സ്വര്‍ണത്തിനും ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ വേണമെന്ന് ആവശ്യം; ക്യാഷ് പര്‍ച്ചേസ് പരിധിയും കൂട്ടണം

ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ അനുവദിക്കണം! വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരണം പടിവാതിലില്‍ എത്തിനില്‍ക്കേ, സ്വര്‍ണാഭരണ വിതരണക്കാര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണിത്.

സ്വര്‍ണം വാങ്ങാനും ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ പ്രയോജനപ്പെടുത്താന്‍ അനുവദിച്ചാല്‍ അത് ഏറ്റവുമധികം ആശ്വാസം പകരുക വിവാഹാവശ്യത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കായിരിക്കും. സ്വര്‍ണം വാങ്ങിയശേഷം പിന്നീട് ഇ.എം.ഐയായി പണമടച്ചാല്‍ മതിയാകുമല്ലോ.
ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സമര്‍പ്പിച്ച നിവേദനത്തിലാണ് ഈ ആവശ്യമുള്ളത്. ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ സൗകര്യം സ്വര്‍ണാഭരണ മേഖലയിലേക്കും വ്യാപിപ്പിച്ചാല്‍ വില്‍പന കൂടാനും അതുവഴി മികച്ച നികുതി വരുമാനം നേടാന്‍ സര്‍ക്കാരിനും വഴിതെളിയുമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു.
നിലവില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രതിമാസ പര്‍ച്ചേസിംഗ് പരിധിക്കുള്ളില്‍ നിന്ന് സ്വര്‍ണാഭരണം വാങ്ങാന്‍ ഉപയോക്താവിന് കഴിയും. പക്ഷേ, ദീര്‍ഘകാല തിരിച്ചടവ് കാലാവധിയോടെ ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് സ്വര്‍ണ വിതരണക്കാരുടെ ആവശ്യം.
കുറയ്ക്കണം നികുതിഭാരം
2022ലാണ് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ (Customs Duty) 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുത്തനെ കൂട്ടിയത്. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 2.5 ശതമാനം കാര്‍ഷിക, അടിസ്ഥാനസൗകര്യ വികസന സെസ് എന്നിവ കൂടിച്ചേര്‍ന്നപ്പോള്‍ മൊത്തം സ്വര്‍ണനികുതി 18 ശതമാനമായി. ഫലത്തില്‍, ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 1,000 രൂപയോളം അധികം നല്‍കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കുള്ളത്.
ഇറക്കുമതി തീരുവ കുറച്ചാല്‍ ആനുപാതികമായി രാജ്യത്ത് സ്വര്‍ണാഭരണങ്ങളുടെ വില കുറയും. ഇത് വില്‍പന മെച്ചപ്പെടാന്‍ സഹായിക്കും. മാത്രമല്ല, രാജ്യത്തെ ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം സ്വര്‍ണക്കടത്തും നികുതിവെട്ടിച്ചുള്ള സമാന്തര വില്‍പനയും വ്യാപകമാണ്. ഓരോ ദിവസവും വിമാനത്താവളങ്ങളിലും മറ്റും പിടിക്കുന്ന കള്ളസ്വര്‍ണത്തിന്റെ കണക്കുകള്‍ നിരവധി. ഇറക്കുമതി തീരുവ കുറച്ചാല്‍ സ്വര്‍ണ കള്ളക്കടത്തിനും തടയിടാനാകുമെന്ന് എ.കെ.ജി.എസ്.എം.എ ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി തീരുവ 4-5 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കണമെന്നാണ് സ്വര്‍ണ വ്യാപാരികളുടെ ആവശ്യം. സ്വര്‍ണ, രത്‌നാഭരണങ്ങളുടെ ജി.എസ്.ടി മൂന്ന് ശതമാനത്തില്‍ നിന്ന് 1.25 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നും ആവശ്യമുണ്ട്.
കൂട്ടണം ക്യാഷ്, പാന്‍ കാര്‍ഡ് പരിധി
നിലവില്‍ പരമാവധി 10,000 രൂപയാണ് സ്വര്‍ണാഭരണം വാങ്ങാനുള്ള ക്യാഷ് പരിധി. തുക 10,000 രൂപ കടന്നാല്‍ ചെക്ക് നല്‍കുകയോ ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുകയോ വേണം. സ്വര്‍ണം ഇന്ത്യക്കാര്‍ക്ക് വെറും ആഭരണം മാത്രമല്ലെന്നും അടിയന്തരാവശ്യങ്ങള്‍ക്ക് അതിവേഗം പണമാക്കി മാറ്റാവുന്ന ഒരു സമ്പാദ്യമായതിനാലും ക്യാഷ് പര്‍ച്ചേസ് പരിധി ഒരുലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്. ഗ്രാമീണമേഖലകളിലും മറ്റുമുള്ളവര്‍ക്ക് ഇത് സഹായകമാകും.
നിലവില്‍ രണ്ടുലക്ഷം രൂപയ്ക്കുമേല്‍ തുക വരുന്ന സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഗ്രാമീണമേഖലകളിലും മറ്റും പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഇപ്പോഴും ഏറെയാണെന്നിരിക്കേ, പാന്‍ കാര്‍ഡ് പരിധി 5 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും ആവശ്യമുണ്ട്.
സ്വര്‍ണം പണമാക്കല്‍ പദ്ധതി ഊര്‍ജിതമാക്കണം
ഇന്ത്യന്‍ കുടുംബങ്ങളുടെ വീടുകളില്‍ 25,000 ടണ്ണോളം സ്വര്‍ണാഭരണങ്ങള്‍ 'ഉറങ്ങിക്കിടപ്പുണ്ട്' എന്നാണ് അനൗദ്യോഗിക കണക്ക്. ഇവ പൊതുവിപണിയിലെത്തിക്കുകയും രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണം പണമാക്കല്‍ പദ്ധതി (Gold Monetisation Scheme/GMS) അവതരിപ്പിച്ചെങ്കിലും ഇതിനകം വെറും 11.1 ടണ്‍ സ്വര്‍ണം മാത്രമാണ് പദ്ധതിയിലേക്ക് എത്തിയത്. ബാങ്കുകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്തും ജി.എം.എസ് നിക്ഷേപങ്ങളില്‍ വായ്പ അനുവദിച്ചും പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നു.
സ്വര്‍ണ വായ്പാപരിധി
എം.എസ്.എം.ഇകള്‍ക്കുള്ള ഈടുരഹിത സ്വര്‍ണവായ്പാ പരിധി നിലവിലെ രണ്ടുകോടി രൂപയില്‍ നിന്ന് 5 കോടി രൂപയായി ഉയര്‍ത്തിയാല്‍ നിരവധി സംരംഭങ്ങള്‍ക്ക് മൂലധന സമാഹരണത്തില്‍ വലിയ ആശ്വാസമാകും.

പഴയ സ്വര്‍ണം ഉരുക്കി പുനരുപയോഗത്തിനായി ആഭരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ തൊഴിലിന് 18 ശതമാനം ജി.എസ്.ടിയുണ്ട്. ഇത് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റുകയാണ്. പഴയത് വിറ്റ് പുതിയവ വാങ്ങാന്‍ ശ്രമിച്ചാല്‍ മൂലധന നേട്ട നികുതിയും ബാധകമാണ്. ഈ ബാധ്യതകള്‍ ഒഴിവാക്കണമെന്നും നിവേദനത്തില്‍ എ.കെ.ജി.എസ്.എം.എ ആവശ്യപ്പെട്ടു.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it