15 ദിവസങ്ങള്‍ക്കുള്ളില്‍ വീട് നിര്‍മിക്കാം, ത്വസ്തയുടെ ത്രീഡി പ്രിന്റിംഗ് മാര്‍ഗമിതാ

ഒരു വീട് വയ്ക്കാന്‍ ചുരുങ്ങിയത് എത്ര കാലം വേണ്ടിവരും ? ആറ് മാസം അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ കാലം. അപ്പോള്‍ ദിവസങ്ങള്‍ക്കകം ഒരു വീട് വയ്ക്കാന്‍ സാധിച്ചാലോ.. അതൊരു അത്ഭുതമായിരിക്കുമല്ലേ... എന്നാല്‍ ദിവസങ്ങള്‍ക്കകം വീട് വയ്ക്കാനുള്ള ത്രീഡി പ്രീന്റിംഗ് മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ഐഐടി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ത്വസ്ത. ഇന്ത്യയില്‍ ആദ്യമായി ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 15 ദിവസങ്ങള്‍ കൊണ്ടാണ് ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനി 600 സ്‌ക്വയര്‍ ഫീറ്റുള്ള വീടൊരുക്കിയത്. സാധാരണ വീട് നിര്‍മാണ ചെലവിനേക്കാള്‍ 30 ശതമാനം കുറവില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകള്‍ ഒരുക്കാമെന്നും നിര്‍മാതാക്കാള്‍ അവകാശപ്പെടുന്നു.

തൊഴിലാളികളുടെ ആവശ്യമില്ലാത്തതിനാല്‍ തന്നെ തൊഴിലാളി ക്ഷാമം ഈ മാര്‍ഗമുപയോഗിച്ചുള്ള കെട്ടിട നിര്‍മാണത്തെ ബാധിക്കില്ല. തീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേക തരത്തിലുള്ള കോണ്‍ക്രീറ്റ് മിശ്രിതം പാളികളായി നിക്ഷേപിച്ച് തയ്യാറാക്കുന്ന വലിയ കോണ്‍ക്രീറ്റ് ആകൃതികള്‍ വെച്ച് അഞ്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ വീടിന്റെ രൂപം തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. സാധാരണ വീടുകളില്‍നിന്ന് യാതൊരു വ്യത്യാസവും ഈ സാങ്കേതിക ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകളില്‍ കാണാനാകില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഇന്ത്യയിലെ കെട്ടിട നിര്‍മാണ രംഗത്ത് പുതുവഴികള്‍ സമ്മാനിച്ച ത്വസ്ത മാനുഫാക്ചറിംഗ് സൊല്യൂഷന് നേതൃത്വം കൊടുക്കുന്നതും ഒരു മലയാളിയാണ്. വയനാട് കല്‍പ്പറ്റ സ്വദേശിയായ ആദിത്യന്‍, സുഹൃത്തുക്കളായ വിദ്യാ ശങ്കര്‍, പരിവര്‍ത്ഥന്‍ എന്നിവരാണ് ഈ സ്റ്റാര്‍ട്ട് അപ്പിന് പിന്നിലുള്ളത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെന്നൈയിലെ ഐഐടി ക്യാംപസിലാണ് ത്വസ്ത ആദ്യത്തെ ത്രിഡി പ്രിന്റിംഗ് വീട് നിര്‍മിച്ചത്. 600 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ ഒറ്റനില വീട്ടില്‍ ഒരു കിടപ്പുമുറി, ഹാള്‍, അടുക്കള എന്നിവ ഉള്‍ക്കൊള്ളുന്നു.
ഈ സാങ്കേതികവിദ്യ ഇന്ത്യയിലുടനീളം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് ത്വസ്ത. ഇതിനായി വന്‍കിട നിര്‍മാണ കമ്പനികളുമായും സ്ഥാപനങ്ങളുമായും ധാരണയാക്കിയിട്ടുണ്ട്.


Related Articles

Next Story

Videos

Share it