Begin typing your search above and press return to search.
റിയല്‍ എസ്റ്റേറ്റ് മേഖല കരകയറുന്നു, ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വില്‍പ്പനയുമായി ഇന്ത്യന്‍ കമ്പനി
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ സൂചന കാട്ടി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല. ചൈനീസ് കമ്പനിയായ എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ച ലോകത്തെ ആശങ്കപ്പെടുത്തുന്നതിനിടയിലും റെക്കോര്‍ഡ് വില്‍പ്പനയുമായി വാര്‍ത്തയിലിടം നേടുകയാണ് ഇന്ത്യന്‍ ബില്‍ഡര്‍മാര്‍. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ നോയ്ഡയിലെ പ്രോജക്റ്റ് ഒറ്റ ദിവസം 575 കോടി രൂപയുടെ വില്‍പ്പന നടത്തി റെക്കോര്‍ഡിട്ടു.
പ്രോജക്റ്റ് ലോഞ്ച് ചെയ്ത ദിവസം തന്നെ ആകെ 5 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള 340 വീടുകള്‍ വിറ്റതായാണ് കമ്പനി പറയുന്നത്. രാജ്യത്തു തന്നെ അടുത്തിടെ നടന്ന ഏറ്റവും വിജയകരമായ ലോഞ്ചിംഗ് ആണെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ ഈ പ്രോജക്റ്റില്‍ നിന്ന് കമ്പനി വില്‍പ്പനയിലൂടെ നേടുന്ന തുക 1140 കോടി രൂപയായി. ഫോറസ്റ്റ് എന്ന തീമിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. 600 വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിച്ച നോയ്ഡ സെക്ടര്‍ 43 ലെ വിശാലമായ സ്ഥലത്താണ് ഗോദ്‌റെജ് വുഡ്‌സ് എന്ന പ്രോജക്റ്റ് ഒരുക്കുന്നത്.
ശോഭ ലിമിറ്റഡ്, ഡിഎല്‍എഫ്, പ്രസ്റ്റീജ്, പുറവങ്കര തുടങ്ങിയ ബില്‍ഡര്‍മാരും മികച്ച വില്‍പ്പനയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തി വരുന്നത്.
പുതിയ പദ്ധതികളും വ്യാപകമായി പ്രഖാപിക്കപ്പെടുന്നുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് ബില്‍ഡര്‍മാര്‍ എല്ലാം കൂടി ഒരുക്കുക 92.5 ദശലക്ഷം ചതുരശ്രയടി റസിഡന്‍ഷ്യല്‍ സ്‌പേസ് ആകും. ഇപ്പോഴും ആകെ പ്രോജക്റ്റുകളുടെ 70 ശതമാനവും മുംബൈ, ഡല്‍ഹി, ബാംഗളൂര്‍, ചെന്നൈ, ഹൈദരാബാദ്, പൂന, കൊല്‍ക്കൊത്ത തുടങ്ങിയ വന്‍കിട നഗരങ്ങളിലാണെങ്കിലും ഇപ്പോള്‍ സ്ഥിതി മാറുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ചാണ്ഡീഗഡ്, ഇന്‍ഡോര്‍, ലക്‌നൗ, നാഗ്പൂര്‍ തുടങ്ങി നിരവധി ടയര്‍ 2 നഗരങ്ങളിലും പദ്ധതി വരുന്നുണ്ട്.
ചെറു പട്ടണങ്ങളിലേക്കുള്ള ഈ മാറ്റം കേരളത്തില്‍ മുമ്പു തന്നെ തുടങ്ങിയതായി ക്രെഡായ് സംസ്ഥാന ചെയര്‍മാനും സെക്യുറ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്റ്ററുമായ എം എ മെഹബൂബ് ചൂണ്ടിക്കാട്ടുന്നു. വര്‍ക്ക് ഫ്രം ഹോം ്‌വ്യാപകമായതും യാത്രാ നിയന്ത്രണങ്ങള്‍ മൂലം ആളുകള്‍ കൂടുതല്‍ അടുത്തുള്ള റീറ്റെയ്ല്‍ ഷോപ്പുകളെ ആശ്രയിച്ചു തുടങ്ങിയതുമെല്ലാം ചെറു പട്ടണങ്ങളിലും റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ സ്‌പേസുകളുടെ ഡിമാന്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്.
വിപണിയില്‍ അനുകൂലമായ സ്ഥിതി ഉയര്‍ന്നു വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലായതും സാമ്പത്തിക മേഖല സാധാരണ നിലയിലേക്ക് വരുന്നതും ഇതിന് കാരണമായി. രണ്ടു വര്‍ഷത്തോളം കാര്യമായ ചെലവിടലുകള്‍ നടത്താത്തതിനാല്‍ ലിക്വിഡിറ്റി പ്രശ്‌നമാകുന്നില്ലെന്ന് എം എ മെഹബൂബ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന ഇനിയുള്ള പ്രോജക്റ്റുകളുടെ വിലയില്‍ പ്രതിഫലിക്കുമെന്നത് നിലവിലുള്ള പ്രോജക്റ്റുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നുണ്ടെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു.
10-15 കൊല്ലമായി റിയല്‍ എസ്റ്റേറ്റിലെ വിലകള്‍ വലിയ തോതില്‍ കൂടിയിട്ടില്ല. ഈ രംഗത്തെ മികച്ച കമ്പനികളുടെ മൂല്യവും ഒരു ദശാബ്ദത്തോളമായി താഴ്ന്ന നിലയില്‍ തന്നെയാണ് തുടരുന്നത്. എന്നാല്‍ റെറ ചട്ടം ഈ രംഗത്തെ സംഘടിത കമ്പനികള്‍ക്ക് ഏറെ ഗുണമായിട്ടുണ്ടെന്നും ഭാവിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
Next Story