ഹണിസ്‌പ്രെഡിന്റെ രുചിപ്പെരുമയിലൂടെ 'ബിഗുഡ്' എന്ന ബ്രാന്‍ഡിന്റെ വിജയകഥ

പ്രകൃതിദത്ത തേനിന് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്രയും ഗുണങ്ങളുള്ള തേനിനെ പുതുതലമുറയിലെ ഇഷ്ടഭക്ഷണ രൂപത്തില്‍ നല്‍കിയാല്‍ എങ്ങനെയിരിക്കും? നിലമ്പൂര്‍ സ്വദേശിയും കാക്കഞ്ചേരി കിന്‍ഫ്ര ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ വികെഎസ് വെര്‍വ് നെക്റ്റേഴ്സ് എന്ന സംരംഭത്തിന്റെ ഉടമയുമായ കെഎം രാജീവാണ് ഇങ്ങനെയൊന്ന് വേറിട്ട് ചിന്തിച്ചത്. ബ്രെഡിലും ചപ്പാത്തിയിലുമെല്ലാം ചേര്‍ക്കാന്‍ പറ്റുന്ന തേന്‍ പ്രധാന ചേരുവയായുള്ള സ്പ്രെഡ് അങ്ങനെയാണ് വിപണിയിലെത്തുന്നത്. 'ബിഗുഡ്'ബ്രാന്‍ഡിലെ ഹണിസ്പ്രെഡ് വിപണിയില്‍ പുതിയൊരു വിഭാഗം തന്നെ തുറന്നിരിക്കുന്നു.

തേനും അതിന്റെ വിപണിയും ഗുണഗണങ്ങളും വര്‍ഷങ്ങളായി അടുത്തറിയുന്ന സംരംഭകന്‍ കൂടിയാണ് രാജീവ്. കുടുംബപരമായുള്ള ടിമ്പര്‍ ബിസിനസില്‍ നിന്ന് മാറി, തേന്‍ വിപണിയിലെ സാധ്യതകള്‍ അറിഞ്ഞുകൊണ്ട് തന്നെ ആ രംഗത്തേക്ക് വന്നയാള്‍. പശ്ചിമഘട്ട മലനിരകളിലെ ഔഷധഗുണമുള്ള മരങ്ങളുടെയും ചെടികളുടെയും പൂവുകളില്‍ നിന്ന് തേനീച്ചകള്‍ ശേഖരിക്കുന്ന തേനാണ് രാജീവ് ആദ്യം തന്നെ വിപണിയിലെത്തിച്ചതും. ''എംബിഎ പഠനശേഷം ബംഗളൂരുവില്‍ ജോലി ചെയ്യുമ്പോഴും സ്വന്തമായൊരു ബിസിനസായിരുന്നു മനസില്‍. വര്‍ഷങ്ങളായി ടിമ്പര്‍ ബിസിനസ് രംഗത്തുള്ളവരാണ് ഞങ്ങളുടെ കുടുംബം. അച്ഛന്‍ രഘുനാഥാണ് തേനിന്റെ സാധ്യതകള്‍ ആദ്യം പറഞ്ഞത്. അങ്ങേയറ്റം ജൈവവൈവിധ്യമുള്ള പശ്ചിമഘട്ട മലനിരകളിലെ തേനറകളില്‍ നിന്ന് ശേഖരിക്കുന്ന തേന്‍ ഗുണമേന്മ ഒട്ടും ചോരാതെ വിപണിയിലെത്തിക്കുകയായിരുന്നു,'' രാജീവ് പറയുന്നു.
2013ലാണ് ബിഗുഡ് എന്ന ബ്രാന്‍ഡില്‍ വികെഎസ് വെര്‍വ് നെക്റ്റേഴ്സിന്റെ ഹണി വിപണിയിലെത്തിയത്. ഗുണങ്ങള്‍ അനേകമുണ്ടെങ്കിലും സാധാരണക്കാരുടെ നിത്യഭക്ഷണത്തില്‍ തേന്‍ അത്രമാത്രം ഇടം നേടിയിരുന്നില്ല. മാത്രമല്ല, തേനിന്റെ പരമ്പരാഗത പാക്കിംഗ് രീതിയും അത്ര യൂസര്‍ ഫ്രണ്ട്ലിയുമായിരുന്നില്ല. ''തേന്‍ വന്‍തോതില്‍ ഉപയോഗിക്കുന്ന കേരളത്തിലെ സംരംഭങ്ങള്‍ക്ക് ബള്‍ക്കായി ഞങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ തന്നെ സക്യൂസബള്‍ ബോട്ടില്‍ അല്‍പ്പം പോലും പാഴായിപോകാത്ത വിധമുള്ള പായ്ക്കിംഗും ഞങ്ങള്‍ കൊണ്ടുവന്നു. സാധാരണ ഉപഭോക്താവിന് ഇതേറെ സഹായമായി. മാത്രമല്ല സാഷെ പായ്ക്കിലും ഹണി വിപണിയിലിറക്കി,'' രാജീവ് പറയുന്നു.
വില്ലനായി ആ കാര്യം!
ശുദ്ധമായ തേന്‍ ദീര്‍ഘകാലമിരുന്നാല്‍ ബോട്ടിലിന്റെ താഴെ അവക്ഷിപ്തം അടിയാറുണ്ട്. എന്നാല്‍ വിപണിയിലെ ചില പ്രമുഖ ഹണി ബ്രാന്‍ഡുകളില്‍ ഇത് സംഭവിക്കാറില്ല. തേന്‍ എന്ന പേരില്‍ ശരക്കര ലായനിയാണ് കുപ്പിയിലാക്കി വില്‍ക്കുന്നത്, ശര്‍ക്കരയാണ് താഴെ അടിയുന്നത് എന്നിങ്ങനെയുള്ള തെറ്റായ പ്രചാരണങ്ങളും ഇതിനിടെ വന്നു. ''ശരിക്കും അതൊരു പരീക്ഷണ കാലമായിരുന്നു. കമ്പനി ഏതാണ്ട് അടച്ചുപൂട്ടലിന്റെ വക്കിലെത്തി,'' രാജീവ് ആ നാളുകള്‍ ഓര്‍ക്കുന്നതിങ്ങനെ.
ഹോട്ടല്‍, റെസ്റ്റോറന്റ് മേഖല (ഒഛഞഋഇഅ)യ്ക്കായി ബിഗുഡ് ഷെഫ് ഹണിയും ഇവര്‍ വിപണിയിലെത്തിച്ചിരുന്നു. റീറ്റെയ്ല്‍ സ്റ്റോറുകളില്‍ ദീര്‍ഘനാള്‍ തേന്‍ ഇരിക്കുമ്പോഴാണ് അടിഞ്ഞുകൂടല്‍ ഉണ്ടാവുന്നത്. എന്നാല്‍ ഹോട്ടലുകളിലും ബേക്കറികളിലും റെസ്റ്റോറന്റുകളിലുമെല്ലാം കുറഞ്ഞ നാളുകള്‍കൊണ്ട് തേന്‍ ഉപയോഗിച്ച് തീരും. ''പ്രതിസന്ധിഘട്ടത്തില്‍ ഷെഫ് ഹണിയാണ് കമ്പനിക്ക് പിടിവള്ളിയായത്. അന്നുമുതല്‍ തേനില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള ചിന്തയും തുടങ്ങി. അതാണ് ഹണി സ്പ്രെഡിലെത്തിച്ചത്,'' രാജീവ് പറയുന്നു.
വിപണിയില്‍ അപരന്മാരില്ലാത്ത ഉല്‍പ്പന്നം ബ്രെഡിലും ചപ്പാത്തിയിലുമെല്ലാം കുട്ടികളും യുവാക്കളുമൊക്കെ ഏറെ ഇഷ്ടത്തോടെ ചേര്‍ക്കുന്നതാണ് സ്പ്രെഡ്. ഷുഗറും പ്രിസര്‍വേറ്റീവ്സുമെല്ലാം ചേര്‍ത്തുള്ള സ്പ്രെഡിനു പകരം തേന്‍ ചേര്‍ത്തുള്ളതാക്കിയാല്‍ എങ്ങനെയിരിക്കും? ''ഞങ്ങള്‍ ഇത്തരത്തിലുള്ള ഒരു പ്രോഡക്റ്റ് വികസിപ്പിക്കാന്‍ ഭക്ഷ്യസംസ്‌കരണ രംഗത്തെ പ്രമുഖരെ സമീപിച്ചപ്പോള്‍ സമാനമായ ഉല്‍പ്പന്നം വല്ലതുമുണ്ടെങ്കില്‍ എത്തിച്ചുകൊടുക്കാനാണ് ആദ്യം പറഞ്ഞത്. പക്ഷേ, അത്തരത്തിലൊന്ന് വിപണിയിലേ ഇല്ല. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ പരീക്ഷണത്തിലൂടെ ഹണി സ്പ്രെഡ് വിപണിയിലിറക്കാന്‍ സാധിച്ചു. അതും കുട്ടികളും ന്യൂജെന്‍ പിള്ളേരും ഇഷ്ടപ്പെടുന്ന രുചി വൈവിധ്യങ്ങളില്‍,'' രാജീവ് ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാക്ടറി യൂണിറ്റാണ് വികെഎസ് വെര്‍വ് നെക്റ്റേഴ്‌സിന്റേത്. ഐഎസ്ഒ 2000-2018 അംഗീകാരവുമുണ്ട്. ഇവിടെ നിന്നാണ് തേന്‍ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന രീതിയെ തന്നെ മാറ്റിമറിച്ചുകൊണ്ടുള്ള സ്പ്രെഡുകള്‍ വിപണിയിലിറങ്ങുന്നത്.
മാംഗോ കുര്‍കുമിന്‍, മാതളം -ബീറ്റ്റൂട്ട്, ലെമണ്‍ ജിഞ്ചര്‍, ചോക്ലേറ്റ് മില്ലറ്റ് തുടങ്ങിയ ഫ്ളേവറുകളിലായി ഹണി സ്പ്രെഡുകള്‍ ബിഗുഡിനുണ്ട്. ഇതിന് പുറമേ പുതിയ നാലഞ്ച് ഫ്ളേവറുകള്‍ ഫെബ്രുവരി മാസത്തോടെ വിപണിയിലെത്തും. ഇതിന് പുറമേ ഇന്നൊവേറ്റീവായ ഒരു കാന്‍ഡി കൂടി പുറത്തിറക്കും. നിലവില്‍ കേരളമെമ്പാടുമുള്ള വിതരണ ശൃംഖലയിലൂടെ ബിഗുഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ വഴിയും വാങ്ങാം.
''തേന്‍ അധിഷ്ഠിത, ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല. സാധ്യതയുള്ള, അവസരങ്ങളുള്ള മറ്റ് രംഗങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ആഗ്രഹം,''രാജീവ് പറയുന്നു.
ബിഗുഡ് ഹണി സ്പ്രെഡിന്റെ ഗുണങ്ങള്‍
  • പഞ്ചസാരയില്ല, മധുരത്തിന്
  • ഉപയോഗിക്കുന്നത് തേന്‍
  • പ്രിസര്‍വേറ്റീവ്‌സ്് ചേര്‍ക്കുന്നില്ല
  • പ്രകൃതിദത്ത ചേരുവകള്‍
  • ചോക്ലേറ്റ് സ്‌പ്രെഡൊഴികെ മറ്റെല്ലാം ഫാറ്റ് ഫ്രീ
  • വിറ്റാമിന്‍ സി യഥേഷ്ടം അടങ്ങിയിരിക്കുന്നു


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it