ചിയേഴ്‌സ്! കൊക്ക-കോള ഇനി മദ്യവിപണിയിലേക്കും; തുടക്കം ഈ സംസ്ഥാനങ്ങളില്‍

പ്രമുഖ ശീതളപാനീയ ബ്രാന്‍ഡായ കൊക്ക-കോള ഇന്ത്യയിലെ മദ്യ വിപണിയിലും ഒരു കൈ നോക്കാനിറങ്ങുന്നു. 'ലെമണ്‍-ഡൂ' (Lemon-Dou) എന്ന റെഡി-ടു-ഡ്രിങ്ക് മദ്യോത്പന്നം പരീക്ഷണമെന്നോണം ഗോവ, മഹാരാഷ്ട്ര വിപണികളിലാണ് ആദ്യം അവതരിപ്പിക്കുക. വോഡ്കയും നാരങ്ങയും ഒത്തുചേര്‍ന്ന ഉത്പന്നത്തിന് സമാനമായ രുചിയുള്ളതാണ് ലെമണ്‍-ഡൂവും.

വില പ്രതീക്ഷ
'ചുഹായി' (Chu-hi) എന്നറിയപ്പെടുന്ന ആല്‍ക്കഹോളിക് കോക്ക്‌ടെയ്ല്‍ ലെമണ്‍-ഡൂ ആദ്യമായി അവതരിപ്പിച്ചത് ജപ്പാനിലാണ്. 2018ലാണ് കൊക്ക-കോള ഇത് ജാപ്പനീസ് വിപണിയില്‍ പുറത്തിറക്കിയത്.
250 മില്ലി ലിറ്ററിന്റെ അലുമിനിയം ബോട്ടില്‍ കാനാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. 250 രൂപ വിലയും പ്രതീക്ഷിക്കുന്നു. ജപ്പാനും ഇന്ത്യക്കും പുറമേ ചൈന, ഫിലിപ്പൈന്‍സ് തുടങ്ങി ഏതാനും രാജ്യങ്ങളിലും ലെമണ്‍-
ഡൂ
കൊക്ക-കോള വിറ്റഴിക്കുന്നുണ്ട്.
ലക്ഷ്യം വൈവിധ്യവത്കരണം
ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെ വിപണിവിപുലീകരണമാണ് ആല്‍ക്കഹോള്‍ പ്രോഡക്റ്റായ ലെമണ്‍-ഡൂ അവതരിപ്പിക്കുന്നതിലൂടെ കൊക്ക-കോള ഉന്നമിടുന്നത്.
നിലവില്‍ കോക്കിന് (Coke) പുറമേ സ്‌പ്രൈറ്റ്, തംസ് അപ്പ്, ഫാന്റ, ലിംക, മാസാ, കിന്‍ലി വാട്ടര്‍, ഓണസ്റ്റ് ടീ, കോഫീ ബ്രാന്‍ഡുകളായ ജ്യോര്‍ജിയ. കോസ്റ്റ കോഫീ തുടങ്ങിയവ കൊക്ക-കോളയ്ക്കുണ്ട്.
ഇനി വോഡ്കയും
ആഗോള സ്പിരിറ്റ് നിര്‍മ്മാതാക്കളായ പെര്‍നോഡ് റികാര്‍ഡുമായി കഴിഞ്ഞ ഒക്ടോബറില്‍ കൊക്ക-കോള കൈകോര്‍ത്തിരുന്നു. അബ്‌സൊല്യുട്ട് വോഡ്കയും സ്‌പ്രൈറ്റും വിപണിയിലിറക്കാനാണിത്. 2024ഓടെയാകും അബ്‌സൊല്യുട്ട് ആന്‍ഡ് സ്‌പ്രൈറ്റ് ബ്രാന്‍ഡില്‍ ഈ റെഡി-ടു-ഡ്രിങ്ക് പ്രീ-മിക്‌സ്ഡ് കോക്ക്‌ടെയ്ല്‍ ഉപഭോക്താക്കളിലേക്ക് എത്തുക. പെര്‍നോഡിന്റെ പ്രീമിയം വോഡ്കയും കൊക്ക-കോളയുടെ ലെമണ്‍-ലൈം ശീതളപാനീയങ്ങളായ സ്‌പ്രൈറ്റ്, സ്‌പ്രൈറ്റ് സീറോ ഷുഗര്‍ എന്നിവയും ചേരുന്ന ഉത്പന്നങ്ങളാകും ഇവ. ജര്‍മ്മനി, യു.കെ., സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ വിപണികളിലാകും ഇവ ആദ്യമെത്തുകയെന്നും സൂചനയുണ്ട്.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ദോഷകരം)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it