ദുബൈയില്‍ വാടക കെട്ടിടങ്ങള്‍ ഒഴിയാന്‍ പറയുന്നതിന് കാരണങ്ങള്‍ ഇതാണ്
ദുബൈയില്‍ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന, മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് കിട്ടുമോ എന്ന വേവലാതി ഏത് സമയത്തുമുണ്ട്. പല കാരണങ്ങളാല്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമകളെത്തുന്നത് ദുബൈയില്‍ പതിവായിരിക്കുന്നു. ഫ്ളാറ്റുകളുടെയും വില്ലകളുടെയും വാടക വീണ്ടും ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയുടെ നിഴലിലാണ് പ്രവാസി കുടുംബങ്ങളില്‍ പലരും.
ഉയരുന്ന വാടക
കോവിഡ് കാലത്തെ മാന്ദ്യത്തിന് ശേഷം നഗരത്തില്‍ കെട്ടിട വാടകകള്‍ ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വാടകയില്‍ വലിയ കുതുപ്പുണ്ടായി. നല്ല താമസ സൗകര്യങ്ങള്‍ക്ക് പ്രതിവര്‍ഷം അരലക്ഷം ദിര്‍ഹം മുതല്‍ മൂന്നു ലക്ഷം ദിര്‍ഹം വരെ വാടകയായി നല്‍കേണ്ടി വരുന്നു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇത് കുറച്ചൊന്നുമല്ല വെല്ലുവിളിയാകുന്നത്. താമസ കെട്ടിടങ്ങള്‍ക്ക് ഡിമാന്റ് കൂടിയതോടെ വാടക വര്‍ധിപ്പിക്കുന്നതിന് വേണ്ടി നിലവിലുള്ള താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും കെട്ടിട ഉടമകള്‍ നടത്തുന്നുണ്ട്. കമ്പനികളുടെ താമസ സൗകര്യങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ സ്വന്തം നിലയില്‍ താമസിക്കുന്നവരെയാണ് ഇത് കൂടുതലായി ബുദ്ധിമുട്ടിക്കുന്നത്.
കെട്ടിടം പൊളിക്കുമ്പോള്‍
ഫ്ലാറ്റോ വില്ലയോ പൊളിക്കാന്‍ ഉടമ തീരുമാനിക്കുകയാണെങ്കില്‍ വാടകക്കാര്‍ ഒഴിഞ്ഞു കൊടുക്കണമെന്നാണ് ദുബൈ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോരിറ്റിയുടെ (റെറ) നിയമം. അതേസമയം, കെട്ടിടം പൊളിക്കുന്നതിനുള്ള അനുമതി അതോരിറ്റിയില്‍ നിന്ന് കെട്ടിട ഉടമ വാങ്ങിയിരിക്കണം. തനിക്കോ, അടുത്ത ബന്ധുക്കള്‍ക്കോ താമസിക്കാനായി വീട് ഒഴിഞ്ഞു കൊടുക്കാനും ഉടമക്ക് താമസക്കാരോട് ആവശ്യപ്പെടാം. ഇത്തരത്തില്‍ ഒഴിപ്പിക്കുന്ന കെട്ടിടം അടുത്ത രണ്ട് വര്‍ഷത്തേക്ക് മറ്റൊരാള്‍ക്ക് വാടകക്ക് കൊടുക്കാന്‍ പാടില്ലെന്നാണ് നിയമം. വാടകക്കാരന്‍ പാലിക്കേണ്ടി മര്യാദകളില്‍, കെട്ടിടം മറ്റൊരാള്‍ക്ക് മേല്‍വാടകക്ക് നല്‍കരുത്, കെട്ടിടം നശിപ്പിക്കരുത്, വാടക വര്‍ഷത്തിലൊരിക്കലോ പ്രതിമാസമോ കൃത്യമായി നല്‍കണം തുടങ്ങിയ നിബന്ധനകളുമുണ്ട്.
വാടക നിയമം കര്‍ശനം
ദുബൈ നഗരത്തില്‍ കെട്ടിട വാടക സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാണ്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോരിറ്റി കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന നിരക്കുകളാണ് കെട്ടിട വാടകയില്‍ അടിസ്ഥാനം. ഈ നിരക്ക് കെട്ടിട ഉടമകള്‍ക്ക് ഈടാക്കാം. വര്‍ഷം തോറും 15 ശതമാനം വരെ നിരക്ക് വര്‍ധനയും അനുവദിച്ചിട്ടുണ്ട്. വാടക തുകയുടെ അഞ്ച് ശതമാനം കെട്ടിട ഉടമകള്‍ സര്‍ക്കാരിലേക്ക് നല്‍കണം. നഗരത്തിലെ ഓരോ പ്രദേശത്തെയും കെട്ടിടങ്ങളുടെ വാടക നിരക്ക് അതോരിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് അറിയാനാകും. കെട്ടിട ഉടമകളും വാടകക്കാരനും പാലിക്കേണ്ട മര്യാദകളെ കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങളുമുണ്ട്. നിയമപ്രകാരമുള്ള വാടക നല്‍കുന്ന താമസക്കാരനെ, മറ്റൊരാളില്‍ നിന്ന് അധികവാടക ലഭിക്കുമെന്ന സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കുന്നതിനെ നിയമം തടയുന്നുണ്ട്.