കുത്തനെ കുറഞ്ഞിരുന്നു. ഇതാണ് കോവിഡ് രണ്ടാം തരംഗത്തിനിടയിലും ഈവര്‍ഷത്തെ കാലയളവില്‍ 93 ശതമാനത്തോളം വര്‍ധനവുണ്ടാക്കിയത്. കൂടാതെ ഡവലപ്പര്‍മാര്‍ സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിച്ച് സജീവമായി വില്‍പ്പന രംഗത്തുണ്ടായതും വില്‍പ്പനയ്ക്ക് ഉത്തേജനം പകര്‍ന്നു. അനറോക്ക് പ്രോപര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എന്നിരുന്നാലും, 2019 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് ഫ്‌ളാറ്റ് വില്‍പ്പനയില്‍ 64 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 2021 ലെ ആദ്യ ത്രൈമാസത്തെ അപേക്ഷിച്ച് 58 ശതമാനത്തോളം വില്‍പ്പനയും കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രധാന ഏഴ് നഗരങ്ങളിലായി 2021 ലെ രണ്ടാം പാദത്തില്‍ 24,570 യൂണിറ്റുകളാണ് വിറ്റത്. 2020 ലെ ഇതേ പാദത്തില്‍ 12,740 യൂണിറ്റുകളായിരുന്നു വിറ്റുപോയത്. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ ഫ്‌ളാറ്റ് വില്‍പ്പനയില്‍ 46 ശതമാനവും മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍ (എംഎംആര്‍), പൂനെ എന്നിവിടങ്ങളില്‍നിന്നാണ്.
അതേസമയം, രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രാദേശികമായും ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡവലപ്പര്‍മാര്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുകയും 36,260 യൂണിറ്റുകള്‍ വിപണിയില്‍ എത്തിക്കുകയും ചെയ്തു. മൊത്തം ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ഹൈദരാബാദാണ് മുന്നില്‍. 8,850 യൂണിറ്റുകളാണ് രണ്ടാം പാദത്തില്‍ വിപണിയിലെത്തിച്ചത്. എംഎംആര്‍ (6,880 യൂണിറ്റ്), ബെംഗളൂരു (6,690) എന്നിവയാണ് പിന്നിലുള്ളത്.


Related Articles
Next Story
Videos
Share it