Begin typing your search above and press return to search.
ഇന്നും ഉയര്‍ന്ന് സ്വര്‍ണവില; വെള്ളിയും മുന്നോട്ട്, രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം
ആഭരണപ്രേമികളെ വീണ്ടും ആശങ്കയിലാക്കി കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവില കൂടി. ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 6,710 രൂപയായി. പവന് 200 രൂപ ഉയര്‍ന്ന് വില 53,680 രൂപയിലെത്തി.
ഇതോടെ മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് സംസ്ഥാനത്ത് കൂടിയത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 20 രൂപ ഉയര്‍ന്ന് 5,570 രൂപയായി. 'സെഞ്ച്വറിയും' കടന്ന് പുതിയ ഉയരത്തിലേക്ക് കുതിക്കുകയാണ് വെള്ളിവിലയും. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 101 രൂപയിലാണ് വ്യാപാരം.
ഈമാസം 20ന് കുറിച്ച ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്നവില.
രാജ്യാന്തര വിപണിയില്‍ ചാഞ്ചാട്ടം
കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,325 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്ന രാജ്യാന്തര സ്വര്‍ണവില ഇപ്പോഴുള്ളത് 2,358 ഡോളറിലാണ്. ഒരുവേള വില 2,360 ഡോളറിലേക്ക് എത്തിയെങ്കിലും പിന്നീട് താഴ്ന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ പണപ്പെരുപ്പം കുറഞ്ഞേക്കുമെന്ന വിലയിരുത്തലും ഇത് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ കേന്ദ്രബാങ്കിനെ പ്രേരിപ്പിച്ചേക്കുമെന്ന പ്രതീക്ഷകളുമാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്.
അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാല്‍ ആനുപാതികമായി ബോണ്ടുകളില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഇത് നിക്ഷേപകരെ സ്വര്‍ണ നിക്ഷേപപദ്ധതികളിലേക്ക് പണമൊഴുക്കാന്‍ പ്രേരിപ്പിക്കും. ഇത് വിലവര്‍ധനയും സൃഷ്ടിക്കും.
ഇന്നൊരു പവന്‍ ആഭരണത്തിന്റെ വില
സ്വര്‍ണാഭരണത്തിന് മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും കൊടുക്കണം. ഇന്നത്തെ നിരക്കുപ്രകാരം മിനിമം 58,110 രൂപ കൊടുത്താലേ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.
Next Story
Videos