Begin typing your search above and press return to search.
കൊച്ചി വിമാനത്താവളത്തെ മറികടന്നു, ബംഗളൂരു അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്
ചെന്നൈയെയും കൊച്ചിയെയും പിന്തള്ളി ബംഗളൂരുവിലെ കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെ.ഐ.എ) ആദ്യമായി അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വിമാനത്താവളമായി.
ഒക്ടോബറിൽ 4.8 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് ബംഗളൂരു വിമാനത്താവളത്തിലൂടെ കടന്നു പോയത്. ചെന്നൈ എയര്‍പോര്‍ട്ടിലൂടെ 4.5 ലക്ഷവും കൊച്ചി വിമാനത്താവളത്തിലൂടെ 4.1 ലക്ഷവും അന്താരാഷ്ട്ര യാത്രക്കാരാണ് ഒക്ടോബര്‍ മാസം സഞ്ചരിച്ചത്.
17.5 ലക്ഷം പേര്‍ സഞ്ചരിച്ച ഡൽഹിയും 12.5 ലക്ഷം പേര്‍ സഞ്ചരിച്ച മുംബൈയുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കണക്കുകള്‍ പ്രകാരം പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയത്.
2023 ഒക്ടോബറിലെ 3.9 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വര്‍ഷം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 24.3 ശതമാനം വളർച്ചയാണ് ബംഗളൂരു രേഖപ്പെടുത്തിയത്. 2024 ഒക്ടോബറിൽ ആകെ 35.7 ലക്ഷം ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരാണ് ബംഗളൂരുവിലൂടെ കടന്നു പോയത്. ഡൽഹി (64.4 ലക്ഷം), മുംബൈ (44.2 ലക്ഷം) എന്നിവയാണ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
കൂടുതല്‍ യാത്രക്കാര്‍ ദുബായിലേക്ക്
29 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബംഗളൂരുവില്‍ നിന്ന് നിലവില്‍ വിമാന സര്‍വീസുകളുണ്ട്. ടെർമിനൽ 2 ൽ നിന്ന് 2023 സെപ്റ്റംബറിൽ അന്താരാഷ്‌ട്ര ഓപ്പറേഷൻസ് ആരംഭിച്ചതു മുതൽ ബെംഗളൂരു വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ദുബായ്, സിംഗപ്പൂർ, ദോഹ എന്നീ സ്ഥലങ്ങളാണ് ഏറ്റവും തിരക്കുളള അന്താരാഷ്ട്ര റൂട്ടുകള്‍.
2008 മെയ് 24 നാണ് എയര്‍പോര്‍ട്ട് പ്രവർത്തനം ആരംഭിക്കുന്നത്. ബംഗളൂരുവിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദേവനഹള്ളിയിലാണ് എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
ബംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കുന്നതിനുളള പദ്ധതികളിലാണ് കർണാടക സർക്കാര്‍. ഇതിനായുളള സ്ഥലം സംബന്ധിച്ച് ഉടൻ തീരുമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Videos