Begin typing your search above and press return to search.
ഡിജിറ്റല്‍വത്കരണം നടത്താതെ ബിസിനസുകള്‍ക്ക് ഭാവിയില്ല: ധനം സമിറ്റില്‍ വിദഗ്ധര്‍
പുത്തന്‍ സാങ്കേതികവിദ്യകള്‍ (Technologies) അരങ്ങുവാഴുന്ന ഇക്കാലത്ത് ഡിജിറ്റല്‍വത്കരണത്തിലേക്ക് കടന്നില്ലെങ്കില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2023ല്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൊവിഡാനന്തരം ഫ്രഷ് ടു ഹോം രേഖപ്പെടുത്തിയ വില്‍പന വളര്‍ച്ച 40 ശതമാനമാണെന്ന് ഡിജിറ്റല്‍വത്കരണത്തിന്റെ മികവ് ചൂണ്ടിക്കാട്ടി കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ (COO) മാത്യു ജോസഫ് പറഞ്ഞു.
'റീറ്റെയ്ല്‍ സ്ട്രാറ്റജീസ് ഇന്‍ ദ ഡിജിറ്റല്‍ ഏജ്: ഡിവേഴ്‌സ് സെക്ടര്‍ ഇന്‍സൈറ്റ്‌സ്' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് ഹോള്‍-ടൈം ഡയറക്ടര്‍ ജോണ്‍ കെ. പോള്‍, ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ആലുക്ക, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ (ഷോപ്പിംഗ് മാള്‍സ്) ഷിബു ഫിലിപ്പ്‌സ്, ഫ്രഷ് ടു ഹോം സി.ഒ.ഒയും സഹസ്ഥാപകനുമായ മാത്യു ജോസഫ് എന്നിവരാണ് സംബന്ധിച്ചത്. അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപക് അസ്വാനി മോഡറേറ്ററായിരുന്നു.
ബിസിനസുകള്‍ കാലികമായി മാറണം
ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ ജുവലറി രംഗത്തെ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ സംഘടിതമായെന്ന് (Orgamized) വര്‍ഗീസ് ആലുക്ക പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് ഒട്ടേറെ മേഖലയിലെ കമ്പനികള്‍ ഡിജിറ്റല്‍വത്കരണത്തിലേക്ക് കടന്നു.
എന്നിരുന്നാലും വലിയൊരു ശതമാനം ഉപയോക്താക്കള്‍ ഇപ്പോഴും നേരിട്ട് കണ്ടറിഞ്ഞ് വാങ്ങാനാണ് ഇഷ്ടപ്പെടുന്നത്. എച്ച്.യു.ഐ.ഡി വന്നപ്പോള്‍ എല്ലാ ജുവലറികളും പരിശുദ്ധ സ്വര്‍ണമാണ് വില്‍ക്കുന്നതെന്ന വിശ്വാസം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു. ഇതുപോലെ, കാലികമായി മാറാന്‍ ബിസിനസുകള്‍ക്ക് കഴിയണം. വിദഗ്ധരെ ഉള്‍പ്പെടുത്തി ബിസിനസുകള്‍ ഡിജിറ്റല്‍വത്കരിക്കാന്‍ സംരംഭകര്‍ക്ക് കഴിയണമെന്നും അപ് റ്റു ഡേറ്റായിരിക്കാന്‍ സംരംഭങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റില്‍ നിന്നുള്ള നിക്ഷേപം
പച്ചമീനിനെ ഓണ്‍ലൈനിലേക്ക് കൊണ്ടുവന്ന് കച്ചവടം ഡിജിറ്റലൈസ് ചെയ്തത് കൊണ്ടാണ് ഇന്ന് തനിക്ക് ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് പോലൊരു വേദിയില്‍ ഇടംനേടാന്‍ കഴിഞ്ഞതെന്ന് ഫ്രഷ് ടു ഹോം സാരഥി മാത്യു ജോസഫ് പറഞ്ഞു. ബിസിനസ് ഡിജിറ്റൽവ്തകരിച്ചതിന്റെ ഫലമായാണ് മൈക്രോസോഫ്റ്റ്, ഡി.എഫ്.സി തുടങ്ങിയവയില്‍ നിന്നുള്ള നിക്ഷേപം ഫ്രഷ് ടു ഹോമിന് ലഭിച്ചതും. കമ്പനിയുടെ ഐ.ടി വിഭാഗത്തില്‍ മാത്രം ജോലി ചെയ്യുന്നത് 300ലധികം പേരാണെന്നും ഇവര്‍ സൈബര്‍രംഗത്തെ ഏത് വെല്ലുവിളിയും നേരിടാന്‍ വൈദഗ്ദ്ധ്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോമേഷനിലൂടെ മികച്ച ബിസിനസ്
ബിസിനസുകള്‍ ഓട്ടോമേഷനിലൂടെ ആധുനികവത്കരിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് ഷിബു ഫിലിപ്പ്‌സ് ചൂണ്ടിക്കാട്ടി. ഇത് ബിസിനസ് എളുപ്പമാക്കുക മാത്രമല്ല, മികച്ച വളര്‍ച്ചയും സാധ്യമാക്കും.
ക്രിക്കറ്റ് ലോകകപ്പില്‍ വിരാട് കോഹ്ലി തന്റെ 50-ാം സെഞ്ച്വറി നേടിയപ്പോള്‍ തന്നെ സ്വിഗ്ഗി പ്രത്യേക ഓഫര്‍ ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു. ഡിജിറ്റൽവത്കരണമാണ് കമ്പനിയെ ഇതിന് സാധ്യമാക്കിയത്. അതേസമയം, ഉപയോക്തൃ ഡേറ്റ കൈകാര്യം ചെയ്യുമ്പോള്‍ കമ്പനികള്‍ ജാഗ്രത കാട്ടുകയും വേണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഉപയോക്തൃബന്ധം ദൃഢമാക്കാന്‍ ടെക്‌നോളജി സഹായകം
ഉപയോക്താക്കളുമായുള്ള ബന്ധം സുദൃഢമാക്കാന്‍ ടെക്‌നോളജി ഏറെ സഹായകമാണെന്ന് പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് സാരഥി ജോണ്‍ കെ. പോള്‍ പറഞ്ഞു. പ്രതിമാസം ശരാശരി 5,000 വാഹനങ്ങളാണ് പോപ്പുലര്‍ വിറ്റഴിക്കുന്നത്. ഇതിന്റെ പലമടങ്ങ് വാഹനങ്ങളുടെ സര്‍വീസുകളും കമ്പനി ഓരോ മാസവും കൈകാര്യം ചെയ്യുന്നത്.
ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റിലൂടെ പുതിയ വാഹനത്തിന്റെ സമ്പൂര്‍ണ വിവരങ്ങളും മനസ്സിലാക്കിയാണ് ഉപയോക്താവ് ഷോറൂമിലെത്തുന്നതെന്നത് ടെക്‌നോളജിയുടെ സ്വാധീനം വ്യക്തമാക്കുന്നു. ഉപയോക്താവുമായി മികച്ച ബന്ധം ഉറപ്പാക്കാന്‍ ടെക്‌നോളജി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസുകളുടെ പരിവര്‍ത്തനത്തിന് സഹായിക്കുന്ന നല്ല ടൂള്‍ ആണ് ടെക്‌നോളജിയെന്നും അത് കൃത്യമായും സമയോചിതമായും ഉപയോഗിക്കാന്‍ ബിസിനസുകള്‍ക്ക് സാധിക്കണമെന്നും മോഡറേറ്റര്‍ ദീപക് അസ്വാനി പറഞ്ഞു. ഇതിനായി വിദഗ്ധരായ ടീമിനെ സജ്ജമാക്കേണ്ടതിനെ കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Next Story
Videos