യുദ്ധപ്പേടിയില്‍ കത്തിപ്പിടിച്ച് സ്വര്‍ണവില; പവന്‍ പുത്തന്‍ 'മാജിക്‌സംഖ്യ' തകര്‍ത്തു, പണിക്കൂലിയടക്കം ഇന്നൊരു പവന്റെ വില ഇങ്ങനെ

ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും കടുത്ത ആശങ്കയിലാഴ്ത്തി സ്വര്‍ണവില പുത്തന്‍ നാഴികക്കല്ലുകള്‍ തകര്‍ത്ത് കുതിക്കുന്നു. ഇറാന്‍-ഇസ്രായേല്‍ യുദ്ധഭീതിയെ തുടര്‍ന്ന് രാജ്യാന്തര വിലയിലുണ്ടായ കുതിപ്പും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചമൂലം ഇറക്കുമതിച്ചെലവിലുണ്ടായ വര്‍ധനയുമാണ് ഇന്ത്യയില്‍ ആഭ്യന്തരവില കത്തിക്കയറാന്‍ വഴിയൊരുക്കിയത്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവന്‍വില 54,000 എന്ന മാജിക്‌സംഖ്യ ഭേദിച്ച ദിവസവുമാണിന്ന്. ഇന്ന് ഒറ്റയടിക്ക് 720 രൂപ ഉയര്‍ന്ന് 54,360 രൂപയാണ് പവന്‍വില. 90 രൂപ വര്‍ധിച്ച് ഗ്രാം വില 6,795 രൂപയിലുമെത്തി.
കഴിഞ്ഞ 12ന് (April 12) കുറിച്ച ഗ്രാമിന് 6,720 രൂപയും പവന് 53,760 രൂപയും എന്ന റെക്കോഡ് ഇനി പഴങ്കഥ. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് ഇന്ന് 85 രൂപ കുതിച്ച് 5,690 രൂപയിലെത്തി. വെള്ളിയും റെക്കോഡ് ഉയരത്തിലാണുള്ളത്. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പാദസരം, അരഞ്ഞാണം തുടങ്ങിയ വെള്ളി ആഭരണങ്ങളും പൂജാപാത്രങ്ങളും മറ്റും വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളി ഉപയോഗിക്കേണ്ടവര്‍ക്കും തിരിച്ചടിയാണ് ഈ വിലക്കയറ്റം.
ഇന്നൊരു പവന് എന്ത് നല്‍കണം?
54,360 രൂപയാണ് പവന്‍വില. ഈ വില കൊടുത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാവില്ല. ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസും (HUID Fee) കൊടുക്കണം. പുറമേ പണിക്കൂലിയും നല്‍കണം. പണിക്കൂലി ഓരോ ജുവലറിയിലും ഡിസൈനിന് അനുസരിച്ച് വ്യത്യസ്തമാണ്.

♦️ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കൂട്ടിയാല്‍ ഇന്ന് 58,845 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം കിട്ടൂ. അതായത് 4,500 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം. വിവാഹ പാര്‍ട്ടികള്‍ക്കും മറ്റുമാണ് ഈ വിലക്കയറ്റം കൂടുതല്‍ തിരിച്ചടിയാകുന്നത്. 10 പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് 5.90 ലക്ഷം രൂപയെങ്കിലും വേണം. അതായത് 50,000 രൂപ അധികമായി നല്‍കണം.
യുദ്ധത്തിലെ കുതിപ്പ്
ഇന്നലെ ഔണ്‍സിന് 2,358 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് 2,387 ഡോളറിലേക്ക് ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 83.53ലേക്ക് ഇടിഞ്ഞതുമാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.
മദ്ധ്യേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി നേരിടുന്ന തളര്‍ച്ചയാണ് സ്വര്‍ണനിക്ഷേപങ്ങളുടെ സ്വീകാര്യത കൂട്ടുന്നത്. സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപങ്ങള്‍ മാറ്റുകയാണ്. ഇതാണ് വിലക്കയറ്റം സൃഷ്ടിക്കുന്നതും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it