ഇറക്കുമതി തീരുവ കുറയ്ക്കണം, ജിഎസ്ടി വ്യക്തത വരുത്തണം, കേന്ദ്രബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വർണ വ്യവസായ മേഖല

അനധികൃത ഇറക്കുമതി തടയാനും വ്യവസായത്തെ ശക്തിപ്പെടുത്താനും ഉപകരിക്കുന്ന നടപടികള്‍ സ്വീകരിക്കണം

ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാംസ്കാരിക പൈതൃകത്തിലും സ്വർണം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഗ്രാമീണ സമ്പാദ്യത്തിലും കാര്യമായ സംഭാവന നൽകുന്ന മേഖലയാണ് സ്വർണം. ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സ്വര്‍ണ വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന പരിഷ്കാരങ്ങൾ അവതരിപ്പിക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷ പങ്കുവെക്കുന്നത്.
ഇറക്കുമതി തീരുവ കുറയ്ക്കുന്നത് പോലെയുള്ള മത്സരക്ഷമത വർദ്ധിപ്പിക്കുന്ന നയങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്പെക്ട് ഗ്ലോബൽ വെഞ്ചേഴ്‌സിൻ്റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും ഇന്ത്യ ബുള്ളിയൻ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷൻ (ഐ.ബി.ജെ.എ) വൈസ് പ്രസിഡന്റുമായ അക്ഷ കാംബോജ് പറഞ്ഞു. ഈ നടപടി അനധികൃത ഇറക്കുമതി തടയാനും വ്യവസായത്തെ ശക്തിപ്പെടുത്താനും ഉപകരിക്കും.
ഇലക്ട്രോണിക് സ്വർണ്ണ രസീതുകളിൽ (ഇ.ജി.ആർ) വ്യാപാരം നടത്തുന്നതിനുള്ള തടസങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര സർക്കാർ ഇടപെടൽ ആവശ്യമാണെന്നും കാംബോജ് സിഎന്‍ബിസി ടിവി 18 നോട് പറഞ്ഞു. ജിഎസ്ടി പാലിക്കൽ കാര്യക്ഷമമാക്കുകയും ഹാൾമാർക്കിംഗ് മാനദണ്ഡങ്ങൾ വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഈ മാറ്റങ്ങൾ സ്വര്‍ണ വ്യവസായ മേഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും ശക്തിപ്പെടുത്തും.
അതേസമയം, നവംബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയളവ് പരിഷ്കരിച്ചിരുന്നു. 796 ടണ്ണിൽ നിന്ന് 664 ടണ്ണായാണ് ജനുവരി മുതൽ നവംബർ വരെയുള്ള മൊത്തം ഇറക്കുമതി തിരുത്തിയത്. മുൻ കണക്കുകൾ ഊതിപ്പെരുപ്പിച്ചതായി വ്യവസായ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
Related Articles
Next Story
Videos
Share it