Begin typing your search above and press return to search.
'മാജിക്‌സംഖ്യ' ഭേദിച്ച് സ്വര്‍ണവില; പണിക്കൂലിയടക്കം ഇന്ന് വില ഇങ്ങനെ, വെള്ളിയും പൊള്ളുന്നു
കേരളത്തില്‍ സ്വര്‍ണവില പവന് ചരിത്രത്തില്‍ ആദ്യമായി 55,000 രൂപ എന്ന 'മാജിക്‌സംഖ്യ' കടന്ന് പുത്തന്‍ റെക്കോഡിട്ടു. ഇന്ന് 400 രൂപ വര്‍ധിച്ച് വില 55,120 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് വില 6,890 രൂപയിലെത്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണവില റെക്കോഡ് തൂത്തെറിഞ്ഞ് മുന്നേറുകയാണ്. കഴിഞ്ഞ മാര്‍ച്ച് 29നാണ് വില പവന് ആദ്യമായി 50,000 രൂപ കടന്നത്. പിന്നീട് വെറും രണ്ടുമാസമേ വേണ്ടിവന്നുള്ളൂ വില 55,000 രൂപ കടക്കാൻ. ഇക്കഴിഞ്ഞ 18ന് (May 18) കുറിച്ച ഗ്രാമിന് 6,840 രൂപയും പവന് 54,720 പയും എന്ന റെക്കോഡ് ഇന്ന് പഴങ്കഥയായി.
18 കാരറ്റും വെള്ളിയും
ലൈറ്റ്‌വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും പ്രയോജനപ്പെടുത്തുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് പുത്തനുയരമായ 5,740 രൂപയിലെത്തി. വെള്ളിവിലയും കത്തിക്കയറുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 97 രൂപയെന്ന റെക്കോഡിലാണുള്ളത്.
ഇറക്കുമതി ചെയ്യുന്ന വെള്ളിക്ക് വില കിലോഗ്രാമിന് ആദ്യമായി കഴിഞ്ഞയാഴ്ച ഒരുലക്ഷം രൂപ കടന്നിരുന്നു. പാദസരം, അരഞ്ഞാണം, വള, പൂജാപാത്രങ്ങള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് വെള്ളിവില വര്‍ധന തിരിച്ചടിയാണ്.
രാജ്യാന്തരവിലയും കത്തുന്നു
ഇന്ത്യയിലെ വിലയെ സ്വാധീനിക്കുന്ന രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,444.55 ഡോളറെന്ന പുത്തന്‍ റെക്കോഡില്‍ തൊട്ടു. റഷ്യ-യുക്രെയ്ന്‍, ഗാസ വിഷയത്തില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങൾ വീണ്ടും കനക്കുന്നതും ചൈനയിലും ഇന്ത്യയിലും ഡിമാന്‍ഡ് കൂടുന്നതും പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളതലത്തില്‍ പ്രിയമേറുന്നതുമാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കുന്നത്.
നിലവില്‍ 2,438.57 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇറാനിയന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തില്‍ മധ്യേഷ്യ വീണ്ടും ചര്‍ച്ചയാവുന്നതും സ്വര്‍ണത്തിന് കരുത്താവുകയാണ്.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് 2024ല്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളും സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നു. പലിശനിരക്ക് കുറയുന്നത് ഡോളറിനും കടപ്പത്രങ്ങള്‍ക്കും തിരിച്ചടിയാണ്. അതോടെ സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് താത്പര്യമേറുമെന്നതാണ് വില കൂടാനിടയാക്കുക.
ഇന്നൊരു പവന് വേണം മിനിമം ഈ തുക
55,120 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണക്കൂലി എന്നിവ ചേരുമ്പോള്‍ 59,700 രൂപയെങ്കിലും കൊടുത്താലേ ഇന്നൊരു പവന്‍ ആഭരണം വാങ്ങാനാകൂ.
മിക്ക ജുവലറികളിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി പണിക്കൂലി വ്യത്യസ്തമാണ്. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്ക് പണിക്കൂലി 20 ശതമാനത്തിലധികവും വരാം. പണിക്കൂലി 20 ശതമാനം കൂട്ടിയാല്‍ 69,000 രൂപയെങ്കിലും ഇന്നൊരു പവന് കൊടുക്കണം.
Next Story
Videos