സ്വര്‍ണവിലയെ കാത്തിരിക്കുന്നത് വന്‍ ചാഞ്ചാട്ടം; എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്

റെക്കോഡുകള്‍ തിരുത്തിക്കുറിച്ചുള്ള അനുദിന മുന്നേറ്റത്തിന് താത്കാലിക വിരാമമിട്ടിരിക്കുകയാണ് സ്വര്‍ണവില. കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാംനാളിലും വിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,060 രൂപയും പവന് 48,480 രൂപയുമാണ് വില.
ഈ മാസം 9ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. ഇന്ന് 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 5,030 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. വെള്ളിക്കും ഇന്നലത്തെ വില തന്നെയാണ്; ഗ്രാമിന് 80 രൂപ.
ഉറ്റുനോട്ടം അമേരിക്കയിലേക്ക്
ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തികശക്തിയായ അമേരിക്കയുടെ നിലപാടാകും വരുംദിവസങ്ങളില്‍ ഇനി സ്വര്‍ണവിലയുടെ തലവര നിശ്ചയിക്കുകയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയ നിര്‍ണയയോഗം മാര്‍ച്ച് 19, 20 തീയതികളില്‍ നടക്കും. 2023ല്‍ തുടര്‍ച്ചയായി അടിസ്ഥാന പലിശനിരക്ക് കൂട്ടിയ യു.എസ് ഫെഡ് 2024ല്‍ കുറഞ്ഞത് മൂന്നുവട്ടമങ്കിലും പലിശ താഴ്ത്തുമെന്നും ഇതിന് ജൂണില്‍ തുടക്കമിടുമെന്നും വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്തായിരുന്നു ഇത്.
എന്നാല്‍, കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പണപ്പെരുപ്പം ഇപ്പോള്‍ കൂടുകയാണ്. ഫെബ്രുവരിയില്‍ അമേരിക്കയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പം 0.4 ശതമാനം വര്‍ധിച്ച് 3.2 ശതമാനത്തിലെത്തി. ഹോള്‍സെയില്‍ പണപ്പെരുപ്പം 0.3 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 0.6 ശതമാനമായും വളര്‍ന്നു.
സ്വര്‍ണവില ഇനി എങ്ങോട്ട്?
അടിസ്ഥാന പലിശനിരക്കുകള്‍ ഉടനൊന്നും കുറയില്ലെന്ന സൂചനകള്‍ ശക്തമായതോടെ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (Bond Yield) ശക്തിപ്പെട്ടിരുന്നു. ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 0.08 ശതമാനം ഉയര്‍ന്ന് 103.45ലും 10-വര്‍ഷ ബോണ്ട് യീല്‍ഡ് 4.318 ശതമാനത്തിലുമെത്തി.
അടുത്തയാഴ്ച നടക്കുന്ന യു.എസ് ഫെഡ് യോഗം പലിശ കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുക്കില്ലെന്ന പ്രതീക്ഷയാണ് ഡോളര്‍-ബോണ്ട് മേഖലയ്ക്കുള്ളത്. കഴിഞ്ഞവാരങ്ങളില്‍ ഡോളറും ബോണ്ട് യീല്‍ഡും താഴ്ന്നതിനാല്‍ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് പണമൊഴുക്കിയിരുന്നു. ഇത് വില കുതിക്കാന്‍ വഴിയൊരുക്കി.
ഇപ്പോള്‍ ഡോളറും ബോണ്ട് യീല്‍ഡും വീണ്ടും ഉയരുന്നതിനാല്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് വീണ്ടും ഡോളറിലേക്കും ബോണ്ടിലേക്കും ഒഴുക്കുകയാണ് നിക്ഷേപകര്‍. പലിശനിരക്കിന്റെ ഭാവി സംബന്ധിച്ച് ഇനിയും വ്യക്തതയില്ലാത്തതിനാലും ഡോളറും ബോണ്ട് യീല്‍ഡും ഉയരുന്നതിനാലും സ്വര്‍ണം വരുംനാളുകളിലും ചാഞ്ചാടുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞദിവസം ഔണ്‍സിന് 2,194 ഡോളര്‍ വരെ ഉയര്‍ന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 2,156 ഡോളറില്‍. ഇന്നലെ 2,151 ഡോളര്‍ വരെ താഴുകയും ചെയ്തിരുന്നു. വില 2,140-2,250 ഡോളര്‍ നിലവാരത്തില്‍ ചാഞ്ചാടുമെന്നാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്. അതായത്, വില വന്‍തോതില്‍ താഴാനും പിന്നീട് പുതിയ റെക്കോഡ് കുറിക്കാനും സാദ്ധ്യതയുണ്ട്. ഇതിന്റെ പ്രതിഫലനം കേരളത്തിന്റെ വിലയിലുമുണ്ടാകും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it