റെക്കോഡ് തൂത്തെറിഞ്ഞ് ഇന്നും സ്വര്‍ണക്കുതിപ്പ്; വെള്ളിക്കും ചരിത്ര മുന്നേറ്റം, പവന്‍ 51,000 ഭേദിച്ചു

സ്വര്‍ണം തൊട്ടാല്‍ പൊള്ളുമെന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശരിവച്ച് വില ഇന്നും റെക്കോഡ് പുതുക്കി കുതിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവന്‍ 51,000 രൂപയും ഗ്രാം വില 6,400 രൂപയും എന്ന നാഴികക്കല്ല് ഭേദിക്കുകയും ചെയ്തു.
ഇന്ന് 600 രൂപ ഉയര്‍ന്ന് 51,280 രൂപയാണ് പവന്‍വില. 75 രൂപ കത്തിക്കയറി ഗ്രാം വില 6,410 രൂപയിലുമെത്തി. ഈ മാസം ഒന്നിന് (April 01) കുറിച്ച ഗ്രാമിന് 6,360 രൂപയും പവന് 50,880 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവിലയും വെള്ളിവിലയും ഇന്ന് പുതിയ ഉയരത്തിലെത്തി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഒറ്റയടിക്ക് 65 രൂപ കുതിച്ച് 5,360 രൂപയായി. ഗ്രാമിന് രണ്ടുരൂപ ഉയര്‍ന്ന് 84 രൂപയിലാണ് വെള്ളി വ്യാപാരം.
പാദസരം, അരഞ്ഞാണം തുടങ്ങിയ വെള്ളി ആഭരണങ്ങള്‍, വെള്ളി പാത്രങ്ങള്‍, വെള്ളികൊണ്ടുള്ള പൂജാസാമഗ്രികള്‍ തുടങ്ങിയവ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് വെള്ളിയുടെയും വില വര്‍ദ്ധന.
റോക്കറ്റിലേറി സ്വര്‍ണക്കുതിപ്പ്
സാധാരണക്കാരന് എത്തിപ്പിടിക്കാനാകാത്ത വിധം കത്തിക്കയറുകയാണ് സ്വര്‍ണവില. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മൂന്നിന് 43,760 രൂപയായിരുന്ന പവന്‍വിലയാണ് ഇപ്പോള്‍ 51,280 രൂപയിലെത്തി നില്‍ക്കുന്നത്. ഒരുവര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 7,520 രൂപ. ഗ്രാമിന് ഇക്കാലയളവില്‍ 940 രൂപയും ഉയര്‍ന്നു. 5,470 രൂപയായിരുന്ന ഗ്രാം വിലയാണ് 6,410 രൂപയിലെത്തിയത്.
പൊന്നിന് എന്ത് നല്‍കണം?
ഇന്ന് 51,280 രൂപയാണ് ഒരു പവന് വില. ഈ വില കൊടുത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം കിട്ടില്ല. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപ ഹോള്‍മാര്‍ക്ക് ഫീസും (HUID) അതിന്റെ 18 ശതമാനം ജി.എസ്.ടിയും പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും നല്‍കണം. അതായത്, ഇന്നത്തെ പവന്‍വില പ്രകാരം ഏറ്റവും കുറഞ്ഞത് 55,550 രൂപയെങ്കിലും കൊടുത്താലെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. അതായത് 4,250 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം.
വിലക്കയറ്റം വിവാഹ പാര്‍ട്ടികള്‍ക്കാണ് വലിയ തിരിച്ചടിയാകുന്നത്. മനസ്സിനിഷ്ടപ്പെട്ട ഡിസൈനുകളുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ ഡിസൈന് ആനുപാതികമായി പണിക്കൂലിയും കൂടുതലായിരിക്കും. 20 ശതമാനം പണിക്കൂലി കൂട്ടിയാല്‍ ഒരു പവന്‍ ആഭരണത്തിന് 63,000 രൂപയെങ്കിലും കൊടുക്കണം. അതായത്, കൈയില്‍ കരുതേണ്ടത് അധികമായി 12,000 രൂപയോളം. അഞ്ചുപവന്റെ ഒരു മാല വാങ്ങാന്‍ ശ്രമിക്കുന്നയാള്‍ അപ്രകാരം 60,000 രൂപയെങ്കിലും അധികമായി ചെലവഴിക്കേണ്ട സ്ഥിതി.
എന്തുകൊണ്ട് വില കുതിക്കുന്നു?
സ്വര്‍ണത്തിന് ഡിമാന്‍ഡേറുന്നത് തന്നെയാണ് വില കൂടാനും കാരണം. ആഗോളതലത്തില്‍ അടിസ്ഥാന പലിശനിരക്കുകള്‍ വൈകാതെ കുറഞ്ഞ് തുടങ്ങിയേക്കുമെന്ന വിലയിരുത്തലുകളാണ് സ്വര്‍ണവിലയെ ഉയര്‍ത്തുന്ന മുഖ്യഘടകം.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്, ബ്രിട്ടന്റെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവ വൈകാതെ പലിശഭാരം താഴ്ത്തുമെന്ന് കരുതപ്പെടുന്നു.
ഇത് ആഗോളതലത്തില്‍ ബോണ്ട് യീല്‍ഡുകള്‍ (കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായനിരക്ക്) കുറയാനും ഇടവരുത്തുകയാണ്. ഇതോടെ ബോണ്ടില്‍ നിന്ന് പിന്മാറി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് വില കൂടാന്‍ കാരണം.
ഇന്ത്യയുടെ റിസര്‍വ് ബാങ്ക്, ചൈനയുടെ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന തുടങ്ങിയ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന 2023ല്‍ മാത്രം വാങ്ങിക്കൂട്ടിയത് 225 ടണ്‍ സ്വര്‍ണമാണ്. ഇന്ത്യയിലും ചൈനയിലും സ്വര്‍ണാഭരണ ഡിമാന്‍ഡ് കൂടിയതും വില കുതിക്കാന്‍ വഴിയൊരുക്കി.
മറ്റൊന്ന്, റഷ്യ-യുക്രെയ്ന്‍, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷമാണ്. യുദ്ധസാഹചര്യങ്ങളില്‍ ഓഹരി-കടപ്പത്ര വിപണികളിലേക്കുള്ള വിദേശ നിക്ഷേപമൊഴുക്ക് മന്ദഗതിയിലാകും. നിക്ഷേപം സുരക്ഷിത ആസ്തിയെന്നോണം നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റും. ഇതും വില വര്‍ധനയുടെ ആക്കം കൂട്ടുകയാണ്.
എങ്ങോട്ടാണ് വിലയുടെ സഞ്ചാരം?
രാജ്യാന്തരവില ഔണ്‍സിന് 6 ഡോളറോളം ഉയര്‍ന്ന് 2,286.04 ഡോളറെന്ന റെക്കോഡിലാണ് ഇപ്പോഴുള്ളത്. വില വൈകാതെ 2,300 ഡോളര്‍ ഭേദിച്ചേക്കും. ഇതിന് ആനുപാതികമായി കേരളത്തിലെ വിലയും ഉയരും. പവന്‍വില 52,000 രൂപ മറികടക്കാനുള്ള സാധ്യത വിദൂരമല്ല.
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുന്നതും തിരിച്ചടിയാണ്. ഡോളറിലാണ് സ്വര്‍ണത്തിന്റെ രാജ്യാന്തര വ്യാപാരം. ഡോളറിന്റെ മൂല്യവും അന്താരാഷ്ട്ര സ്വര്‍ണവിലയും കൂടുമ്പോള്‍ സ്വര്‍ണം ഇറക്കുമതിക്ക് കൂടുതല്‍ തുക ചെലവിടേണ്ടി വരും. ഇത് ആഭ്യന്തര വില കൂടാന്‍ ഇടയാക്കും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it