Begin typing your search above and press return to search.
പട്ടയ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനം: നിയമം കര്‍ശനമാക്കി, കുരുക്കിലായി നിരവധി പേര്‍
സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ വാണിജ്യാവശ്യത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നടപ്പിലായി തുടങ്ങി. വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള കൈവശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമി പ്രത്യേക ആവശ്യത്തിനായി പതിച്ചു നല്‍കിയതാണോ എന്ന് കൃത്യമായി രേഖപ്പെടുത്താന്‍ തുടങ്ങിയതോടെ വാണിജ്യാവശ്യത്തിനുള്ള നിര്‍മാണ പ്രവര്‍ത്തനം അസാധ്യമായി.
ഇതു സംബന്ധിച്ച ഒരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ ചുവടു പിടിച്ച് 2020 ഡിസംബറിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ എ ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചത്.
പതിവ് ചട്ട പ്രകാരം പതിച്ചു കിട്ടയ ബൈസണ്‍ വാലി വില്ലജിലെ ഭൂമിയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ എന്‍ഒസി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലാലി ജോര്‍ജ് എന്ന വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം തള്ളിയ ഹൈക്കോടതി സംസ്ഥാനത്ത് എല്ലായിടത്തും സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ വാണിജ്യ നിര്‍മാണ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ സര്‍ക്കാര്‍ സൂപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷണര്‍, ജില്ലാ കളക്ടര്‍മാര്‍, അഡ്വക്കറ്റ് ജനറല്‍, അക്കൗണ്ടന്റ് ജനറല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ക്ക് കോടതി ഉത്തരവ് പാലിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
' ..... ബഹു ഹൈക്കോടതിയുടെ പരമര്‍ശ പ്രകാരമുള്ള വിധിന്യായത്തിന്റെ വെളിച്ചത്തില്‍ ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പൊസഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍, നിര്‍മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി, കേരള ലാന്റ് അസൈന്‍മെന്റ് ആക്ട് 1960 പ്രകാരം ഒരു പ്രത്യേക ആവശ്യത്തിനായി പതിച്ചു നല്‍കിയതോണോ/അല്ലയോ എന്ന വിഷയം കൂടി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ പരിശോധിക്കേണ്ടതാണെന്നും ഭൂമി പതിവ് ചട്ടപ്രകാരം ഒരു പ്രത്യേക ആവഷ്യത്തിന് പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ ആ വിവരം കൂടി രേഖപ്പെടുത്തി മാത്രമേ ബന്ധപ്പെട്ട റവന്യു അധികാരികള്‍ പൊസഷന്‍ സര്‍ട്ടിഫിക്കറ്റ ്അനുവദിക്കാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു ' എന്നാണ് നിര്‍ദ്ദേശം.
കൃഷി ചെയ്യുന്നതിനും വീട് വെക്കുന്നതിനും ഏക്കറുകള്‍ പതിച്ചു കിട്ടിയ പലരും ഭൂമി വര്‍ഷങ്ങള്‍ക്കു മുമ്പേ വിറ്റിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ പതിച്ചു കിട്ടിയ പല സ്ഥലങ്ങളും ചെറു പട്ടണങ്ങളുടെ കണ്ണായ ഭാഗങ്ങള്‍ കൂടിയാണ്. ചിലതില്‍ കെട്ടിടം നിര്‍മിച്ച് വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലുള്ള കെട്ടിടങ്ങള്‍ സംബന്ധിച്ച് എന്തു നിലപാട് എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമൊന്നും ഇതു വരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം അവര്‍ക്കെതിരെ നടപടി ഉണ്ടാവില്ല. എന്നാല്‍ ഈ ഭൂമിയിലെ കെട്ടിടം വികസിപ്പിക്കുന്നതിനോ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനോ അനുമതി ലഭിക്കില്ല. അതേസമയം വീട് വെക്കുന്നതിന് തടസ്സമില്ല. പല ഭൂമിയും നാലും അഞ്ചു കൈ മറിഞ്ഞാണ് നിലവിലെ ഉടമസ്ഥരിലേക്ക് എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ വില കൊടുത്ത് വാങ്ങിയ ഭൂമി ഉപയോഗപ്പെടാതെ പോകുമെന്ന ആശങ്കയാണ് ഭൂവുടമകള്‍ക്കുള്ളത്.
Next Story
Videos