വരുമാനം ഇരട്ടിയോളം വര്‍ധിച്ചു, ഒന്നാം പാദത്തില്‍ മുന്നേറ്റവുമായി ഡി-മാര്‍ട്ട്

റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ടിന്റെ ഉടമസ്ഥരായ അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ലിമിറ്റഡിന്റെ (Avenue Supermarts Ltd) വരുമാനത്തില്‍ വന്‍ വര്‍ധന. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ ഏകീകൃത വരുമാനം ഇരട്ടിയോളം വര്‍ധിച്ച് 9,806.89 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 5,031.75 കോടി രൂപയായിരുന്നു. അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ബിഎസ്ഇയെ റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2020-21 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ ഏകീകൃത വരുമാനം 3,833.23 കോടി രൂപയായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 5,780.53 കോടി രൂപയായിരുന്നു.
രാധാകിഷന്‍ ദമാനിയും കുടുംബവും പ്രമോട്ട് ചെയ്യുന്ന ഡി-മാര്‍ട്ടിന് (D Mart) മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, ഛത്തീസ്ഗഡ്, എന്‍സിആര്‍, തമിഴ്നാട്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്ന വിപണികളിലുടനീളം റീട്ടെയില്‍ ശൃംഖലകളുണ്ട്. 2022 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഡി-മാര്‍ട്ടിന് കീഴിലുള്ള സ്റ്റോറുകളുടെ എണ്ണം 294 ആണ്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it