ഇന്നും കൂപ്പുകുത്തി സ്വര്‍ണം, ജി.എസ്.ടിയടക്കം ഇന്നത്തെ വില ഇങ്ങനെ

റെക്കോഡ് മുന്നേറ്റത്തിന് ഇടവേളയിട്ട് സ്വര്‍ണവില കുത്തനെ താഴുന്നു. കേരളത്തില്‍ ഇന്ന് പവന് 720 രൂപ കുറഞ്ഞ് വില 53,120 രൂപയായി. ഗ്രാമിന് 90 രൂപ ഒറ്റയടിക്ക് കുറഞ്ഞ് വില 6,640 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 80 രൂപ താഴ്ന്ന് 5,520 രൂപയായി. കഴിഞ്ഞദിവസം 100 രൂപയെന്ന നാഴികക്കല്ല് തൊട്ട വെള്ളിവിലയും താഴേക്കിറങ്ങുകയാണ്. ഇന്ന് വില ഗ്രാമിന് ഒരു താഴ്ന്ന് 96 രൂപയായിട്ടുണ്ട്.
വിലക്കുറവിന്റെ കാരണം
ഇക്കഴിഞ്ഞ തിങ്കളാഴ്ച (May 20) കേരളത്തില്‍ പവന്‍വില 55,120 രൂപയെന്ന സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു. ഗ്രാം വില അന്ന് 6,890 രൂപയുമായിരുന്നു. തുടര്‍ന്ന് വില ഇടിവിന്റെ പാതയിലേക്ക് മാറി. കഴിഞ്ഞ 4 ദിവസത്തിനിടെ സംസ്ഥാനത്ത് പവന് 2,000 രൂപയും ഗ്രാമിന് 250 രൂപയുമാണ് കുറഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക ഉടനൊന്നും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് ഡോളറും കടപ്പത്രങ്ങളുടെ ആദായനിരക്കും (Bond Yield) ഉയരുന്നതാണ് സ്വര്‍ണവിലയെ ബാധിക്കുന്നത്.
നിക്ഷേപകര്‍ സ്വര്‍ണനിക്ഷേപങ്ങളില്‍ നിന്ന് പണം ബോണ്ടുകളിലേക്ക് ഒഴുക്കുന്നതാണ് വിലക്കുറവ് സൃഷ്ടിക്കുന്നത്. തിങ്കളാഴ്ച രാജ്യാന്തരവില ഔണ്‍സിന് 2,450 ഡോളറിലെത്തിയിരുന്നത് ഇന്നുള്ളത് 2,333 ഡോളറിലാണ്. ഒരുവേള വില 2,325 ഡോളര്‍ വരെ താഴുകയും ചെയ്തിരുന്നു.

4 ദിവസത്തിനിടെ കുറഞ്ഞത് 2,200 രൂപ

കഴിഞ്ഞ 20ന് മൂന്ന് ശതമാനം ജി.എസ്.ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ ഒരു പവന്‍ ആഭരണത്തിന് മിനിമം വില 59,700 രൂപയായിരുന്നു. ഇന്ന് മിനിമം വില 57,500 രൂപയോളമേയുള്ളൂ. അതായത്, 4 ദിവസത്തിനിടെ കുറഞ്ഞത് 2,200 രൂപ.
പണപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി ഒഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് അടിസ്ഥാന പലിശനിരക്ക് ഉയര്‍ന്നതലത്തില്‍ തന്നെ നിലനിറുത്തുമെന്ന സൂചന അമേരിക്ക നല്‍കുന്നതും സ്വര്‍ണവില ഇടിയുന്നതും. സ്ഥിതിഗതികള്‍ വരുംദിവസങ്ങളില്‍ മാറിയാല്‍ സ്വര്‍ണവില തിരിച്ചുകയറാനും സാധ്യതയുണ്ട്. സമീപദിവസങ്ങളില്‍ രാജ്യാന്തരവില 2,380 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it