റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടോ ? നിതിന്‍ കാമത്തിന്റെ ഉപദേശം ഇങ്ങനെ
ആകര്‍ഷകമാണെങ്കിലും റിയല്‍ എസ്റ്റേറ്റ് (Real Estate) നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാക്കുക ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തില്‍. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിംഗ് വെബ്‌സൈറ്റിന്റെ ഫൗണ്ടറും സിഇഒയുമായ നിതിന്‍ കാമത്ത് (Nithin Kamath).
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുമ്പോള്‍, പണപ്പെരുപ്പത്തേക്കാള്‍ കൂടുതല്‍ നേട്ടം തരുന്ന വസ്തുവാണോ അതെന്ന് ശ്രദ്ധിക്കണണെന്ന് കാമത്ത് പറയുന്നു. അങ്ങനെയല്ലെങ്കില്‍, പണപ്പെരുപ്പത്തെ മറികടക്കാന്‍ ഓരോ വര്‍ഷവും വസ്തുവിന്റെ വില കുറഞ്ഞത് 10 ശതമാനം എങ്കിലും വില ഉയരണം. അല്ലെങ്കില്‍ 7 വര്‍ഷത്തിനുള്ളില്‍ വില ഇരട്ടിയാകണം.
വില ഉയരുമ്പോള്‍ വാടകയും ഉയരും. അതിന് ഒരു ഉദാഹരണവും കാമത്ത് പങ്കുവെക്കുന്നുണ്ട്. ഒരു കോടി രൂപ വിലയുള്ള ഒരു ഫ്‌ലാറ്റ് പതിമാസം 20,000 എന്ന നിരക്കില്‍ വാടകയ്ക്ക് നല്‍കാം. വില 2 കോടിയായി ഉയരുമ്പോള്‍ വാടകയും 40,000 ആവണം. എന്നാല്‍ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ഇങ്ങനെ സംഭവിക്കുന്നില്ലെന്ന് കാമത്ത് ചൂണ്ടിക്കാട്ടുന്നു.
ഓഹരികള്‍ പോലെ, റിയല്‍ എസ്റ്റേറ്റ് രംഗത്തും കൃത്യമായ അടിത്തറയില്ലാതെ (without good fundamentals) വില ഉയരാം. ഓഹരി വിപണിയിലും, ക്രിപ്‌റ്റോയിലും, റിയല്‍ എസ്‌റ്റേറ്റിലും ഇത്തരത്തില്‍ വില ഉയരുമ്പോള്‍ അവ അധികകാലം നീണ്ടു നില്‍ക്കാറില്ല. കാമത്ത് പറയുന്നത് റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം വാടകയാണ് പ്രധാന അളവുകോലെന്നാണ്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ലിക്വിഡിറ്റി (എളുുപ്പം പണമാക്കി മാറ്റാവുന്നവ) ഇല്ലാത്തവയാണ്. ഡിമാന്‍ഡ് അതിന്റെ യഥാര്‍ത്ഥ വിലയെ മാറ്റാം. കൂടാതെ വില മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതിനാല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലെ പോലെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. വില കുറഞ്ഞ പ്രദേശങ്ങളില്‍ നിക്ഷേപം നടത്തുന്നത് ഗുണം ചെയ്‌തേക്കാം. പക്ഷെ ഇത് വില കൂടും എന്ന പ്രതീക്ഷയില്‍ സ്‌മോള്‍-ക്യാപ് ഓഹരികള്‍ വാങ്ങുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ അപകട സാധ്യത ഉയര്‍ന്നതാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ മൂലധന നിക്ഷേപം കുറയ്ക്കണമെന്നും കാമത്ത് നിര്‍ദ്ദേശിച്ചു.