കൊച്ചിക്കാരന്‍ വാങ്ങുന്നത് 1.42 കോടി രൂപയുടെ വാച്ച്, രണ്ടുകോടി വരെ വിലയുള്ള വാച്ചുകള്‍ ഇനി കേരളത്തിലും

ലോകോത്തര ബ്രാന്‍ഡുകളുടെ ആഡംബര മോഡലുകള്‍ വാങ്ങാന്‍ ഇനി ദുബായിലോ ബംഗളൂരുവിലോ പോകണമെന്നില്ല. ഒരു ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ വിലയുള്ള വാച്ചുകള്‍ ഇനി കൊച്ചിയിലും ലഭിക്കും. രാജ്യത്തെ പ്രമുഖ ആഡംബര വാച്ച് റീട്ടെയ്ല്‍ ഡീലറായ ഇത്തോസിന്റെ ഇടപ്പള്ളിയിലെ പുതിയ ബുട്ടീക്കില്‍ അത്യപൂര്‍വ വാച്ചുകളടക്കമുള്ള ഗംഭീര കളക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 43 ബ്രാന്‍ഡുകളുടെ വാച്ചുകളാണ് ഇവിടെയുള്ളത്. ഇതില്‍ 37 ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വിതരണക്കാർ ഇത്തോസ് മാത്രമാണ്.

1.42 കോടിയുടെ വാച്ച്


അടുത്തിടെ കൊച്ചിയിലെ ഒരു ഉപയോക്താവിനായി കൊണ്ടുവന്നത് 1.42 കോടി രൂപ വിലയുള്ള ആഡംബര വാച്ചാണ്. സ്വിസ് ബ്രാന്‍ഡായ ജേക്കബ് ആന്‍ഡ് കോയുടെ എപിക് എസ്എഫ്24 റേസിംഗ് സീരീസിലെ റോസ് ഗോള്‍ഡ് ബ്ലാക്ക് ഡയല്‍ വാച്ച് ഇത്തോസാണ് എത്തിച്ചത്. ധാരാളം യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ച് പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്‍ അനലോഗ് വാച്ചാണിത്. വിമാനത്താവളങ്ങളിലെ ബോര്‍ഡുകളില്‍ ടൈം സോണും സമയവും എഴുതിക്കാണിക്കുന്ന മാതൃകയില്‍ 'സ്പ്ലിറ്റ് ഫ്‌ളാപ്പ്' ഡിജിറ്റല്‍ വേള്‍ഡ് ക്ലോക്കും നല്‍കിയിട്ടുണ്ട്. 18 ക്യാരറ്റ് റോസ് ഗോള്‍ഡിലാണ് നിര്‍മാണം. റോസ് ഗോള്‍ഡ് ബ്ലൂ ഡയല്‍, റോസ് ഗോള്‍ഡ് ബ്ലാക്ക് ഡയല്‍, ടൈറ്റാനിയം, ടൈറ്റാനിയം റെഡ്, ബ്ലാക്ക് എന്നീ അഞ്ച് പതിപ്പുകളാണ് വാച്ചിനുള്ളത്.

ഇത്തോസ് സമ്മിറ്റ്

രണ്ട് നിലകളിലായി വമ്പന്‍ ബുട്ടീക്കാണ് ഇടപ്പള്ളിയില്‍ ഇത്തോസ് ഒരുക്കിയിരിക്കുന്നത്. ജേക്കബ് ആന്‍ഡ് കോ, ബെല്‍ ആന്‍ഡ് റോസ്, അര്‍ണോള്‍ഡ് ആന്‍ഡ് സണ്‍, ബോവെറ്റ്, ഹുബ്ലോ, മസരാറ്റി തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുടെ വാച്ചുകള്‍ ഇവിടെ ലഭിക്കും. ഇന്ത്യയിലെ ഇത്തോസിന്റെ 64ാമത്തെ സ്‌റ്റോറാണിത്. വിദഗ്ധരായ വാച്ച് ടെക്‌നീഷ്യന്‍മാരുടെ സേവനവും ഇവിടെ ലഭിക്കും.

ഇത്തോസ് ലിമിറ്റഡ്

8,100 കോടി രൂപ വിപണിമൂല്യമുള്ള എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ഇത്തോസ് ലിമിറ്റഡ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 999 കോടി രൂപയായിരുന്നു വരുമാനം. 83 കോടി രൂപ ലാഭം. നിക്ഷേപകര്‍ക്ക് ഒരു വര്‍ഷത്തിനിടെ 135 ശതമാനവും ആറുമാസത്തില്‍ 34 ശതമാനവും റിട്ടേണ്‍ നല്‍കാനും കമ്പനിക്ക് കഴിഞ്ഞിരുന്നു.

കേരളത്തിലെ ആഡംബര വാച്ച് വിപണി

ആഡംബര വാച്ച് കളക്ടര്‍മാര്‍ നിരവധിയുള്ള സംസ്ഥാനമാണ് കേരളം. ചലച്ചിത്ര താരങ്ങളും വ്യവസായികളും രാഷ്ട്രീയക്കാരുമടക്കമുള്ള വാച്ച് കളക്ടര്‍മാര്‍ നേരത്തെ ദുബായ്, സ്വിറ്റസര്‍ലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായിരുന്നു വാച്ചുകള്‍ വാങ്ങിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷം കൊണ്ട് കേരളത്തിലെ അഡംബര വാച്ച് വിപണി അത്ഭുതപൂര്‍ണമായ വളര്‍ച്ച കൈവരിച്ചു. ഇന്ന് ഏത് ലോകോത്തര ബ്രാന്‍ഡും സംസ്ഥാനത്ത് ലഭിക്കും. ഇത്തോസിന്റെ വരവോടെ സംസ്ഥാനത്തെ ആഡംബര വാച്ച് വിപണി കൂടുതല്‍ സജീവമാവുകയാണ്.
Related Articles
Next Story
Videos
Share it