Begin typing your search above and press return to search.
ഉപയോക്താവ് ആഗ്രഹിക്കുന്നത് എന്താണെന്ന് സംരംഭകര്‍ തിരിച്ചറിയണം: വിപണി വിദഗ്ധര്‍
ഉപയോക്താക്കള്‍ നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നതെന്തെന്ന് തിരിച്ചറിയാന്‍ ഓരോ സംരംഭകനും കഴിയണമെന്ന് ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലെ പാനല്‍ ചര്‍ച്ചയില്‍ വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'ന്യൂ റൂള്‍സ് ഓഫ് റീറ്റെയ്ല്‍ ബ്രാന്‍ഡിംഗ്' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി, റോബി അക്‌സ്യാട്ട മുന്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പ്രദീപ് ശ്രീവാസ്തവ, ഹൈലൈറ്റ് ബില്‍ഡേഴ്‌സ് സി.ഇ.ഒ മുഹമ്മദ് ഫസീം എന്നിവര്‍ സംബന്ധിച്ചു. ആദിത്യ ബിര്‍ള ഗ്രൂപ്പ് ന്യൂ ബിസിനസ് വെഞ്ച്വേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ് ബി മോഡറേറ്ററായിരുന്നു.
വിപണിയില്‍ നിങ്ങള്‍ ഏത് വിധത്തിലാണ് ഉപയോക്താക്കള്‍ക്കിടയില്‍ അറിയപ്പെടുന്നതെന്ന് സംരംഭകര്‍ തിരിച്ചറിയേണ്ടത് നിര്‍ണായകമാണെന്ന് പ്രദീപ് ശ്രീവാസ്തവ പറഞ്ഞു. ഇത് വളര്‍ച്ചയ്ക്കും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മാറ്റങ്ങള്‍ വരുത്താനുമൊക്കെ നിങ്ങളെ സഹായിക്കും. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബിസിനസ് വേണോ അതോ രണ്ടും ചേര്‍ന്നുള്ള ഹൈബ്രിഡ് ബിസിനസ് വേണോ തുടങ്ങിയ കാര്യങ്ങളിലേക്ക് ചുവടുവയ്ക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിസിനസില്‍ ഓരോ നിമിഷവും പരിവര്‍ത്തനം സംഭവിക്കുന്നു. 5 കൊല്ലം കഴിഞ്ഞ മാറ്റം വരുത്താമെന്നും മറ്റും വിചാരിച്ച് മാറിനിന്നാല്‍ പരാജയപ്പെട്ടേക്കാം. മാറ്റങ്ങള്‍ക്കായി ഇപ്പോഴേ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വി-ഗാര്‍ഡിന്റെ ഏകദേശം മൂന്ന് പതിറ്റാണ്ടോളമായി നിലനിന്ന ലോഗോയ്ക്കാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറ്റം വരുത്തിയതെന്നും ഇത് കമ്പനിക്ക് വലിയ നേട്ടമാണ് സമ്മാനിച്ചതെന്നും മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. റീബ്രാന്‍ഡിംഗിന്റെ ഭാഗമായി പുത്തന്‍ ലോഗോ കൊണ്ടുവന്നതിന്റെ ചുവടുപിടിച്ച് കൂടുതല്‍ മികവുകളോടെ പുത്തന്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. ഇത് ദക്ഷിണേന്ത്യക്ക് പുറത്ത് മികച്ച വിപണി കണ്ടെത്താന്‍ സഹായിച്ചു. സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസ് എന്ന കിച്ചന്‍ അപ്ലയന്‍സസ് കമ്പനിയെയും ഇതിനിടെ ഏറ്റെടുത്തുവെന്നും അദ്ദേഹം ചൂട്ടിക്കാട്ടി.
ബിസിനസില്‍ മാറ്റംകൊണ്ടുവരുമ്പോള്‍ അതുപക്ഷേ, ഉപയോക്താവുമായി കണക്റ്റ് ചെയ്യുന്നതാവണമെന്ന് മുഹമ്മദ് ഫസീം പറഞ്ഞു. ഉദാഹരണത്തിന് ഷോപ്പിംഗ് മാളുകളുടെ കാര്യമെടുത്താല്‍ പാര്‍ക്കിംഗ് മുതല്‍ സ്റ്റോറുകള്‍ വരെയുള്ള ഇന്റീരിയര്‍ ഡിസൈനിംഗും നടത്തിപ്പും മറ്റും ഉപയോക്താക്കള്‍ക്ക് ആകര്‍ഷണീയമായിരിക്കണം. മാളുകളിലെ അന്തരീക്ഷം ഉപയോക്താക്കളുടെ 5 ഇന്ദ്രിയങ്ങളെയും ഉണര്‍ത്തുന്നവയാകണം.
ആളുകള്‍ ഷോപ്പിംഗിനായി മാത്രമല്ല മാളുകളിലേക്ക് എത്തുന്നത്. ഡൈനിംഗും എന്റര്‍ടെയ്ന്‍മെന്റും ഏറെ പ്രധാനമാണ്. ഇത്തരം മാറ്റങ്ങള്‍ ഈ രംഗത്തെ ബിസിനസുകളുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സെഷനുകളിലായി റീറ്റെയ്ല്‍, ഫ്രാഞ്ചൈസിംഗ് മേഖലയില്‍ നിന്ന് നിരവധി വിദഗ്ധരാണ് ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2023ല്‍ സംസാരിച്ചത്. സംരംഭകരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ച ചെയ്ത വിഷയങ്ങള്‍കൊണ്ടും വേറിട്ടു നില്‍ക്കുന്നതായിരുന്നു സമിറ്റ്. അവാര്‍ഡ് നിശയോടെയാണ് സമിറ്റിന് സമാപനമാകുക.
Next Story
Videos