മുംബൈയില്‍ റിയല്‍ എസ്‌റ്റേറ്റ് വില്‍പ്പന 10 വര്‍ഷത്തെ ഉയരത്തില്‍
രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് വിപണിയായ മുംബൈയില്‍ വീടു വാങ്ങിയവരുടെ എണ്ണം കലണ്ടര്‍ വര്‍ഷം ഒരു ലക്ഷം കവിഞ്ഞു. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ വസ്തു രജിസ്‌ട്രേഷനാണ് ഈ വര്‍ഷം നടന്നത്. എക്കാലത്തെയും കുറഞ്ഞ പലിശ നിരക്കും ബില്‍ഡര്‍മാരില്‍ നിന്നുള്ള ആകര്‍ഷകമായ ഓഫറുകളുമാണ് പ്രോപ്പര്‍ട്ടി വില്‍പ്പന കൂട്ടിയത്.
സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വരുത്തിയിരുന്ന ഇളവുകള്‍ പിന്‍വലിക്കപ്പെട്ടിട്ടും രജിസ്‌ട്രേഷനില്‍ കുറവുണ്ടൊയില്ല എന്നത് ശ്രദ്ധേയമായി. ഡിസംബറിലെ മൂന്ന് ആഴ്ചകളില്‍ മാത്രം 5553 രജിസ്‌ട്രേഷനുകളാണ് നടന്നത്. മഹാരാഷ്ട്ര ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷനില്‍ നിന്നുള്ള കണക്കു പ്രകാരമാണിത്. നവംബറില്‍ ഉത്സവ സീസണുമായി ബന്ധപ്പെട്ട് 7582 രജിസ്‌ട്രേഷനുകള്‍ നടന്നിരുന്നു.
വസ്തു ഇടപാടിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലേക്ക് നവംബറില്‍ മാത്രം എത്തിയത് 549 കോടി രൂപയാണ്. ഡിസംബറില്‍ ഇതു വരെ 421 കോടി രൂപയും എത്തി.
സെപ്തംബറിലും ഒക്ടോബറിലും വസ്തു രജിസ്‌ട്രേഷനില്‍ ക്രമാനുഗതമായ വളര്‍ച്ച ഉണ്ടായിരുന്നു. കോവിഡ് വ്യാപനം യഥാര്‍ത്ഥത്തില്‍ വീട് വില്‍പ്പനയെ സഹായിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ പലിശ നിരക്കിന് പുറമേ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വരുത്തിയ ഇളവുകളും ഈ മേഖലയ്ക്ക് എന്ന പോലെ സര്‍ക്കാരിന്റെ വരുമാനം കൂടാനും സഹായകമായി.
ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 122 ശതമാനം വര്‍ധനവാണ് രജിസ്‌ട്രേഷനില്‍ ഉണ്ടായിരിക്കുന്നത്. നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ കണക്കു പ്രകാരം ജനുവരി-നവംബര്‍ കാലയളവില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഇതിലൂടെ ലഭിച്ചത് 5351 കോടി രൂപയാണ്.