Begin typing your search above and press return to search.
പദ്ധതികള്‍ നീണ്ടുപോയാല്‍ വീടു വാങ്ങുന്നവര്‍ എന്തു ചെയ്യണം?
അനറോക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് റസിഡന്‍ഷ്യല്‍ മേഖലയില്‍ നിലച്ചുപോകുന്ന പദ്ധതികള്‍ കൂടിവരികയാണ്. രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളിലെ 1,74,000 വീടുകളാണ് പണി പൂര്‍ണമായും നിലച്ച മട്ടിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയുടെ മൂല്യം 1,40,613 കോടി രൂപ വരും. ഇവയില്‍ 65 ശതമാനവും 85 ലക്ഷം രൂപയില്‍ താഴെ വില വരുന്നവയാണ്. നിലച്ചുപോയ പദ്ധതികളുടെ എണ്ണത്തില്‍ ദല്‍ഹി ദേശീയ തലസ്ഥാന മേഖലയാണ്. (1,13,860 യൂണിറ്റ്), തൊട്ടുപിന്നില്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണും (41,720 യൂണിറ്റ്).
പണം മുടക്കിയ ശേഷം പദ്ധതി നിലച്ചുപോയാലോ പൂര്‍ത്തീകരണം വൈകിയാലോ നിക്ഷേപകര്‍ എന്താണ് ചെയ്യേïത്. ഇതാ ചില വഴികള്‍.
പരാതി നല്‍കാം
ആദ്യം ചെയ്യേണ്ടത് റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്) അഥോറിറ്റിക്ക് (RERA) പരാതി നല്‍കുകയാണ്. നിങ്ങള്‍ മുടക്കിയ പണം തിരികെ ലഭിക്കാനും നിങ്ങള്‍ നല്‍കിയ തുകയ്ക്ക് പലിശ ലഭിക്കാനും നഷ്ടപരിഹാരം നേടിയെടുക്കാനും റിയല്‍ എസ്റ്റേറ്റ് ആക്ട് സെക്ഷന്‍ 18 പ്രകാരം അവസരമുണ്ടാകുമെന്ന് റെറ ചെയര്‍മാന്‍ പിഎച്ച് കുര്യന്‍ പറയുന്നു. വാഗ്ദാനം ചെയ്ത സമയത്ത് ഉപഭോക്താവിന് വീട് കൈമാറിയിട്ടില്ലെങ്കില്‍ തുക പലിശയും നഷ്ടപരിഹാരവും സഹിതം തിരിച്ചുകിട്ടാന്‍ നിക്ഷേപകന് അര്‍ഹതയുണ്ട്. അതല്ലെങ്കില്‍ പദ്ധതി ഉടനെ പൂര്‍ത്തീകരിച്ച് കൈമാറണമെന്നാവശ്യപ്പെട്ടും പരാതി നല്‍കാം. അപ്പോഴും വൈകിയ കാലയളവിലെ പലിശ ലഭിക്കും.
നിയമ വഴി
നിയമത്തിന്റെ വഴിയാണ് ഉപഭോക്താവ് ആഗ്രഹിക്കുന്നതെങ്കില്‍ ഹിയറിംഗ് ബോഡി അല്ലെങ്കില്‍ കോടതിയുണ്ട്. വീഴ്ച വരുത്തുന്ന ബില്‍ഡര്‍മാര്‍ക്കെതിരെ ഉപഭോക്താവിന് സമീപിക്കാവുന്ന മികച്ച ഉപാധിയാണ് ദി നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസ്സല്‍ കമ്മീഷന്‍.
പ്രധാന നഗരങ്ങളില്‍ നഗരതല ഫോറങ്ങളും എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന തല ഫോറങ്ങളും ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്തൃ കോടതിക്ക് സമാനമായ രീതിയിലാണ് പ്രവര്‍ത്തനം. ഒരു വര്‍ഷത്തിലേറെ പദ്ധതി നീണ്ടു പോകുകയോ നിലച്ചുപോകുകയോ ചെയ്താല്‍ ഉപഭോക്താവിന് പരാതിയുമായി കമ്മീഷനെ സമീപിക്കാം. വസ്തുവിന്റെ മൂല്യത്തിനനുസരിച്ചാണ് ഏത് തലത്തിലുള്ള കമ്മീഷനെയാണ് സമീപിക്കേണ്ടതെന്ന് തീരുമാനിക്കുക. 20 ലക്ഷം രൂപയ്ക്ക് താഴെയാണ് വസ്തുവിന്റെ വിലയെങ്കില്‍ ജില്ലാ കമ്മീഷനും 20 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയിലാണെങ്കില്‍ സംസ്ഥാന തല കമ്മീഷനും ഒരു കോടി രൂപയ്ക്ക് മേലെയാണ് വസ്തു വിലയെങ്കില്‍ ദേശീയ കമ്മീഷനുമാണ് പരാതി നല്‍കേïത്.
വില്‍ക്കണോ?
പദ്ധതി നീണ്ടുപോകുമ്പോഴോ നിലച്ചുപോകുമ്പോഴോ മുടക്കിയ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് നിക്ഷേപകനുണ്ടാകുക. പലപ്പോഴും വിറ്റൊഴിയുക എന്നതാകും ചിന്ത. എന്നാല്‍ അതത്ര എളുപ്പമാകില്ല. നിലച്ചുപോയ പദ്ധതിയില്‍ മുടക്കിയ തുക തിരിച്ചുകിട്ടണമെന്നില്ല. മാത്രമല്ല, പദ്ധതി മുടങ്ങുമ്പോള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മുടങ്ങിക്കിടക്കുകയാകും. ഇതൊക്കെ കൊണ്ട് ലാഭകരമായി വിറ്റൊഴിയാന്‍ പ്രയാസമാകും.
ഇഎംഐ മുടക്കരുത്
പദ്ധതികള്‍ മുടങ്ങിപ്പോയതിനെ തുടര്‍ന്ന് ഇഎംഐ അടയ്ക്കാത്തതിനാല്‍ ബാങ്കുകള്‍ക്ക് വന്ന നഷ്ടം നികത്താന്‍ അടുത്തിടെ ഒരു വിധിയിലൂടെ ദല്‍ഹി ഹൈക്കോടതി ക്രെഡിറ്റ്‌സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) യോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി മുടങ്ങിപ്പോയതു കാരണം ഉപഭോക്താക്കള്‍ ഇഎംഐ മുടക്കിയതിനെ തുടര്‍ന്നുള്ള പരാതിയിലാണിത്. ഏകദേശം 1200 ലേറെ ഹോം ബയേഴ്‌സിന് ആശ്വാസമായ വിധിയായിരുന്നു ഇത്. എന്നാല്‍ പദ്ധതി മുടങ്ങിയാലും ഇഎംഐ മുടക്കുന്നത് ബുദ്ധിയല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കുകള്‍ക്ക് നിയമനടപടി സ്വീകരിക്കാം. പിഴപലിശയടക്കമുള്ള കാര്യങ്ങളാകും ഉപഭോക്താവിന് നേരിടേണ്ടി വരിക.
നഷ്ടം ഒഴിവാക്കാന്‍ എന്തു ചെയ്യണം?
പ്രോജക്റ്റുകള്‍ വൈകുന്നതിലൂടെ വീട് വാങ്ങുന്നവര്‍ക്ക് വലിയ നഷ്ടമാണ് സംഭവിക്കുക. പ്രോജക്റ്റ് പൂര്‍ത്തീകരിക്കാന്‍ ചെലവഴിക്കുന്ന സമയവും അവസരങ്ങളും നഷ്ടമാകും. അഭിഭാഷകര്‍ക്ക് ഫീസ് ഇനത്തിലും വലിയ തുക നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമ്പോള്‍ തന്നെ ഇടപെടുക എന്നതാണ് ആദ്യപടി. നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും സാമ്പത്തിക കാര്യങ്ങളുമെല്ലാം ബില്‍ഡര്‍മാരില്‍ നിന്ന് അറിയണം. ഇക്കാര്യങ്ങള്‍ പങ്കുവെക്കാന്‍ ബില്‍ഡര്‍മാര്‍ മടിക്കുകയാണെങ്കില്‍ നിയമപരമായി നീങ്ങാന്‍ മടിക്കരുത്. അതേ പ്രോജക്റ്റില്‍ പണം മുടക്കിയ മറ്റുള്ളവരുമായി കൂട്ടുചേര്‍ന്നും നിയമ നടപടികള്‍ക്കൊരുങ്ങാം.
റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികളില്‍ പണം മുടക്കരുതെന്നാണ് ക്രെഡായ് കേരള ചെയര്‍മാന്‍ എംഎ മെഹബൂബിന്റെ ഉപദേശം. കോവിഡിന് ശേഷം ലോജിസ്റ്റിക്സ് മേഖല പൂര്‍വസ്ഥിതിയിലാകാത്തതടക്കമുള്ള പ്രശ്നങ്ങള്‍ കാരണം പല പ്രോജക്റ്റുകളും നീണ്ടുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതു മനസ്സിലാക്കി റെറയും നിക്ഷേപകരും സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുക കൂടി പ്രധാനമാണെന്ന് മെഹബൂബ് പറയുന്നു.
Next Story
Videos