കോവിഡ് കാലത്ത് കേരളത്തില്‍ അടച്ചൂപൂട്ടിയത് 20 ശതമാനം വ്യാപാരസ്ഥാപനങ്ങള്‍

സംസ്ഥാനത്ത് ചെറുകിട വ്യപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ സ്ഥാപനങ്ങളില്‍ 20 ശതമാനം കോവിഡ് കാലത്ത് അടച്ചു പൂട്ടിയെന്ന് ഈ മേഖലയില്‍ ഉള്ളവര്‍ വിലയിരുത്തുന്നു. എന്നാല്‍ ഔദ്യോഗിക തലത്തിലും വിവിധ വ്യാപാര സംഘടനകളുടെ പക്കലും ഇത് സംബന്ധിച്ച കൃത്യമായ ഡാറ്റ ലഭ്യമല്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിലയിരുത്തല്‍ പ്രകാരം 20 ശതമാനം വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയെന്നാണ്.

ഇതേക്കുറിച്ച് ഇതുവരെ കണക്കെടുപ്പ് നടത്തിയിട്ടില്ല. ഇത് ഏകദേശ കണക്കാണ്, ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ പറയുന്നു. ചെറുകിട ഇടത്തരം സ്ഥാപനങ്ങളാണ് ഇതില്‍ അധികവും. അതേസമയം ചില മേഖലകളില്‍ പുതിയ സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന വ്യാപാര മേഖലക്ക് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കാന്‍ തയ്യാറാകണെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് 20 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചൂപൂട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ജയപാല്‍ പറഞ്ഞു. പരമ്പരാഗത ഹോട്ടലുകളാണ് അടച്ചൂപൂട്ടിപ്പോയതില്‍ ഏറെയും.
പല ഹോട്ടലുകളും സാമ്പത്തിക ബാധ്യതയിലാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ ജനജീവിതം സാധാരണ നിലയിലായിട്ടും വരുമാനം പഴയതിന്റെ പകുതി മാത്രമാണ്.

കേരളത്തിന്റെ വ്യാപാര വാണിജ്യ തലസ്ഥാനമായ എറണാകുളം നഗരത്തിന്റെ ജീവനാഡികളിലൊന്നായ എറണാകുളം ബ്രോഡ്‌വേയില്‍ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഇരുപത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ബോഡ് വേയിലെ വ്യാപാരിയും മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറിയുമായ സോളമന്‍ ചെറുവത്തൂര്‍ പറഞ്ഞു. നിരവധി സ്ഥാപനങ്ങളുടെ വരുമാനം മൂന്നിലൊന്നില്‍ താഴെയായി കുറഞ്ഞു.
ഒരു വെഡ്ഡിംഗ് കാര്‍ഡ് അച്ചടി സ്ഥാപനത്തില്‍ മാത്രം നൂറോളം പേര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നവരുടെ വരുമാനവും ആനുപാതികമായി കുറഞ്ഞു. ദിവസം മൂവായിരം രൂപ വാടക കിട്ടിയിരുന്ന സ്ഥാനത്ത് മാസം അയ്യായിരം രൂപ കിട്ടിയാലും തൃപ്തിപ്പെടേണ്ട അവസ്ഥവന്നു. ഉത്തരേന്ത്യയില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ എത്തിക്കുന്ന മൊത്തവിതരണക്കാര്‍ക്ക് പിരിഞ്ഞു കിട്ടാനുള്ളത് ദശലക്ഷക്കണക്കിന് രൂപയാണ്.
സ്ഥാപനങ്ങള്‍ നഷ്ടത്തിലായതിനാല്‍ പണം ചോദിച്ച് വാങ്ങാനാകാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറയുന്നു. കേരളത്തിന് പുറത്തു നിന്ന് ചരക്ക് സപ്ലെ ചെയ്യുന്നവര്‍ നഷ്ടം കുറക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനികളെ ആശ്രയിക്കുന്നത് ഒഴിവാക്കി പകരം ചെലവ് കുറഞ്ഞ ബദല്‍ സംവിധാനം കൊണ്ടുവന്നു.
ഓരോ സീസണിലും 50 ലക്ഷം ബുക്കുകളുടെ ഓര്‍ഡര്‍ എടുത്തിരുന്ന കോര്‍പറേറ്റ് കമ്പനിയായ ഐ ടി സി മൂന്നു ലക്ഷം രൂപയുടെ ഓര്‍ഡര്‍ എടുത്താല്‍ മതിയെന്നാണ് ഡീലര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വന്‍കിടക്കാരുടെ സ്ഥിതി ഇതാണെങ്കില്‍ ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ നില അത്യന്തം പരിതാപകരമാണ്.

ഓരോ ജില്ലയില്‍ നിന്നും ശരാശരി ഇരുപത്തഞ്ച് സ്ഥാപനങ്ങള്‍ വീതം അടച്ചു പൂട്ടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കേരള മര്‍ച്ചന്റ്‌സ് ചേംബറില്‍ മാസം തോറും വന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇതിന്റെ പൂര്‍ണമായ കണക്കെടുപ്പ് നടത്തിയിട്ടില്ല. ഇതുസംബന്ധിച്ച് കേന്ദ്രീകൃതമായ ഡാറ്റ ഒരു സംഘടനയും ശേഖരിച്ചിട്ടില്ല. സര്‍ക്കാരിന്റെ പക്കലും ഇതിന് കണക്കില്ല.
ഇത്തരം ദുരന്തങ്ങളില്‍ സ്വകാര്യ മേഖലയിലുണ്ടാകുന്ന നഷ്ടം ഒരുകാലത്തും കൃത്യമായി ശേഖരിക്കപ്പെടാറില്ലെന്നും പിടിച്ചു നില്‍ക്കുന്നവര്‍ ക്രമേണ അതിനെ അതിജീവിക്കുകയാണ് ചെയ്യുന്നതെന്നും സോളമന്‍ ചെറുവത്തൂര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ ഫലമായി വ്യാപാര മേഖലക്കുണ്ടായ നഷ്ടം നികത്താന്‍ മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് വ്യാപാര മേഖലയുടെ പൊതുവിലയിരുത്തല്‍.

വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് മാസത്തെ മോറട്ടോറിയത്തിന്റെ കാലാവധി അവസാനിച്ചതോടെ പലിശയടക്കം തിരിച്ചടവിന്റെ ബാധ്യത താങ്ങാനാകാത്ത ഭാരമാണ് ഉണ്ടാക്കുന്നത്. തിരിച്ചടവ് മുടങ്ങിയാല്‍ സിബിലേക്ക് റിപ്പോര്‍ട്ട് പോകുമെന്നതും ഭാവിയിലെ കടമെടുപ്പിനെ ബാധിക്കുമെന്നതും ഇവരെ ആശങ്കപ്പെടുത്തുന്നു.
മൊറട്ടോറിയമല്ലാതെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ആശ്വാസ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.

കോവിഡ് 19 മഹാമാരി സമൂഹത്തിന്റെ സമസ്ത മേഖലകളെയും ചവിട്ടിമെതിച്ച് മഹാനാശം വിതച്ചുകൊണ്ടാണ് കടന്നു പോയത് എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന വിവരമെങ്കിലും അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇനിയും ചര്‍ച്ച ആയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ പോലും ചെറുകിട മേഖല നേരിടുന്ന വിഷയങ്ങള്‍ ഇതുവരെ മുഖ്യ ധാരയില്‍ വന്നിട്ടില്ല.

കോവിഡ് അതിജീവനത്തിന്റെ ഒരുപാട് കഥകള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ചെറുകിട വ്യാപാര മേഖലയില്‍ എത്ര പേര്‍ തൊഴില്‍രഹിതരായി, എത്ര പേര്‍ കടക്കെണിയിലായി, എത്ര പേരെ ദാരിദ്ര്യം വിഴുങ്ങി, എത്ര പേര്‍ നില്‍ക്കക്കള്ളിയില്ലാതെ ആത്മഹത്യയില്‍ അഭയം തേടി എന്നതിനെപ്പറ്റി ആരുടെയും പക്കല്‍ കൃത്യമായ കണക്കുകള്‍ ഇല്ല.


Related Articles
Next Story
Videos
Share it