Begin typing your search above and press return to search.
വീടെടുക്കാന്‍ തയാറെടുക്കുകയാണോ? ഇക്കാര്യങ്ങള്‍ മറക്കരുത്
ഏതൊരാളുടെയും സ്വപനമാണ് സ്വന്തമായി ഒരു വീട് എന്നത്. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ അത് സാധ്യമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഉയര്‍ന്ന പണപ്പെരുപ്പം മൂലം പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന വരുത്തിയിട്ടുണ്ട്. മുമ്പത്തേക്കാള്‍ വായ്പകള്‍ ചെലവേറിയതാകും എന്നതാണ് ഇതിന്റെ ദോഷവശം.
വീട് വാങ്ങുമ്പോള്‍ പ്രധാനമായും പരിഗണിക്കേണ്ട ഒന്നാണ് പലിശ നിരക്ക്. കാരണം വീട് വാങ്ങുമ്പോഴുള്ള ചെലവില്‍ ഏറ്റവും കൂടുതല്‍ വരുന്നത് പലിശയിലൂടെയാണ്. ഉദാഹരണത്തിന് 20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ ഏഴ് ശതമാനം നിരക്കില്‍ വായ്പയെടുത്താല്‍ 43.03 ലക്ഷം രൂപ പലിശയായി മാത്രം നല്‍കേണ്ടി വരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കുറഞ്ഞ പലിശനിരക്കിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് കൂടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചാ ആഴ്ചക്കിടെ 6.40-6.80 നിരക്കില്‍ നിന്ന് 90 ബേസിസ് പോയ്ന്റ് വര്‍ധിച്ച് 7.30-7.70 ശതമാനം നിരക്കിലേക്ക് പലിശ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...
സാമ്പത്തികമായി തയാറാണോ?
വീടെടുക്കാന്‍ വായ്പ എളുപ്പത്തില്‍ ലഭ്യമാകുന്ന സമയമാണിത്. എന്നാല്‍ ഏറെ പണച്ചെലവുള്ള ഇടപാടില്‍ എല്ലാ തുകയും ബാങ്കില്‍ നിന്ന് ലഭിക്കും എന്ന് കരുതാന്‍ വയ്യ. ഉദാഹരണത്തിന് വീടിന് വേണ്ടി വരുന്ന ചെലവ് 100 രൂപയാണെങ്കില്‍ ജിഎസ്ടി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍, ലീഗല്‍ നടപടികള്‍, ഫര്‍ണിഷിംഗ്, ബ്രോക്കറേജ്, ഫിനാന്‍സിംഗ് തുടങ്ങി വിവിധങ്ങളായ മറ്റു ചെലവുകളുമുണ്ട്. എല്ലാം കൂടിയാകുമ്പോള്‍ വില 120 ആകും. അടിസ്ഥാന വില, ജിഎസ്ടി എന്നിവയുടെ ഏകദേശം 80 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. അങ്ങനെയാകുമ്പോള്‍ 85 രൂപയാകും വായ്പയായി ലഭിക്കുക. ബാക്കി 35 രൂപ കൈയില്‍ നിന്ന് എടുക്കേണ്ടി വരുന്നു. അതുണ്ടോ എന്നു പരിശോധിച്ച ശേഷം മതി വീട് വാങ്ങണോ എന്ന് തീരുമാനിക്കാന്‍.
നിക്ഷേപമോ താമസത്തിനോ?
വീട് വാങ്ങുന്നത് സ്വന്തമായി താമസിക്കാനോ നിക്ഷേപത്തിനായോ ആകാം. ഒരേ സ്ഥലത്ത് തന്നെ താമസിക്കാം എന്നാണെങ്കില്‍ വീട് സ്വന്തം ആവശ്യത്തിനായി എടുക്കുന്നത് നല്ലതു തന്നെ. എന്നാല്‍ താല്‍ക്കാലികമായ താമസത്തിനായി വില കൊടുത്ത് വീട് സ്വന്തമാക്കണോ എന്ന് രണ്ടാമത് കൂടി ആലോചിക്കുന്നത് നല്ലതായിരിക്കും. നിക്ഷേപം എന്ന നിലയില്‍ ആണെങ്കില്‍ മ്യൂച്വല്‍ ഫണ്ട്, ഓഹരി വിപണി, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളുമായി താരതമ്യം നടത്തി ഉചിതമായ തീരുമാനമെടുക്കാം. അടുത്ത കാലത്ത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം അത്ര ആകര്‍ഷകമായിരുന്നില്ലെന്നാണ് റിസര്‍വ് ബാങ്ക് ഡാറ്റ വ്യക്തമാക്കുന്നത്. വാര്‍ഷിക നേട്ടം സേവിംഗ് എക്കൗണ്ടിനേക്കാള്‍ കുറവായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിപാലന ചെലവുകളും വസ്തു നികുതിയും വായ്പയുടെ പലിശയുമെല്ലാം ചെലവുകളായി വരുന്നുമുണ്ട്.
വരുമാന സ്ഥിരത ആവശ്യം
പണപ്പെരുപ്പം കൂടി വരുന്ന സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിരത വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ജീവിത ചെലവുകള്‍ കൂടി വരുന്നുണ്ട്. നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം ഉയര്‍ന്നും താണുമിരിക്കും. മാത്രമല്ല, ജോലി സംബന്ധിച്ചും ആശങ്കകളുയര്‍ന്നേക്കാം. വീടിനായി വലിയ തുക വായ്പയെടുക്കുമ്പോള്‍ തിരിച്ചടക്കാനുള്ള വരുമാനം ഉറപ്പുവരുത്താനാകുമോ എന്ന് പരിശോധിക്കണം. ജോലി നഷ്ടമായാലും തിരിച്ചടക്കാന്‍ കഴിയുന്ന ഇഎംഐ ആയിരിക്കണം. മാസവരുമാനത്തിന്റെ 30-40 ശതമാനത്തില്‍ കവിയരുത് ഇഎംഐ.
നിലവിലെ സാഹചര്യത്തില്‍ പലിശ നിരക്കും കൂടി വരികയാണ്. ഇപ്പോഴത്തെ 7 ശതമാനത്തില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ 9 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായ്പ കാലവധിക്കു മുമ്പേ തിരിച്ചടക്കണോ?
പണപ്പെരുപ്പം കുറയാന്‍ കുറച്ചു കൂടി സമയം എടുത്തേക്കും. എന്നാല്‍ പലിശ നിരക്ക് കൂടിക്കൊണ്ടിരിക്കാനാണ് സാധ്യത. ഇപ്പോള്‍ പുതിയ വായ്പ എടുക്കുകയാണെങ്കില്‍ ഉയര്‍ന്ന പലിശ നിരക്ക് കാരണം തിരിച്ചടവ് കാലാവധി കൂടും. കഴിയുമെങ്കില്‍ മാസതവണ വര്‍ധിപ്പിച്ച് വായ്പാ കാലാവധി കുറയ്ക്കുകയാണ് വേണ്ടത്. കുറച്ചധികം തുക കൈയില്‍ വരികയാണെങ്കില്‍ അതടച്ചും വായ്പാ ഭാരം കുറയ്ക്കാന്‍ ശ്രമിക്കാം.
സാമ്പത്തികാവസ്ഥ മോശമായിരിക്കുകയും പലിശ നിരക്ക് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പത്തികമായും വ്യക്തിപരമായും തയാറെടുപ്പ് നടത്തിയിട്ടുണ്ടോ എന്നതാണ് പ്രധാനം. ഫണ്ടും മികച്ച ക്രെഡിറ്റ് സ്‌കോറും വരുമാന സ്ഥിരതയും ഉണ്ടെങ്കില്‍ ധൈര്യപൂര്‍വം വീടെടുക്കാം. അല്ലെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കുകയാണ് നല്ലത്.
Next Story