സ്വര്‍ണവിലയില്‍ പുതുചരിത്രം! പവന്‍ ആദ്യമായി 49,000 രൂപ ഭേദിച്ചു; വെള്ളിക്കും വിലക്കുതിപ്പ്

കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറിച്ചിട്ടത് പുതുചരിത്രം. സംസ്ഥാനത്ത് ആദ്യമായി പവന്‍വില 49,000 രൂപ ഭേദിച്ചു. ഗ്രാം വില 6,100 എന്ന മാജിക് സംഖ്യയും കടന്നു.
ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപ വര്‍ദ്ധിച്ച് വില 49,440 രൂപയായി. 100 രൂപ കുതിച്ച് 6,180 രൂപയാണ് ഗ്രാം വില. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒറ്റദിവസം സ്വര്‍ണവില ഇത്ര വമ്പന്‍ വര്‍ദ്ധന കുറിക്കുന്നത്.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 90 രൂപ ഉയര്‍ന്ന് വില റെക്കോഡ് ഉയരമായ 5,140 രൂപയായി. വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് വില 81 രൂപയുമായി. ഇതും റെക്കോഡാണ്.
പൊന്നില്‍ തൊട്ടാല്‍ പൊള്ളും!
സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത വിധം ഉയരങ്ങളിലേക്ക് കുതിച്ചുപായുകയാണ് സ്വര്‍ണവില. ഈ മാസം 19ന് കുറിച്ച ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമെന്ന റെക്കോഡാണ് ഇന്ന് പഴങ്കഥയായത്. കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തില്‍ പവന്‍വിലയിലുണ്ടായ കുതിപ്പ് 3,920 രൂപയാണ്. ഗ്രാമിന് ഇക്കാലയളവില്‍ 490 രൂപയും ഉയര്‍ന്നു.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 53,525 രൂപയെങ്കിലും കൊടുക്കേണ്ട സ്ഥിതിയാണ് കേരളത്തിലുള്ളത്. അതായത് 49,440 രൂപയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ ഹോള്‍മാര്‍ക്ക് (HUID) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്തുള്ള തുകയാണ്. ഫലത്തില്‍ 4,100 രൂപയെങ്കിലും അധികമായി കൊടുത്താലേ ഒരു പവന്‍ ആഭരണമെങ്കിലും വാങ്ങാനാകൂ.
അമേരിക്ക വഴി വിലക്കുതിപ്പ്
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രതീക്ഷകള്‍ ശരിവച്ച് അടിസ്ഥാന പലിശനിരക്ക് നിലനിറുത്തിയതാണ് ഇപ്പോള്‍ സ്വര്‍ണക്കുതിപ്പിന് വളമാകുന്നത്. പലിശനിരക്ക് നിലനിറുത്തിയതോടെ ഡോളറിന്റെ ശക്തികുറഞ്ഞു, മൂല്യമിടിഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും (കടപ്പത്ര ആദായനിരക്ക്) താഴേക്കുപോയി.
ഇതോടെ, സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ നിക്ഷേപം വകമാറ്റിയതാണ് വില കുതിക്കാന്‍ വഴിയൊരുക്കിയത്. ഡിമാന്‍ഡ് കൂടിയതോടെ സ്വര്‍ണവില കത്തിക്കയറുകയായിരുന്നു.
രാജ്യാന്തര മുന്നേറ്റം
ഇന്നലെ ഔണ്‍സിന് 2,150 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണവില റെക്കോഡുകള്‍ തകര്‍ത്ത് 2,219 ഡോളര്‍ വരെ മുന്നേറി. ഇപ്പോള്‍ വിലയുള്ളത് 2,203 ഡോളറില്‍.
രാജ്യാന്തരവില വര്‍ദ്ധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരാനാണ് സാദ്ധ്യതയെന്ന് നിരീക്ഷകര്‍ കരുതുന്നു. കേരളത്തിലെ പവന്‍വില 50,000 രൂപ ഭേദിക്കാനുള്ള ദൂരം വിദൂരമല്ല. നിലവില്‍ത്തന്നെ 50,000 രൂപയില്‍ നിന്ന് പവന്‍വില 560 രൂപ മാത്രം അകലെയാണ്. ഇന്നത്തെ കുതിപ്പ് അവര്‍ത്തിച്ചാല്‍ ചരിത്രവിലയായിരിക്കും നാളെ.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it