Begin typing your search above and press return to search.
സ്വര്‍ണവിലയില്‍ ഇന്ന് വമ്പന്‍ വര്‍ധന; റെക്കോഡിലേക്ക് ഇനിയുള്ളത് ചെറിയദൂരം മാത്രം!
ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും കടുത്ത ആശങ്കയിലാക്കി സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്. കേരളത്തില്‍ ഇന്ന് ഗ്രാമിന് 85 രൂപ വര്‍ദ്ധിച്ച് വില 5,875 രൂപയായി. 680 രൂപ ഉയര്‍ന്ന് 47,000 രൂപയാണ് പവന്‍ വില. കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും ഉയരത്തിലാണ് സംസ്ഥാനത്ത് സ്വര്‍ണവിലയുള്ളത്.
പുതിയ റെക്കോഡിലേക്ക് ചെറിയ ദൂരം
കഴിഞ്ഞ ഡിസംബര്‍ 28ന് കുറിച്ച ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണവില. ഇതുമറികടന്ന് പുതിയ ഉയരം കുറിക്കാന്‍ ഗ്രാമിന് ഇനി വേണ്ടത് 16 രൂപയുടെ വര്‍ദ്ധന മാത്രം. 121 രൂപ കൂടി വര്‍ദ്ധിച്ചാല്‍ പവന്‍വിലയും പുത്തനുയരത്തിലെത്തും.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,875 രൂപയിലെത്തി. ഏറെക്കാലമായി മാറ്റമില്ലാതിരുന്ന വെള്ളിവിലയും ഇന്ന് കൂടിയിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ദ്ധിച്ച് 77 രൂപയാണ് വില.
എന്തുകൊണ്ട് വിലക്കയറ്റം?
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് വൈകില്ലെന്ന വിലയിരുത്തലാണ് സ്വര്‍ണവിലക്കുതിപ്പിന് വളമാകുന്നത്.
ജൂണില്‍ തന്നെ ഈ വര്‍ഷത്തെ ആദ്യ നിരക്കിളവ് യു.എസ് ഫെഡ് പ്രഖ്യാപിച്ചേക്കും. ഈ വിലയിരുത്തലുകളെ തുടര്‍ന്ന് ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും (കടപ്പത്ര ആദായനിരക്ക്) താഴേക്കുവീണതാണ് സ്വര്‍ണത്തിന് നേട്ടമായത്.
സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ പണം സ്വര്‍ണത്തിലേക്ക് മാറ്റിയതോടെ വില കുതിച്ചു. കഴിഞ്ഞദിവസം ഔണ്‍സിന് 2,035 ഡോളറായിരുന്ന വില ഇന്ന് 2,085 ഡോളറിലെത്തി.
വില ഇനി എങ്ങോട്ട്?
സ്വര്‍ണവില കുതിക്കുമെന്ന് തന്നെയാണ് നിരീക്ഷകരുടെയും വ്യാപാരികളുടെയും വിലയിരുത്തല്‍. രാജ്യാന്തരവില ഔണ്‍സിന് 2,100 ഡോളര്‍ ഭേദിച്ചേക്കാം. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍വില 48,000 രൂപയിലേക്കും വൈകാതെ കുതിച്ചുകയറും.
എത്ര രൂപ കൊടുത്താല്‍ ഒരു പവന്‍ കിട്ടും?
ഇന്ന് കേരളത്തില്‍ പവന് 47,000 രൂപയാണ് വില. ഈ വില കൊടുത്താല്‍ ഒരു പവന്‍ ആഭരണം കിട്ടില്ല. ഈ വിലയ്ക്ക് പുറമേ മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് (HUID) ചാര്‍ജ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും കൂടിച്ചേര്‍ത്ത് കൊടുത്താലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.
അതായത്, ഇന്നത്തെ വിലപ്രകാരം 51,000 രൂപയെങ്കിലും കൊടുത്താല്‍ മാത്രമേ ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കാനാകൂ.
Next Story
Videos