Begin typing your search above and press return to search.
സ്വര്‍ണോത്സവമാകാന്‍ നാളെ അക്ഷയ തൃതീയ; ഓഫറുകൾ തകൃതി, വിറ്റുവരവ് ₹1,000 കോടി കടന്നേക്കും
ആഭരണപ്രേമികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ 'ആഘോഷം' പകരുന്ന അക്ഷയ തൃതീയ നാളെ (May 10, വെള്ളിയാഴ്ച). കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22, 23 എന്നിങ്ങനെ രണ്ടുദിവസങ്ങളിലായിട്ടായിരുന്നു അക്ഷയ തൃതീയ. രണ്ടുദിവസങ്ങളിലുമായി 10 ലക്ഷത്തോളം ഉപയോക്താക്കളും സ്വര്‍ണാഭരണശാലകളില്‍ എത്തിയതോടെ 1,500 കോടി രൂപയ്ക്കുമേല്‍ കച്ചവടവും നടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (AKGSMA) നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സ്വര്‍ണോത്സവം' കാമ്പയിനും വിവിധ ജുവലറികള്‍ പ്രഖ്യാപിച്ച ഓഫറുകളും കഴിഞ്ഞവര്‍ഷം ഉപയോക്താക്കളെ ആകര്‍ഷിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സ്വര്‍ണവില ഗ്രാമിന് ആയിരം രൂപയോളവും പവന് 10,000 രൂപയോളവും ഉയര്‍ന്ന് നില്‍ക്കുകയാണ്. എങ്കിലും, സമീപദിവസങ്ങളിലെ വിലക്കുറവും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവും ഓഫറുകളും ഇക്കുറിയും ഉപയോക്താക്കളെ സ്വര്‍ണക്കടകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്.
മാത്രമല്ല, അക്ഷയ തൃതീയയുടെ ഐതീഹ്യത്തോടുള്ള വിശ്വാസവും ഉപയോക്താക്കളെ സ്വര്‍ണാഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് വ്യാപാരികള്‍ കരുതുന്നു. ഹൈന്ദവ വിശ്വാസപ്രകാരം സ്വര്‍ണം, വസ്ത്രം, വീട്, വാഹനം, ഭൂമി തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണമെന്ന് കരുതുന്ന ദിവസമാണ് അക്ഷയ തൃതീയ.
ഓഫറുകള്‍ ഇക്കുറിയും തകൃതി
എ.കെ.ജി.എസ്.എം.യുടെ നേതൃത്വത്തില്‍ ഇക്കുറിയും സ്വര്‍ണോത്സവം പരിപാടി എല്ലാ ജുവലറികളും നടക്കുന്നുണ്ട്. പുറമേ, ഒട്ടുമിക്ക ജുവലറികളും അക്ഷയ തൃതീയ പ്രമാണിച്ചുള്ള പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ മേയ് 12 വരെ അക്ഷയ തൃതീയ ഓഫറുകളുണ്ട്. സ്വര്‍ണം കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്ന മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം പ്രത്യേകതയാണ്. പണിക്കൂലിയിലും 25 ശതമാനം ഇളവ് മലബാര്‍ ഗോള്‍ഡ് പ്രഖ്യാപിച്ചു; ഈ ഇളവ് സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമേ പ്രഷ്യസ്, സ്റ്റഡഡ് ആഭരണങ്ങള്‍ക്കും നേടാം. മാത്രമല്ല, ഡയമണ്ട് ആഭരണങ്ങള്‍ക്ക് വിലയില്‍ 25 ശതമാനം കിഴിവും ഓഫറുണ്ട്. കല്യാണ്‍ ജുവലേഴ്‌സും എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വില്‍പന പ്രതീക്ഷയും എക്‌സ്‌ചേഞ്ചും
സാധാരണ ഒരുദിവസം 200-250 കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പനയാണ് കേരളത്തില്‍ നടക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ഇത് കുത്തനെ കൂടാറുമുണ്ട്. ഇക്കുറി അക്ഷയ തൃതീയയ്ക്ക് ഏകദേശം 1,500 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷയെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു. അതായത് 1,000 കോടി രൂപയില്‍ കുറയാത്ത വില്‍പന നാളെ പ്രതീക്ഷിക്കാം.
മൂക്കുത്തി, കമ്മല്‍, മോതിരം തുടങ്ങിയ ചെറു ആഭരണങ്ങളും സ്വര്‍ണനാണയങ്ങളുമാണ് പൊതുവേ അക്ഷയ തൃതീയയ്ക്ക് കൂടുതല്‍ വിറ്റുപോകുന്നത്. വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ എക്‌സ്‌ചേഞ്ചും കൂടുതലായിരിക്കും. കഴിഞ്ഞവര്‍ഷം മൊത്തം അക്ഷയ തൃതീയ വില്‍പനയുടെ 45-50 ശതമാനവും എക്‌സ്‌ചേഞ്ച് ആയിരുന്നു. ഇന്നത്തെ സ്വര്‍ണവിലയുടെ വിശദാംശങ്ങള്‍ അറിയാന്‍ വായിക്കുക: പണിക്കൂലിയും നികുതിയുമടക്കം ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ (Click here to read).
Next Story
Videos