കത്തിപ്പിടിച്ച് സ്വര്‍ണവില പുത്തന്‍ റെക്കോഡില്‍; ഇന്ന് ഒറ്റയടിക്ക് പവന് 1,000 രൂപയ്ക്കടുത്ത് കൂടി, വെള്ളിക്കും വിലക്കുതിപ്പ്

സ്വര്‍ണാഭരണം സാധാരണക്കാരന് കിട്ടാക്കനിയാകുന്നുവെന്ന് വ്യക്തമാക്കി വില റോക്കറ്റിലേറിയെന്നോണം പുതിയ ഉയരങ്ങളിലേക്ക് കത്തിക്കയറുന്നു. ഇന്ന് കേരളത്തില്‍ പവന് ഒറ്റയടിക്ക് 960 രൂപ വര്‍ദ്ധിച്ച് വില സര്‍വകാല റെക്കോഡായ 52,280 രൂപയായി. 120 രൂപ ഉയര്‍ന്ന് 6,535 രൂപയാണ് ഗ്രാം വില.
കേരളത്തില്‍ ഗ്രാമിന് 6,500 രൂപയും പവന് 52,000 രൂപയും ഭേദിക്കുന്നത് ആദ്യമായാണ്. ഇക്കഴിഞ്ഞ നാലിന് (April 04) കുറിച്ച ഗ്രാമിന് 6,460 രൂപയും പവന് 51,680 രൂപയുമെന്ന റെക്കോഡ് ഇനി പഴങ്കഥ. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 110 രൂപ ഒറ്റയടിക്ക് ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ ,470 രൂപയിലെത്തി.
വെള്ളിക്കും വന്‍ കുതിപ്പ്
സ്വര്‍ണത്തിനൊപ്പം വെള്ളിവിലയും പുതിയ ഉയരം കീഴടക്കി കത്തിക്കയറുകയാണ്. സംസ്ഥാനത്ത് ഗ്രാമിന് വില ഇന്ന് രണ്ടുരൂപ ഉയര്‍ന്ന് റെക്കോഡായ 87 രൂപയിലെത്തി.
വെള്ളി വില വര്‍ദ്ധിക്കുന്നത് പാദസരം, അരഞ്ഞാണം, പൂജാപാത്രങ്ങള്‍ തുടങ്ങി വെള്ളികൊണ്ടുള്ള ആഭരണങ്ങളും സാമഗ്രികളും വാങ്ങുന്നവര്‍ക്ക് തിരിച്ചടിയാണ്. മാത്രമല്ല, നിരവധി വ്യാവസായിക ആവശ്യങ്ങള്‍ക്കും വെള്ളി അസംസ്‌കൃത വസ്തുവായി കരുതുന്നവര്‍ക്കും വിലക്കയറ്റം വലിയ പ്രതിസന്ധിയാകും.
എന്തുകൊണ്ട് സ്വര്‍ണവില കുതിക്കുന്നു?
ആഗോള സാമ്പത്തികരംഗത്ത് പ്രതിസന്ധികളുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ 'സുരക്ഷിത നിക്ഷേപം' ആയിക്കരുതുന്നത് സ്വര്‍ണത്തെയാണ്. നിലവില്‍ സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്ന സുപ്രധാന കാരണം ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധത്തില്‍ ഇസ്രായേലിനെതിരെ മദ്ധ്യേഷ്യയിലെ നിര്‍ണായ ശക്തിയായ ഇറാനും ആയുധമെടുത്തുവെന്ന വിലയിരുത്തലുകളാണ്.
ഇത് യുദ്ധം കൂടുതല്‍ മുറുകാനിടയാക്കും. ക്രൂഡോയില്‍ വിലയടക്കം കുതിക്കും. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുമെന്ന ഭീതി ഓഹരി, കടപ്പത്ര വിപണികളില്‍ അലയടിക്കുകയാണ്. ഇതുമൂലം, നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും മറ്റും നിക്ഷേപം പിന്‍വലിച്ച് വന്‍തോതില്‍ സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് ഒഴുക്കുകയാണ്. ഇതാണ് വില കൂടാന്‍ മുഖ്യ കാരണം.
മറ്റൊന്ന്, അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വും ഇന്ത്യയുടെ റിസര്‍വ് ബാങ്കുമെല്ലാം പലിശനിരക്ക് കുറയ്ക്കുന്ന ട്രെന്‍ഡിലേക്ക് വൈകാതെ മാറിയേക്കുമെന്ന വിലയിരുത്തലാണ്. അടിസ്ഥാന പലിശനിരക്ക് കുറയുന്നത് കടപ്പത്രങ്ങളെ ആനാകര്‍ഷകമാക്കും. ഇത് കൂടുതല്‍ നേട്ടമാവുക സ്വര്‍ണത്തിനാണ്.
റോക്കറ്റിലേറി രാജ്യാന്തര വില
രാജ്യാന്തര സ്വര്‍ണവില, രൂപയുടെ മൂല്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയം. രാജ്യാന്തര വില ഇപ്പോള്‍ ഔണ്‍സിന് 41 ഡോളര്‍ കുതിച്ച് പുതിയ റെക്കോഡായ 2,329 ഡോളറിലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോളറിനെതിരെ റെക്കോഡ് താഴ്ചയായ 83.44 എന്ന നിലയിലുമാണ്. രൂപയുടെ മൂല്യം താഴുന്നത് സ്വര്‍ണം ഇറക്കുമതിച്ചെലവ് കൂടാനിടയാക്കും. ഇത് ആഭ്യന്തര സ്വര്‍ണവില വര്‍ദ്ധനയുടെ ആക്കവും കൂട്ടും.
ഒരു പവന് വേണം 57,000 രൂപ!
കഴിഞ്ഞ ഫെബ്രുവരി 15ന് 45,520 രൂപയായിരുന്ന പവന്‍ വിലയാണ് ഒന്നര മാസത്തിനിടെ 6,720 രൂപ ഉയര്‍ന്ന് 52,280 രൂപയിലെത്തിയത്.
52,280 രൂപയെന്നത് സ്വര്‍ണത്തിന്റെ അടിസ്ഥാന വിപണിവിലയാണ്. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് (HUID fee), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേരുമ്പോള്‍ 56,600 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.
ഫെബ്രുവരിയില്‍ 2.35 ലക്ഷം രൂപ കൊടുത്താല്‍ അഞ്ച് പവന്റെ ആഭരണം വാങ്ങാമായിരുന്നു എങ്കില്‍ ഇപ്പോള്‍ 2.83 ലക്ഷം രൂപയെങ്കിലും കൊടുക്കണം. വിവാഹ പാര്‍ട്ടികള്‍ക്കാണ് സ്വര്‍ണത്തിന്റെ വിലക്കുതിപ്പ് വലിയ പ്രതിസന്ധിയാകുന്നത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it