Begin typing your search above and press return to search.
കനിവില്ലാതെ കനകം! ഇന്നും നിര്‍ദ്ദയം കത്തിക്കയറി വില; പവന് ഒറ്റയടിക്ക് 800 രൂപ കൂടി
കനകം തൊട്ടാല്‍ കൈപൊള്ളും! സാധാരണക്കാരന് തീരെ പ്രാപ്യമില്ലാതാകുംവിധം വില അനുദിനം കുത്തനെ കൂടുകയാണ്. ഇന്ന് കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയും പവന് 800 രൂപയും കത്തിക്കയറി. പവന്‍വില ചരിത്രത്തിലാദ്യമായി 53,000 രൂപയും ഗ്രാം 6,700 രൂപയും എന്ന 'മാജിക്‌സംഖ്യകള്‍' ഭേദിച്ചു.
6,720 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് വില; പവന് 53,760 രൂപയും. ഈ മാസം ഇതുവരെ മാത്രം പവന് 3,080 രൂപയും ഗ്രാമിന് 385 രൂപയുമാണ് കേരളത്തില്‍ കൂടിയത്. വില ശമനമില്ലാതെ കുതിക്കുന്നതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കടകളിലേക്ക് എത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. പലരും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് അഞ്ച് പവന്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നവര്‍ ഇപ്പോള്‍ രണ്ടോ മൂന്നോ പവനിലേക്ക് വാങ്ങല്‍ കുറയ്ക്കുന്ന ട്രെന്‍ഡാണ് നിലവിലുള്ളതെന്നും വ്യാപാരികള്‍ പറയുന്നു.
കുതിപ്പിന്റെ ട്രാക്കില്‍ വെള്ളിയും
സ്വര്‍ണത്തിനൊപ്പം വെള്ളിവിലയും കുതിക്കുകയാണ്. കേരളത്തില്‍ ഗ്രാമിന് ഇന്ന് ഒരു രൂപ ഉയര്‍ന്ന് 90 രൂപയായി. റെക്കോഡ് വിലയാണിത്.
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 90 രൂപ ഒറ്റയടിക്ക് ഉയര്‍ന്ന് പുത്തന്‍ ഉയരമായ 5,620 രൂപയിലെത്തി.
മലക്കംമറിഞ്ഞ രാജ്യാന്തരവില
അമേരിക്കയില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലധികം ഉയരുകയും ഡോളറും ബോണ്ട് യീല്‍ഡും മുന്നേറുകയും ചെയ്തതോടെ ഇന്നലെ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,335 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. ഇതോടെ ഇന്ത്യയിലടക്കം ആഭ്യന്തരവില കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, അമേരിക്കയില്‍ മൊത്തവില (ഹോള്‍സെയില്‍) പണപ്പെരുപ്പം കാര്യമായ വര്‍ധന കുറിക്കാതിരുന്നതോടെ രാജ്യാന്തര സ്വര്‍ണവില വീണ്ടും കുതിപ്പിലായി. വില ഇപ്പോഴുള്ളത് 2,386 ഡോളറിലാണ്. ഇതും ഡോളറിന്റെ മൂല്യം വര്‍ധിച്ചതും ഇന്ന് ഇന്ത്യയിലെ വിലയും കൂടാനിടയാക്കുകയായിരുന്നു.
ഒരു പവന്‍ ആഭരണത്തിന് ഇന്ന് എത്ര രൂപ നല്‍കണം?
53,760 രൂപയാണ് ഇന്ന് കേരളത്തില്‍ ഒരു പവന് വില. ഒരു പവന്‍ കൊണ്ടുള്ള ആഭരണം വാങ്ങുമ്പോള്‍ ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസും നല്‍കണം. പുറമേ പണിക്കൂലിയും വ്യാപാരികള്‍ ഈടാക്കും. മിക്ക ജുവലറികളിലും ഏറ്റവും കുറഞ്ഞത് 5 ശതമാനമായിരിക്കും പണിക്കൂലി. ഇത് ആഭരണത്തിന്റെ ഡിസൈന് അനുസരിച്ച് കൂടുകയും ചെയ്യും.
ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് 58,200 രൂപയെങ്കിലും കൊടുത്താലേ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. ചില ജുവലറികള്‍ പണിക്കൂലിയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകളിലൂടെ വാങ്ങുമ്പോള്‍ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം ലഭിക്കും.
Next Story
Videos