Begin typing your search above and press return to search.
കൊച്ചിയില്‍ ₹5,000 കോടിയുടെ വമ്പന്‍ പദ്ധതിയുമായി ബി.പി.സി.എല്‍; കേരളത്തിന് കുതിപ്പാകും
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിലൊന്നാണ് എറണാകുളം അമ്പലമുഗളില്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (BPCL) കൊച്ചി റിഫൈനറി. ഇവിടെ ശതകോടികളൊഴുക്കി അനുബന്ധമായും വന്‍ പദ്ധതികള്‍ സജ്ജമാക്കിയിട്ടുള്ള ബി.പി.സി.എല്‍ ഇപ്പോഴിതാ പുതിയൊരു വന്‍കിട സംരംഭം കൂടി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുന്നു.
5,044 കോടി രൂപ നിക്ഷേപത്തോടെ പോളിപ്രൊപ്പിലീന്‍ (PP) ഉത്പാദന യൂണിറ്റാണ് കൊച്ചി റിഫൈനറിയില്‍ ബി.പി.സി.എല്‍ ആവിഷ്‌കരിക്കുന്നത്. 400 കിലോ ടണ്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള യൂണിറ്റ് 46 മാസത്തിനകം പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം.
പെട്രോകെമിക്കല്‍ രംഗത്ത് വന്‍ ശക്തിയാകാന്‍ കേരളം
പെട്രോകെമിക്കലിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഉത്പാദനത്തിലെ വന്‍ ശക്തിയാകാന്‍ കേരളത്തിന്റെ കുതിപ്പിനുള്ള അവസരമാണ് പോളിപ്രൊപ്പിലീന്‍ (PP) യൂണിറ്റ് വരുന്നതിലൂടെ ഒരുങ്ങുന്നത്.
ഉത്പന്നങ്ങളുടെ പാക്കേജിംഗ് ഫിലിം, ഷീറ്റ്, ബോക്‌സുകള്‍, കണ്ടെയ്‌നറുകള്‍, ബാഗുകള്‍ എന്നിവയുടെയും ഹോം കെയര്‍, ഹോം വെയര്‍, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെയും നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവാണ് പോളിപ്രൊപ്പിലീന്‍.
വന്‍ നിക്ഷേപങ്ങള്‍
16,500 കോടി രൂപ നിക്ഷേപത്തോടെ കൊച്ചി റിഫൈനറിയില്‍ ബി.പി.സി.എല്‍ യാഥാര്‍ത്ഥ്യമാക്കിയ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രൊജക്റ്റും (IREP) തുടര്‍ന്ന് 5,250 കോടി രൂപ നിക്ഷേപത്തോടെ അനുബന്ധമായി ഒരുക്കിയ പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രൊജക്റ്റും (PDPP) നേരത്തേ നാടിന് സമര്‍പ്പിച്ചിരുന്നു.
ആക്രിലിക് ആസിഡ് ഉള്‍പ്പെടെയുള്ള നിഷ് പെട്രോകെമിക്കലുകള്‍ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ ചെയ്തിരുന്നത്. ഏകദേശം 4,500-5,000 കോടി രൂപയുടേതായിരുന്നു വാര്‍ഷിക ഇറക്കുമതി. കൊച്ചിയില്‍ പി.ഡി.പി.പി സജ്ജമായതോടെ ഇറക്കുമതിയെ ആശ്രയിക്കുന്നതില്‍ വലിയ കുറവുണ്ടായി.
പെയിന്റ്, കോട്ടിംഗ്സ്, മഷി, പശ, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഔഷധങ്ങള്‍, ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയവയുടെ അസംസ്‌കൃത വസ്തുക്കളാണ് അക്രിലിക് ആസിഡ്, അക്രിലേറ്റ്സ് തുടങ്ങിയവ. ഈ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിലൂടെ കേരളത്തിലേക്ക് ഈ മേഖലയിലെ നിരവധി കമ്പനികളെ ആകര്‍ഷിക്കാനും കഴിയും. ഇത് മുന്നില്‍ക്കണ്ട് പി.ഡി.പി.പിക്ക് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ കിന്‍ഫ്ര മുഖേന പെട്രോകെമിക്കല്‍ പാര്‍ക്കും സജ്ജമാക്കുന്നുണ്ട്. പെയിന്റ്, മഷി തുടങ്ങിയ കമ്പനികള്‍ക്ക് പാര്‍ക്കില്‍ യൂണിറ്റുകള്‍ തുറക്കാം. ഇതിലൂടെ 15,000 കോടിക്കുമേല്‍ നിക്ഷേപവും 5,000ലേറെ പേര്‍ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്.
ഉപേക്ഷിച്ച പദ്ധതി
കൊച്ചി റിഫൈനറിയില്‍ ഇതിനിടെ ഫുഡ് ഫ്‌ളേവറുകള്‍, ഓയിന്‍മെന്റ്, കോസ്മെറ്റിക്കുകള്‍ തുടങ്ങിയവയുടെ അസംസ്‌കൃത വസ്തുക്കളായ പ്രൊപ്പിലീന്‍ ഓക്സൈഡ്, പോളിയോളിസ്, മോണോഎതിലീന്‍ ഗ്‌ളൈക്കോള്‍, പ്രൊപ്പിലീന്‍ ഗ്‌ളൈക്കോള്‍ എന്നിവ നിര്‍മ്മിക്കുന്ന പോളിയോള്‍ പദ്ധതി 11,300 കോടി രൂപ നിക്ഷേപത്തോടെ ബി.പി.സി.എല്‍ ഉന്നമിട്ടിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു. ഇന്ത്യയിലെ തന്നെ ആദ്യ പോളിയോള്‍ പദ്ധതിയായിരുന്നു അത്. പോളിപ്രൊപ്പിലീനിനാണ് കൂടുതല്‍ സാധ്യതയെന്ന് വിലയിരുത്തിയായിരുന്നു അത്.
ഓഹരി വില താഴേക്ക്
പോളിപ്രൊപ്പിലീന്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം പക്ഷേ, ഇന്ന് ഓഹരി വിപണിയില്‍ ബി.പി.സി.എല്‍ ഓഹരി വിലയില്‍ മുന്നേറ്റമുണ്ടാക്കിയില്ല. രണ്ട് ശതമാനത്തോളം താഴ്ന്ന് 439 രൂപയിലാണ് ഓഹരി വിലയുള്ളത്.
Next Story
Videos