Begin typing your search above and press return to search.
സ്വര്‍ണവില വീണ്ടും കൂടി; ചലനമില്ലാതെ രാജ്യാന്തര വില, വെള്ളിക്ക് മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് ഗ്രാമിന് പത്തുരൂപ കൂടി 6,585 രൂപയായി. 80 രൂപ ഉയര്‍ന്ന് പവന്‍വില 52,680 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 5,490 രൂപയായി. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 87 രൂപയില്‍ തുടരുന്നു.
രാജ്യാന്തര വിപണിയില്‍ പക്ഷേ, സ്വര്‍ണവില ആലസ്യത്തിലാണുള്ളത്. ഇന്നലെ ഔണ്‍സിന് 2,303 ഡോളറായിരുന്ന വില ഇന്നുള്ളത് 2,302 ഡോളറില്‍.
സ്വര്‍ണവിലയുടെ ഭാവി
അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങളുടെ വളര്‍ച്ചാനിരക്ക് ഏപ്രിലില്‍ പ്രതീക്ഷകള്‍ തെറ്റിച്ച് കുറഞ്ഞിട്ടുണ്ട്. വേതന വളര്‍ച്ചാനിരക്ക് 4 ശതമാനത്തിന് താഴേക്കും ഇടിഞ്ഞു; കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വളര്‍ച്ചാനിരക്കാണിത്.
തൊഴിലില്ലായ്മ നിരക്ക് 3.8ല്‍ നിന്ന് 3.9 ശതമാനമായും കൂടി. കാര്‍ഷികേതര മേഖലയില്‍ 1.75 ലക്ഷം പുതിയ തൊഴിലുകളാണ് കഴിഞ്ഞമാസം അമേരിക്കയില്‍ സൃഷ്ടിക്കപ്പെട്ടത്. 2.4 ലക്ഷം പുതിയ തൊഴിലെങ്കിലും സൃഷ്ടിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷകള്‍. മാര്‍ച്ചില്‍ പുതുതായി ജോലി ലഭിച്ചത് 3.15 ലക്ഷം പേര്‍ക്കായിരുന്നു.
തൊഴിലില്ലായ്മ നിരക്ക് കൂടിയതും വേതന വര്‍ധനയുടെ നിരക്ക് കുറഞ്ഞതും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയത്തെ സ്വാധീനിക്കും.
വേതന വളര്‍ച്ചാനിരക്ക് കുറഞ്ഞത് പണപ്പെരുപ്പം കുറയാന്‍ സഹായിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വ് കണക്കാക്കുന്നത്. പണപ്പെരുപ്പം രണ്ടുശതമാനമെന്ന ലക്ഷ്യത്തിലേക്ക് താഴ്ത്താന്‍ ഇതുവഴിയൊരുക്കമെന്ന് കേന്ദ്രബാങ്ക് കരുതുന്നു. ഇത് പലിശനിരക്ക് താഴ്ത്താനും ബാങ്കിനെ പ്രേരിപ്പിക്കും.
അടിസ്ഥാന പലിശനിരക്ക് കുറയുന്നത് ഡോളറിനും യു.എസ്. കടപ്പത്ര ആദായനിരക്കിനും (ട്രഷറി ബോണ്ട് യീല്‍ഡ്) ക്ഷീണമാകും. യു.എസ്. ഡോളര്‍ ഇന്‍ഡെക്‌സ് 106 നിലവാരത്തില്‍ നിന്ന് 105.08ലേക്ക് താഴ്ന്നിട്ടുണ്ട്. 10-വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡാകട്ടെ 4.6 ശതമാനത്തില്‍ നിന്ന് 4.518 ശതമാനത്തിലേക്കും ഇടിഞ്ഞു.
ബോണ്ടും ഡോളറും ഇടിയുന്നത് സ്വര്‍ണത്തിന് നേട്ടമാകും. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റും. ഇത് വില കൂടാന്‍ സഹായിക്കും. വരുംദിവസങ്ങളില്‍ രാജ്യാന്തര സ്വര്‍ണവിലയും ആനുപാതികമായി കേരളത്തിലെ സ്വര്‍ണവിലയും കൂടിയേക്കാമെന്നാണ് വിലയിരുത്തലുകള്‍.
Next Story
Videos