ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റ് പാട്ടത്തിന് നല്‍കി ടാറ്റ റിയല്‍റ്റി, നല്‍കിയത് ഈ വമ്പന്മാര്‍ക്ക്

ഗുരുഗ്രാമിലെ 1.56 ലക്ഷം സ്‌ക്വയര്‍ഫീറ്റ് ജോണ്‍സണ്‍ കണ്‍ട്രോള്‍സിനും പെപ്സികോയ്ക്കും പാട്ടത്തിന് നല്‍കിയതായി ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അറിയിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്ക് 27 കോടി രൂപയ്ക്കാണ് പാട്ടം. 'അടുത്ത 24 മാസത്തിനുള്ളില്‍ പാട്ടത്തിലൂടെ ഏകദേശം 27 കോടി പ്രവര്‍ത്തന വരുമാനം നേടും,'' ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു. ഐടി/ഐടിഇഎസ് സെസ് കാമ്പസായ ഇന്റലിയോണ്‍ പാര്‍ക്കില്‍ ജോണ്‍സണ്‍ കണ്‍ട്രോള്‍സ് 85,000 സ്‌ക്വയര്‍ഫീറ്റാണ് പാട്ടത്തിനെടുത്തത്.

ഗുരുഗ്രാമിലെ സെക്ടര്‍ 72ല്‍ എട്ട് ഏക്കറില്‍ പരന്നുകിടക്കുന്ന ഇന്റലിയോണ്‍ എഡ്ജില്‍ പെപ്സികോ 71,000 സ്‌ക്വയര്‍ഫീറ്റാണ് പാട്ടത്തിനെടുത്തത്. 1.6 ദശലക്ഷം സ്‌ക്വയര്‍ഫീറ്റ് ഓഫീസ് സ്ഥലവും മൂന്ന് ടവറുകളും ഉള്ള മുന്‍നിര വാണിജ്യ ഓഫീസ് പ്രോജക്ടുകളില്‍ ഒന്നാണിത്. പാട്ടത്തിനെടുത്ത സ്ഥലത്തേക്ക് പെപ്സികോയുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, മേഖലയില്‍ 800 പുതിയ തൊഴിലവസരങ്ങള്‍ ജോണ്‍സണ്‍ കണ്‍ട്രോള്‍സ് സൃഷ്ടിച്ചേക്കും.

അതേസമയം, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഓഫീസ് സൗകര്യമാണ് ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. 2027 ഓടെ അതിന്റെ പോര്‍ട്ട്ഫോളിയോ 45 ദശലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കും. 15 നഗരങ്ങളിലായി 50-ലധികം പ്രോജക്ടുകളുടെ പോര്‍ട്ട്ഫോളിയോ ഉള്ള ഇന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് വികസന കമ്പനികളിലൊന്നാണ് ടാറ്റ റിയല്‍റ്റി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it