റബ്ബര്‍ വില എങ്ങോട്ട്? ഈ ഘടകങ്ങള്‍ നിര്‍ണായകം

എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില ലഭ്യമായതിനു ശേഷം റബര്‍ വില നേരിയ തോതില്‍ ഇടിഞ്ഞത് വിപണിയിലും കര്‍ഷകരിലും ആശയക്കുഴപ്പമുണ്ടാക്കി. ഇനിയും വില ഇടിയുമോ അതോ സാങ്കേതിക തിരുത്തലിന്റെ ഭാഗമായാണോ ഇപ്പോഴത്തെ വിലയിടിവ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. രാജ്യാന്തര വിപണിയില്‍ റബറിന്റെ വില ഇടിഞ്ഞുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ മാത്രം വില കൂടുകയായിരുന്നു. അതിനാണ് മാറ്റം വന്നിരിക്കുന്നത്.

കഴിഞ്ഞയാഴ്ച തുടക്കത്തില്‍ കൊച്ചിയില്‍ ആര്‍എസ്എസ് നാലാം ഗ്രേഡിന് കിലോയ്ക്ക് 180 രൂപയിലെത്തിയിരുന്നു. അഞ്ചാം ഗ്രേഡിന് 178.50 രൂപയും. രണ്ടു ദിവസം ഈ വില തുടര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞു. നാലാം ഗ്രേഡിന് 179 രൂപയും അഞ്ചാം ഗ്രേഡിന് 177.50 രൂപയുമാണ് ഇപ്പോഴത്തെ വില.
വില കൂടിയത് ഇന്ത്യയില്‍ മാത്രം
പ്രമുഖ റബ്ബറുല്‍പ്പാദക രാജ്യങ്ങളില്‍ ഇന്ത്യയില്‍ മാത്രമാണ് വില കൂടിയിരുന്നത്. ഓഗസ്റ്റിലെ അവസാന ദ്വൈവാരത്തില്‍ കോട്ടയത്ത് മൂന്നു ശതമാനം വില വര്‍ധന രേഖപ്പെടുത്തിയപ്പോള്‍. ബാങ്കോക്കില്‍ 4.1 ശതമാനവും കോലോലംപൂരില്‍ 5.5 ശതമാനവും വില കുറയുകയാണ് ഉണ്ടായത്.
കോട്ടയത്ത് വില വര്‍ധിക്കാന്‍ പ്രധാന കാരണം ആര്‍എസ്എസ് റബ്ബറിന്റെ ക്ഷാമമാണ്. വലിയ വിഭാഗം കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും ലാറ്റക്‌സിലേക്ക് തിരിഞ്ഞതോടെയാണ് ആര്‍എസ്എസ് ഗ്രേഡ് റബ്ബറിന് ക്ഷാമം നേരിട്ടത്. അതിനൊപ്പം മഴ കൂടിയതോടെ ഉല്‍പ്പാദനം കുറഞ്ഞതും റബ്ബര്‍ ക്ഷാമത്തിന് കാരണമായി. കോവിഡ് വ്യാപനവും ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചപ്പോള്‍ കോട്ടയം പ്രാദേശിക വിപണിയില്‍ വില കൂടി.
ഡിമാന്‍ഡ് കുറഞ്ഞത് തിരിച്ചടിയായി
അതേസമയം രാജ്യാന്തര വിപണിയില്‍ ഡിമാന്‍ഡില്‍ ഉണ്ടായ ഇടിവാണ് വില കുറയാന്‍ പ്രധാന കാരണം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎസ്, യുകെ, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന തുടങ്ങിയ വിപണികളിലെ പ്രമുഖ ഉപഭോക്തൃ കമ്പനികള്‍ വാങ്ങള്‍ നീട്ടിവെച്ചത് തിരിച്ചടിയായി.
ഓട്ടോമൊബീല്‍ ഉല്‍പ്പാദനം കുറഞ്ഞതാണ് റബ്ബറിന് തിരിച്ചടിയായ മറ്റൊരു ഘടകം. ചിപ്പ്, സെമി കണ്ടക്ടര്‍ എന്നിവ ലഭ്യമല്ലെന്നതാണ് ഇതിന് പ്രധാന കാരണം. വെള്ളപ്പൊക്കം, കോവിഡ് മൂലമുള്ള തൊഴിലാളികളുടെ ലഭ്യതക്കുറവ് മറ്റു പ്രാദേശിക കാരണങ്ങളും ഓട്ടോമൊബീല്‍ വിപണിയെ ബാധിച്ചു. സെപ്തംബറില്‍ ടൊയോട്ട ആഗോളതലത്തില്‍ ഉല്‍പ്പാദനം 40 ശതമാനമാണ് കുറച്ചത്. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറിംഗ് ആന്റ് ട്രേഡേഴ്‌സിന്റെ കണക്കനുസരിട്ട് യുകെയില്‍ യാത്രാ വാഹനങ്ങളുടെ ഉല്‍പ്പാദനം ജൂലൈയില്‍ 37.6 ശതമാനം ഇടിഞ്ഞു. ചൈനയില്‍ ജൂലൈയില്‍ കാര്‍ വില്‍പ്പന 11.9 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ചിപ്പ് ക്ഷാമത്തിന് പുറമേ വെള്ളപ്പൊക്കവും ഇതിന് കാരണമായിട്ടുണ്ട്. ഇന്ത്യയിലാകട്ടെ ഓഗസ്റ്റിലെ കണക്കനുസരിച്ച് യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 15.3 ശതമാനം ഇടിവുണ്ടാകുകയും ചെയ്തു.
ബിസിനസ് ആക്ടിവിറ്റിയിലും ലോകമെമ്പാടും കുറവുണ്ടായതും റബ്ബര്‍ വിലയുടെ ഡിമാന്‍ഡിനെ ബാധിച്ചു.
ചൈന ഇറക്കുമതി കുറച്ചത് തിരിച്ചടി
സത്യത്തില്‍, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, ചൈന, ഇന്ത്യ, മലേഷ്യ, കംബോഡിയ തുടങ്ങിയ പ്രമുഖ റബ്ബര്‍ ഉല്‍പ്പാദക രാജ്യങ്ങളെയെല്ലാം കോവിഡ് ബാധിച്ചുവെങ്കിലും ഉല്‍പ്പാദനം കാര്യമായി കുറഞ്ഞിട്ടില്ല. ചരക്ക് നീക്കത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മാത്രമാണ് നേരിയ തോതില്‍ ബാധിച്ചിരുന്നത്.
ചൈനയുമായി ബന്ധപ്പെട്ടാണ് റബ്ബറിന്റെ ആവശ്യകതയില്‍ വലിയ കുറവ് ഉണ്ടായത്. റബ്ബര്‍ ഉപഭോഗത്തിന്റെ 42 ശതമാനം കൈയാളുന്ന ചൈനയില്‍ ഉപഭോഗം വര്‍ധിച്ചെങ്കിലും അതിന്റെ ഗുണഫലം രാജ്യാന്തര വിപണിയില്‍ ലഭിച്ചില്ല. കാരണം ചൈനീസ് കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതല്‍ റബ്ബര്‍ സംഭരിച്ചതോടെ ഇറക്കുമതി ഗണ്യമായി കുറച്ചു. അനുകൂല കാലാവസ്ഥയായതിനാല്‍ ഉല്‍പ്പാദനം മെച്ചപ്പെട്ടത് ആഭ്യന്തര വിപണിയില്‍ റബ്ബറിന്റെ ലഭ്യത കൂട്ടി. ഇവ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുവെന്നതിനാല്‍ ചൈന ഇറക്കുമതിയെ കുറിച്ച് ആലോചിച്ചില്ല. ഇത് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളെയെല്ലാം കാര്യമായി ബാധിക്കുകയും ചെയ്തു. ചൈന ജൂലൈയില്‍ 4.90 ലക്ഷം ടണ്‍ റബ്ബര്‍ ആവശ്യമായി വന്നപ്പോള്‍ ഓഗസ്റ്റില്‍ 5.03 ലക്ഷം ടണ്ണായി വര്‍ധിച്ചു. എന്നാല്‍ ഇറക്കുമതി കുറഞ്ഞു. ജൂലൈയില്‍ 4.12 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഓഗസ്റ്റില്‍ 3.84 ലക്ഷം ടണ്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്.
വില കൂടുമോ?
ചൈന ഇറക്കുമതി പുനരാരംഭിക്കുന്നതിലാണ് റബ്ബര്‍ വിപണിയുടെ കണ്ണ്. ഇനി വരാനിരിക്കുന്നത് ചൈനയില്‍ റബ്ബര്‍ ഉല്‍പ്പാദനത്തിന്റെ ഓഫ് സീസണ്‍ ആണെന്നതാണ് രാജ്യാന്തര വിപണിയുടെ പ്രതീക്ഷ. 2021 ല്‍ 49 ലക്ഷം ടണ്‍ റബ്ബര്‍ ചൈന ഇറക്കുമതി ചെയ്യേണ്ടി വരുമെന്നാണ് കണക്ക്. നിലവില്‍ 32 ലക്ഷം ടണ്‍ അവരുടെ കൈവശമുണ്ട്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബാക്കി വരുന്ന 17 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്‌തേക്കും. അതോടൊപ്പം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ഓഫ് സീസണ്‍ കാലയളവില്‍ 20 ലക്ഷം ടണ്‍ കൂടി ഇറക്കുമതി ചെയ്യേണ്ടി വന്നേക്കും. ഇത് റബ്ബര്‍ വിലയില്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് എഎന്‍ആര്‍പിസി റബ്ബര്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്.


Related Articles

Next Story

Videos

Share it