''ശ്രമിക്കുന്നത് വില കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍'' ഗ്യാസ് വില കുതിക്കുമ്പോള്‍ ഹോട്ടല്‍, ബേക്കറി മേഖലയിലുള്ളവര്‍ പറയുന്നതിങ്ങനെ

''കോവിഡ് മഹാമാരിയില്‍നിന്ന് കരകയറി വരുന്നതിനിടെയാണ് ഗ്യാസിന്റെയും പാം ഓയ്‌ലിന്റെയും വില കുത്തനെ ഉയരുന്നത്. പരമാവധി വിലവര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാണ് ശ്രമിക്കുന്നത്. കാരണം, കച്ചവടം താരതമ്യേന കുറഞ്ഞ ഈ സമയത്ത് ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ അത് വില്‍പ്പനയെയും സാരമായി ബാധിക്കും. ഈയൊരു വില വര്‍ധനവില്‍ പിടിച്ചുനില്‍ക്കണം'' - വാണിജ്യ പാചക വാതക വില വര്‍ധനവിനെ എങ്ങനെ അഭിമൂഖീകരിക്കുമെന്ന് ചോദിച്ചപ്പോള്‍ ഗുരുവായൂരിലെ ഹോട്ടല്‍ ഉടമയും ആള്‍ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ സി ബിജുലാല്‍ പറഞ്ഞതിങ്ങനെയാണ്. വില വര്‍ധനവ് സാരമായി ബാധിക്കുമെങ്കിലും എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനാണ് ഹോട്ടല്‍ മേഖലയിലുള്ളവരുടെ ശ്രമം. കഴിഞ്ഞദിവസമാണ് രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വില 106 രൂപ വര്‍ധിപ്പിച്ചത്. ഇന്ന് 2009 രൂപയാണ് കൊച്ചിയില്‍ ഒരു സിലിണ്ടര്‍ പാചക വാതകത്തിന്റെ വില.

ഒരു ശരാശരി ഹോട്ടലുടമയെ സംബന്ധിച്ചിടത്തോളം കനത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ബിജുലാല്‍ ധനത്തോട് പറഞ്ഞു. വാണിജ്യ പാചക വാതകത്തിന് പുറമെ പാം ഓയ്ല്‍ അടക്കമുള്ള സാധനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 15 കിലോഗ്രാം വരുന്ന പാം ഓയ്‌ലിന്റെ ഒരു കാനിന്റെ വില 400 രൂപയിലധികമാണ് കഴിഞ്ഞദിവസം വര്‍ധിപ്പിച്ചത്. ഒരു ശരാശരി ഹോട്ടല്‍ ഉടമയുടെ പ്രതിദിന ചെലവ് 3000 രൂപയിലധികം വര്‍ധിച്ചതായും ബിജുലാല്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഭൂരിഭാഗം ഹോട്ടല്‍ ഉടമകളും പാചകത്തിന് ഉപയോഗിക്കുന്നത് പാചക വാതകത്തെയാണ്.

അതേസമയം, ഈയൊരു പ്രതിസന്ധിയില്‍ ലാഭം കുറഞ്ഞാലും പിടിച്ചുനില്‍ക്കാനുള്ള വഴികള്‍ ഹോട്ടലുടമകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വാണിജ്യ പാചക വാതകത്തിന്റെയും സാധനങ്ങളുടെയും വിലവര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കാത്ത രീതിയില്‍ മെനുവിലെ എണ്ണം കുറച്ച്, ലഭ്യമാക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പാചകത്തിന് സമയക്രമം പാലിക്കുക, ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നീ മാര്‍ഗങ്ങളിലൂടെ ചെലവ് കുറയ്ക്കാമെന്നും ഹോട്ടല്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നു.

ബേക്കറി മേഖലയിലും തിരിച്ചടി

രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വില കുത്തനെ ഉയര്‍ത്തിയപ്പോള്‍ സാരമായി ബാധിച്ച മറ്റൊരു മേഖലയാണ് ബേക്കറി ഉല്‍പ്പന്ന നിര്‍മാണം. ചെലവിന്റെ 15 ശതമാനം പാചകത്തിന് വേണ്ടി ചെലവഴിക്കുന്ന ബേക്കറി ഉല്‍പ്പന്ന നിര്‍മാണ മേഖല ഈ വില വര്‍ധനവിനെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണുള്ളതെന്ന് കണ്ണൂര്‍ ജില്ലയിലെ എംപികെ ഫുഡ്‌സ് ഉടമ തസ്ലിം പറയുന്നു. പാചക വാതകത്തിന് പുറമെ പാം ഓയ്‌ലിന്റെ വില വര്‍ധനവാണ് ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്. പ്രതിദിനം നൂറ് കണക്കിന് ലിറ്റര്‍ പാം ഓയ്‌ലാണ് ബേക്കറില്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. ഇത് ചെലവില്‍ ഭീമമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഒറ്റയടിക്ക് ബേക്കറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും കഴിയാത്ത സ്ഥിതിയാണ് - തസ്ലിം ധനത്തോട് പറഞ്ഞു.

നേരത്തെ, അസംസ്‌കൃത വസ്തുക്കളുടെയും വാണിജ്യ വാതകത്തിന്റെയും വില വര്‍ധിപ്പിച്ചപ്പോള്‍ തൂക്കം കുറച്ച പാക്കറ്റുകള്‍ വിപണിയില്‍ ലഭ്യമാക്കിയായിരുന്നു പ്രതിസന്ധിയെ മറികടന്നിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ തൂക്കം കുറച്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ പരിമിതികളുണ്ടെന്നും ഇത് പായ്ക്കിംഗ് അടക്കമുള്ള ചെലവുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതായും തസ്ലിം വ്യക്തമാക്കി. നിലവില്‍, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന് മുമ്പ് ഇറക്കുമതി ചെയ്ത പാം ഓയ്‌ലാണ് മാര്‍ക്കറ്റുകളില്‍ ലഭ്യമായിട്ടുള്ളത്. ഇനിയും അസംസ്‌കൃത വസ്തുക്കളുടെയും പാചക വാതകത്തിന്റെയും വില കുത്തനെ ഉയരുകയാണെങ്കില്‍ ബേക്കറി മേഖലയിലുള്ളവര്‍ വില വര്‍ധനവിന് നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it