പൊന്നിന്‍ കുതിപ്പ്! സ്വര്‍ണവില കേരളത്തില്‍ ഇന്ന് എക്കാലത്തെയും ഉയരത്തില്‍

ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷാവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും കടുത്ത ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പുത്തന്‍ ഉയരത്തിലേക്ക് കത്തിക്കയറി. ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് വില 5,945 രൂപയായി. 560 രൂപ ഉയര്‍ന്ന് 47,560 രൂപയാണ് പവന്‍ വില.
രണ്ടും എക്കാലത്തെയും ഉയര്‍ന്ന വിലയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രേഖപ്പെടുത്തിയ റെക്കോഡാണ് പഴങ്കഥയായത്. അന്ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു വില.
വെള്ളിയും 18 കാരറ്റ് സ്വര്‍ണവും
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് പുതിയ ഉയരത്തിലേക്ക് ഇരച്ചുകയറി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 4,935 രൂപയിലാണ് ഇന്ന് കച്ചവടം. ഒരു രൂപ ഉയര്‍ന്ന് വെള്ളിവില 78 രൂപയെന്ന ഉയരത്തിലുമെത്തി.
എന്തുകൊണ്ട് വിലക്കയറ്റം?
ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയില്‍ ഇപ്പോള്‍ പണപ്പെരുപ്പം ആശ്വാസനിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിനെ പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ അടിസ്ഥാന പലിശനിരക്കുകള്‍ താഴ്ത്താന്‍ നിര്‍ബന്ധിതരാക്കിയേക്കും.
ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും താഴുകയാണ്. ഫലത്തില്‍, ഇവയില്‍ നിന്ന് പണം പിന്‍വലിച്ച് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറ്റുകയാണ്. പ്രതിസന്ധികള്‍ അലയടിക്കുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം താത്കാലികമായി മാറ്റുന്നത് നിക്ഷേപകരുടെ രീതികളിലൊന്നാണ്. തത്ഫലമായി, സ്വര്‍ണത്തിന് ഡിമാന്‍ഡേറും, വിലയും കൂടും. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
സ്വര്‍ണവില ഇനി എങ്ങോട്ട്?
കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇപ്പോള്‍ 2,115 ഡോളറിലേക്ക് കുതിച്ചെത്തി. ഇത് കേരളത്തിലെ വിലയെയും സ്വാധീനിക്കുകയായിരുന്നു.
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ രാജ്യാന്തരവില 2,200-2,300 ഡോളര്‍ വരെ ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍നാസര്‍ പറയുന്നു. രാജ്യാന്തരവില കുതിപ്പിനൊപ്പം കേരളത്തിലെ വിലയും ഉയരും. പവന്‍വില 50,000 രൂപ മറികടക്കാനുള്ള ദൂരം വിദൂരമല്ല.
ഇന്ന് പവന് എന്ത് നല്‍കണം?
47,560 രൂപയെന്നത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ്. എന്നാല്‍, ഈ വില കൊടുത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം കിട്ടില്ല.
ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് (HUID Fee), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേരുന്നതാണ് ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില.
നിലവിലെ കണക്കുപ്രകാരം 51,500 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. 6,440 രൂപ കൊടുത്താല്‍ മാത്രമേ ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങിക്കാനാകൂ.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it