Begin typing your search above and press return to search.
പാചക വാതക, വിമാന ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍; പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍
ഹോട്ടലുകള്‍ക്കും വ്യാവസായിക ആവശ്യത്തിന് എല്‍.പി.ജി ഉപയോഗിക്കുന്നവര്‍ക്കും തിരിച്ചടിയുമായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില കൂട്ടി. ഇന്ന് പ്രാബല്യത്തില്‍ വന്നവിധം 25.50 രൂപയാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറിന്റെ വില 1,806.50 രൂപയായി. കോഴിക്കോട്ട് 1,839 രൂപയും തിരുവനന്തപുരത്ത് 1,827.50 രൂപയുമാണ് പുതുക്കിയ വില. കഴിഞ്ഞമാസവും എണ്ണക്കമ്പനികള്‍ വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 14 രൂപ കൂട്ടിയിരുന്നു.
ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല
അതേസമയം, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില പരിഷ്‌കരിക്കാന്‍ എണ്ണക്കമ്പനികള്‍ മുതിരാതിരുന്നത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. എറണാകുളത്ത് വില 910 രൂപയില്‍ തുടരുന്നു. കോഴിക്കോട്ട് 911.5 രൂപയും തിരുവനന്തപുരത്ത് 912 രൂപയുമാണ് വില.
വിമാന ഇന്ധനവിലയും മേലോട്ട്
വിമാന ഇന്ധനവിലയും ഇന്ന് കിലോലിറ്ററിന് ഏകദേശം 620 രൂപയോളം എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ആഭ്യന്തര കമ്പനികള്‍ക്കുള്ള വില ഡല്‍ഹിയില്‍ ഇതോടെ കിലോലിറ്ററിന് 1.01 ലക്ഷം രൂപയായി. മുംബൈയില്‍ വില 94,809 രൂപ. വിദേശ യാത്രകള്‍ നടത്തുന്നവയ്ക്കുള്ള എ.ടി.എഫ് വിലയിലും ആനുപാതിക വര്‍ധനയുണ്ട്.
വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 30-40 ശതമാനം എ.ടി.എഫ് വാങ്ങാനാണെന്നിരിക്കേ, വില വര്‍ധന ടിക്കറ്റ് നിരക്ക് കൂടാനും കളമൊരുക്കിയേക്കും.
Next Story
Videos