Begin typing your search above and press return to search.
ഇന്ത്യന്‍ വിപണിയില്‍ ലഭ്യത കുറയുന്നു റബറിന് വില കൂടുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ വിപണിയില്‍ സ്വാഭാവിക റബ്ബറിന്റെ വില കൂടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ദി അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി)യുടെ ദ്വൈവാര റബ്ബര്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് വില കൂടാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത്.
ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, ചൈന എന്നിവിടങ്ങളില്‍ റബറിന്റെ ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചത് രാജ്യാന്തര വിപണിയില്‍ റബ്ബര്‍ വില കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൂടാന്‍ കാരണമായെങ്കിലും മറ്റു ചില കാരണങ്ങളാണ് കോട്ടയം പ്രാദേശിക വിപണിയില്‍ വില കുറയുകയായിരുന്നു.
ലൂണാര്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് നീണ്ട അവധിക്കാലത്തിനു മുമ്പായി ചൈന വന്‍തോതില്‍ റബ്ബര്‍ സംഭരിക്കാന്‍ തീരുമാനിച്ചതാണ് രാജ്യാന്തര തലത്തില്‍ ഡിമാന്‍ഡ് കൂട്ടിയത്. കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കിയതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതും സ്വാഭാവിക റബ്ബറിന്റെ ഡിമന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്രൂഡ് ഓയ്ല്‍ വിലയില്‍ ഉണ്ടായിരിക്കുന്ന ഉയര്‍ച്ച സിന്തറ്റിക് റബ്ബറിന്റെ വിലയെയും ബാധിക്കുമെന്നതിനാല്‍ സ്വാഭാവിക റബ്ബറിന്റെ ഡിമാന്‍ഡും വിലയും കൂടാന്‍ കാരണമായിട്ടുണ്ട്.
തായ്‌ലാന്‍ഡ് അടക്കമുള്ള റബ്ബര്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കവും രാജ്യാന്തര വിപണിയില്‍ സ്വാഭാവിക റബ്ബറിന്റെ ലഭ്യതയെ കുറിച്ച് ആശങ്കയുണര്‍ത്തിയതും വില കൂടുന്നതിലേക്ക് നയിച്ചു.
ഇറക്കുമതി കൂടി ഡിമാന്‍ഡ് കുറഞ്ഞു; കോട്ടയത്ത് വിലയിടിഞ്ഞു
രാജ്യാന്തര വിപണിയില്‍ റബ്ബര്‍ വില ഉയര്‍ന്നു നിന്നപ്പോഴും കോട്ടയം പ്രാദേശിക വിപണിയില്‍ വിലയില്‍ ഇടിവാണുണ്ടായത്. തുടര്‍ച്ചയായ മഴ കാരണം ലഭ്യത കുറഞ്ഞിട്ടും കോട്ടയത്ത് ആര്‍എസ്എസ് 4 ന്റെ വില സെപ്തംബറിന്റെ രണ്ടാം പകുതിയേക്കാള്‍ ഒക്ടോബര്‍ ആദ്യ പകുതിയില്‍ 2.3 ശതമാനം വരെ കുറഞ്ഞു. സെപ്തംബര്‍ രണ്ടാം പകുതിയില്‍ ക്വിന്റലിന് 231.99 ഡോളര്‍ ആണ് വിലയുണ്ടായിരുന്നതെങ്കില്‍ ഒക്ടോബര്‍ ആദ്യ പകുതിയില്‍ 226.75 ഡോളറായി കുറഞ്ഞു. രാജ്യാന്തര വിപണിയേക്കാള്‍ ആഭ്യന്തര വിപണിയിലെ ചലനങ്ങളാണ് കോട്ടയം പ്രാദേശിക വിപണിയെ നയിക്കുന്നത് എന്നതാണ് വിലയിലെ അന്തരത്തിന് കാരണമായത്. ടയര്‍ ഡിമാന്‍ഡ് കുറഞ്ഞതും ഊര്‍ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകളും സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചെയ്യേണ്ടി വന്നതുമെല്ലാം ഓട്ടോ-ടയര്‍ കമ്പനികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ കാരണമായി. ഓഗസ്റ്റില്‍ 40500 ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്ത ഇന്ത്യ സെപ്തംബറില്‍ അത് 46000 ടണ്‍ ആയി ഉയര്‍ത്തി. ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ ഏകദേശം 20,000 ടണ്‍ സ്വാഭാവിക റബ്ബര്‍ രാജ്യത്ത് ഇറക്കുമതി ചെയതിട്ടുണ്ടെന്നാണ് കണക്ക്.
ഫെബ്രുവരി 1ന് ലൂണാര്‍ പുതുവര്‍ഷത്തിന്റെ ഭാഗമായി ചൈനയില്‍ രണ്ടാഴ്ചത്തെ അവധിയാണ്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി ഇറക്കുമതി കുറച്ച ചൈനയില്‍ സ്വാഭാവിക റബ്ബറിന് ക്ഷാമം നേരിടുന്നുണ്ട്. അതുകൊണ്ടു തന്നെ പുതുവര്‍ഷാവധിക്കു മുന്നോടിയായി വന്‍തോതിലുള്ള ഇറക്കുമിതിക്ക് ചൈന മുതിരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനൊപ്പം ആഗോള തലത്തില്‍ റബ്ബര്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായ ഇടിവും ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വില കൂടാന്‍ കാരണമാകുകയും ചെയ്യുമെന്നാണ് എഎന്‍ആര്‍പിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലും വില കൂടും
പ്രധാനമായും രണ്ടു കാരണങ്ങളലാണ് ഇന്ത്യന്‍ വിപണിയില്‍ റബ്ബര്‍ വില കൂടുമെന്ന് എഎന്‍ആര്‍പിസി പറയുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ ഇറക്കുമതി കൂടുതല്‍ ചെലവേറിയതാകും. രണ്ടാമത്, കേരളം ഉള്‍പ്പടെയുള്ള പ്രധാന റബ്ബര്‍ ഉല്‍പ്പാദക പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്ന മഴക്കെടുതികളും വെള്ളപ്പൊക്കവും ഉല്‍പ്പാദനത്തെയും വിളവെടുപ്പിനെയും ബാധിക്കുന്നത് വിപണിയില്‍ വലിയ തോതില്‍ ക്ഷാമത്തിന് കാരണമാകും.
അതേസമയം ഉയര്‍ന്ന എണ്ണവിലയും ഊര്‍ജ പ്രതിസന്ധിയും പണപ്പെരുപ്പവും ആളുകളുടെ വാങ്ങല്‍ ശേഷി കുറയ്ക്കുമെന്നും അത് മൊത്ത ഉല്‍പ്പാദനത്തെയും റബ്ബര്‍ ഡിമാന്‍ഡിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story